മഴക്കാലത്ത് അമിതമായി തൈര് കുടിക്കരുത്
നിരവധി പോഷക ഗുണങ്ങളുള്ള ഒരു ആഹാര വിഭവമാണ് തൈര്. എന്നാല്‍ മഴക്കാലം, മഞ്ഞുകാല സീസണുകളില്‍ തൈര് മിതമായ രീതിയില്‍ മാത്രമേ ഉപയോഗിക്കാവു എന്നാണ് ആയുര്‍വേദ വിദഗ്ദ്ധര്‍ നല്‍കുന്ന ഉപദേശം.
മഴക്കാലത്ത് തൈര് അമിതമായി കഴിച്ചാല്‍ ജലദോഷം, ചുമ, കഫ പ്രശ്നങ്ങള്‍ എന്നിവ ഉണ്ടാകാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. തൊണ്ടവേദനയും നെഞ്ചില്‍ കഫം ഉണ്ടാകാനുള്ള സാദ്ധ്യതയും ഉണ്ടാകുന്നു.
കൈകാലുകളുടെ സന്ധികളില്‍ വേദന പ്രത്യക്ഷപ്പെടാം. ഇത് മാത്രമല്ല, വയറുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാദ്ധ്യതയും വളരെ കൂടുതലാണ്. മഴക്കാലത്ത് തൈര് ദിവസവും കഴിക്കരുത്.
പ്രത്യേകിച്ച് പുളി കൂടുതലുള്ള തൈര് ഒഴിവാക്കണം. തൈര് ചൂടാക്കുകയോ തിളപ്പിക്കുകയോ ചെയ്യരുത്. ഇങ്ങനെ ചെയ്താല്‍ തൈരില്‍ അടങ്ങിയിരിക്കുന്ന ആരോഗ്യകരമായ ബാക്ടീരിയകളും നല്ല ഗുണങ്ങളും നഷ്ടപ്പെടും.
അതുപോലെ രാത്രിയില്‍ തൈര് കഴിക്കരുത്. കാരണം പുളിച്ച തൈര് ശരീരത്തില്‍ കഫദോഷം വര്‍ദ്ധിപ്പിക്കാന്‍ സാദ്ധ്യതയുണ്ട്.

