ഭക്ഷ്യ അലര്‍ജിയെ സൂക്ഷിക്കണം
ഇന്ന് ഭക്ഷ്യ അലര്‍ജി മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ അനേകരാണ്. ഏതെങ്കിലും ഭക്ഷ്യ പദാര്‍ത്ഥം ഒരാളുടെ ശരീരത്തിലെ പ്രതിരോധ സംവിധാനവുമായി യോജിക്കാതെ വരുമ്പോള്‍ ശരീരത്തില്‍ പ്രകടമാകുന്ന ചില പ്രതിപ്രവര്‍ത്തനങ്ങളെയാണ് ഭക്ഷ്യ അലര്‍ജി എന്നു വിളിക്കുന്നത്.
മറ്റ് ഏത് അസുഖവും പോലെ ശ്രദ്ധിക്കപ്പെടേണ്ടതാണ് ഭക്ഷ്യ അലര്‍ജി. പ്രായം കൂടുന്നതനുസരിച്ച് ഭക്ഷ്യ അലര്‍ജിയുടെ നിരക്ക് കുറഞ്ഞു വരുന്നതായി കാണാം.
ഒരു വ്യക്തിയില്‍ അലര്‍ജി സ്വഭാവം ഗര്‍ഭാവസ്ഥയില്‍ തന്നെ ആരംഭിക്കുന്നു. ആദ്യമായി ദഹനേന്ദ്രിയത്തെയാണ് അലര്‍ജി ബാധിക്കുന്നത്.
തുടര്‍ന്ന് തൊലിപ്പുറത്തുള്ള ചൊറിച്ചില്‍, ശ്വാസം മുട്ടല്‍, മൂക്കില്‍നിന്നും വെള്ളം വരുക എന്നിവ പ്രകടമാകുന്നു. എന്നാല്‍ ഇത്തരം അലര്‍ജി എല്ലാവരിലും ഒരുപോലെ പ്രകടമാകണമെന്നില്ല.
ശരീരത്തിലെ ഏത് അവയവത്തെയും ഭക്ഷ്യ അലര്‍ജി ബാധിക്കും. ഇവയില്‍ ത്വക്കിനെയും ദഹനേന്ദ്രിയത്തെയുമാണ് കൂടുതലും ബാധിക്കുന്നത്. ചില വ്യക്തികളില്‍ ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ ഉണ്ടാകുന്ന വളരെ അപകടകരമായ അവസ്ഥയാണ് ഇത്.
ദേഹം മുഴുവന്‍ വീര്‍ത്ത് തടിച്ച് ശ്വാസം ലഭിക്കാതെ രക്ത സമ്മര്‍ദ്ദം തീരെ കുറഞ്ഞ് രോഗി അത്യാസന്ന നിലയില്‍ എത്തപ്പെടാന്‍ സാദ്ധ്യതയുണ്ട്.
ഓക്കാനം, ഛര്‍ദ്ദി, കണ്ണിനും മൂക്കിനും ചൊറിച്ചില്‍ അനുഭവപ്പെടുക, ശരീരം നീലനിറമാകുക, ശരീര ക്ഷീണം, തലവേദന, പനി ഉന്മേഷക്കുറവ് എന്നിവയും ഭക്ഷ്യ അലര്‍ജിയുടെ ലക്ഷണങ്ങളാണ്.
ഭക്ഷ്യ അലര്‍ജി മൂലം അനാഫൈലാക്സിസ് ഉണ്ടായാല്‍ സംശയാസ്പദമായ ഭക്ഷ്യ വസ്തു ഏതാണെന്ന് തിരിച്ചറിഞ്ഞ് ഭാവിയില്‍ ആ ഭക്ഷ്യ വസ്തുവിനെ ആഹാരത്തില്‍നിന്നും കര്‍ശനമായി ഒഴിവാക്കേണ്ടത് ആവശ്യമാണ്.

