മലയാളികള്‍ ഉപയോഗിക്കുന്ന 45 ഇനം ഫേസ് വാഷുകളില്‍ തലച്ചോറിനെ ബാധിക്കുന്ന രാസവസ്തുവെന്ന് പഠനം
കൊച്ചി: മലയാളികള്‍ ഏറെ ഇഷ്ടപ്പെടുകയും ഉപയോഗിക്കുകയും ചെയ്യുന്ന 45 ഇനം ഫേസ് വാഷുകളില്‍ തലച്ചോര്‍ കോശങ്ങളെയടക്കം ഹാനികരമായി ബാധിക്കുന്ന മൈക്രോപ്ളാസ്റ്റിക്കിന്റെ അംശമുണ്ടെന്ന് കണ്ടെത്തി.
പ്രകൃതി ദത്തമെന്നും പരിസ്ഥിതി സൌഹൃദമെന്നും അറിയപ്പെടുന്ന ജനപ്രിയ ഫേസ് ക്രീം, ഫേസ് വാഷ് ബ്രാന്‍ഡുകളില്‍പോലും ഇവ കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൊച്ചി സര്‍വ്വകലാശാല സ്കൂള്‍ ഓഫ് എന്‍വയണ്‍മെന്റല്‍ സ്റ്റഡീസിലെ ഗവേഷകരാണ് കാന്‍സര്‍, ശ്വാസകോശ പ്രശ്നങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടെ കാരണമാകുന്ന പ്ളാസ്റ്റിക് സൂഷ്മാംശം കണ്ടെത്തിയത്. ഇന്ത്യന്‍ വിപണികളില്‍ സജീവമായ 45 ഇനം ഫേസ് വാഷ്, ഫേസ് സ്ക്രബ്, ഷവര്‍ ജെല്‍, ബോഡി സ്ക്രബ് ബ്രാന്‍ഡുകളിലെ 49.12 ശതമാനത്തിലും മൈക്രോ പ്ളാസ്റ്റിക് ഉണ്ടെന്ന് വ്യക്തമായി.
വിദേശ നിര്‍മ്മിത ബ്രാന്‍ഡുകളും ഇതില്‍ ഉള്‍പ്പെടും. എന്നാല്‍ ഉല്‍പ്പന്നങ്ങളുടെ ലേബലില്‍ രാസ സാന്നിദ്ധ്യം രേഖപ്പെടുത്തിയിട്ടില്ല.
ഇന്ത്യന്‍ കൌണ്‍സില്‍ ഫോര്‍ സോഷ്യല്‍ സയന്‍സ് റിസര്‍ച്ചിന്റെ സാമ്പത്തിക സഹായത്തോടെ കുസാറ്റിലെ അദ്ധ്യാപിക ഡോ. സുജ പി. ദേവപ്രിയയുടെ നേതൃത്വത്തിലായിരുന്നു ഗവേഷണം.
ലോപനങ്ങളിലെ സുതാര്യ, വെള്ള, പച്ച, നീല, മഞ്ഞ, ചുവപ്പ്, പിങ്ക് തരികളില്‍ 1.34 ശതമാനം വരെ മൈക്രോപ്ളാസ്റ്റിക് അടങ്ങിയിട്ടുണ്ട്. 5.04 ശതമാനം മൈക്രോപ്ളാസ്റ്റിക് അടങ്ങിയ ഉല്‍പ്പന്നവും കണ്ടെത്തി.
ലോപനത്തിന്റെ അളവ് കൂട്ടാനും ആകര്‍ഷകത്വം വരുത്തുവാനുമാണ് ഇവ ഉപയോഗിക്കുന്നതത്രെ. അമേരിക്കയിലും, ബ്രിട്ടനിലും മറ്റും ഇവ നിരോധിച്ചിട്ടുണ്ട്.
ഉള്ളടക്കം മറച്ചുവെച്ചും പ്രകൃതിദത്തമെന്നും മറ്റും തെറ്റിദ്ധരിപ്പിച്ച് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് ഇന്ത്യയിലും നിയമവിരുദ്ധമാണെങ്കിലും നിയന്ത്രിക്കാന്‍ നടപടിയുണ്ടാകുന്നില്ല.