ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ച വടക്കന്‍ കൊറിയന്‍ മണ്ണില്‍ ഹൈഡ്രജന്‍ ബലൂണില്‍ ദൈവവചനം എത്തിക്കുന്നു

Breaking News Global

ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ച വടക്കന്‍ കൊറിയന്‍ മണ്ണില്‍ ഹൈഡ്രജന്‍ ബലൂണില്‍ ദൈവവചനം എത്തിക്കുന്നു
സോള്‍ ‍: 2016-ല്‍ ജനുവരി ആദ്യവാരത്തില്‍ ലോകത്തെത്തന്നെ ഞെട്ടിച്ചുകൊണ്ട് വടക്കന്‍ കൊറിയ എന്ന ഏകാധിപത്യ രാഷ്ട്രം ഹൈഡ്രജന്‍ ബോംബ് പൊട്ടിച്ച് പരീക്ഷണം നടത്തി വിജയിച്ചത് വന്‍ വാര്‍ത്തയായിരുന്നു.

 

ഇതുവരെ ലോകത്തിന് വിനാശകാരി അണുബോംബായിരുന്നുവെങ്കില്‍ അതിനേക്കാള്‍ ആയിരം ഇരട്ടി ഉഗ്ര സ്ഫോടന ശക്തിയുള്ള ഹൈഡ്രജന്‍ ബോംബു സ്വന്തമായി നിര്‍മ്മിച്ച് പൊട്ടിച്ചതായിരുന്നു വാര്‍ത്തയായത്. ഇത് സത്യത്തില്‍ അമേരിക്കയെപ്പോലും നടുക്കിയ സംഭവമായിരുന്നു.

 

അങ്ങനെ വടക്കന്‍ കൊറിയന്‍ പ്രസിഡന്റ് കിം ജോ അണ്‍ കൂടുതല്‍ ശക്തനായി വടക്കന്‍ കൊറിയയുടെ മണ്ണില്‍ എതിരാളികളില്ലാതെ വാഴുന്നു. രാജ്യത്തെ ജനങ്ങള്‍ക്ക് അഭിമാനമായിരുന്നുവെങ്കിലും മതിയായ അഭിപ്രായ സ്വാതന്ത്യ്രവും, മതസ്വാതന്ത്യ്രവും, ഇഷ്ടമുള്ള ദൈവത്തെ ആരാധിക്കാനുള്ള അനുവാദമോ വടക്കന്‍ കൊറിയയുടെ മണ്ണില്‍ ഭരണകൂടം അനുവദിച്ചിട്ടില്ല. ഈ വലിയ പോരായ്മകള്‍ ലക്ഷക്കണക്കിനു മതവിശ്വാസികളെ അലോസരപ്പെടുത്തുന്ന അനുഭവമാണ്.

 
ഇവിടത്തെ മതന്യൂനപക്ഷ വിഭാഗമായ ക്രൈസ്തവരും ആരാധനാ സ്വാതന്ത്യ്രം അനുഭവിക്കാതെ കടുത്ത പീഢനങ്ങളെ അതിജീവിക്കുന്നു. സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കും, ആരാധനകള്‍ക്കും കടുത്ത നിരോധനമാണ് ഈ രാജ്യത്ത്. പരസ്യമായും രഹസ്യമായും ഇതു ലംഘിക്കുന്നവര്‍ക്ക് കടുത്ത പീഢനങ്ങളും, മര്‍ദ്ദന മുറകളും, ജയില്‍വാസവുമൊക്കെയാണ് വിധി. പതിനായിരക്കണക്കിനു ക്രൈസ്തവര്‍ പല ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്നു.

 

എന്നാല്‍ പീഢനങ്ങളില്‍നിന്നു രക്ഷപെട്ട് വിദേശ രാജ്യങ്ങളില്‍ പ്രത്യേകിച്ച് തെക്കന്‍ കൊറിയയില്‍ അഭയം തേടിയവരും, ചില മിഷന്‍ സംഘടനകളും ചേര്‍ന്ന് വടക്കന്‍ കൊറിയ എന്ന ഇരുണ്ട ദേശത്തേക്ക്, അതായത് ഹൈഡ്രജന്‍ ബോംബിന്റെ സൃഷ്ടാക്കളായ വടക്കന്‍ കൊറിയയുടെ മണ്ണിലേക്ക് ഇപ്പോള്‍ പുറത്തുനിന്നും ബൈഡ്രജന്‍ ബലൂണുകളില്‍ ദൈവവചനം എത്തിച്ചുകൊണ്ടിരിക്കുകയാണ്.

 
വടക്കന്‍ കൊറിയ-തെക്കന്‍ കൊറിയ അതിര്‍ത്തി പ്രദേശത്തുനിന്നും കൂറ്റന്‍ ബലൂണുകള്‍ക്കുള്ളില്‍ ഹൈഡ്രജന്‍ നിറച്ചു വിടുകയാണ്. ഇത് യന്ത്രങ്ങളുടെ സഹായത്തോടുകൂടി ബലൂണുകള്‍ക്കുള്ളിലും പുറത്തും ബൈബിള്‍ വാക്യങ്ങളും വചന ഭാഗങ്ങളും പ്രിന്റു ചെയ്തും, വലിയ ബലൂണുകളില്‍ ബൈബിളുകളും, സുവിശേഷ പ്രതികള്‍ അടങ്ങിയ പായ്ക്കറ്റുകള്‍ കെട്ടിത്തൂക്കിയും ഉത്തരകൊറിയന്‍ മണ്ണിലേക്കു പറത്തി വിടുകയാണ് രീതി.

 

ഇവ കിലോമീറ്ററുകളോളം ഉയരത്തില്‍ പറന്നുപോയി എവിടെയെങ്കിലും പതിക്കുകയാണ് പതിവ്. ചില ബലൂണ്‍ പായ്ക്കറ്റുകളില്‍ ജി.പി.എസ്. സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ ഇവ എവിടെയെത്തിയെന്ന് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുമെന്ന് മിഷണറിമാര്‍ പറയുന്നു.

 
പ്രമുഖ ക്രൈസ്തവ മിഷന്‍ സംഘടനയായ വോയ്സ് ഓഫ് ദി മാര്‍ട്ടിയേഴ്സ് പോലുള്ള സംഘടനകള്‍ വര്‍ഷങ്ങളായി ഇത്തരത്തില്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്തു വരുന്നു. ഓറഞ്ച് നിറത്തിലുള്ള കൂറ്റന്‍ ബലൂണുകളാണ് സംഘടന ഉപയോഗിക്കുന്നതെന്ന് പീറ്റര്‍ എന്ന മിഷണറി പറയുന്നു. ഇവരെ കൂടാതെ പല പ്രമുഖ സംഘടനകളും ഇത്തരത്തില്‍ ബലൂണ്‍ മിഷണറി ചെയ്യാറുണ്ട്. പല നിറത്തിലുള്ള ബലൂണുകളാണ് അവരും ഉപയോഗിക്കുന്നത്.

 

തെക്കന്‍ കൊറിയ-വടക്കന്‍ കൊറിയ അതിര്‍ത്തിയില്‍ വടക്കന്‍ കൊറിയ 10 ലക്ഷം പട്ടാളക്കാരെയാണ് വിന്യസിപ്പിച്ചിരിക്കുന്നത്. ദൈവവചനവുമായി പറന്നുപോകുന്ന ബലൂണുകള്‍ ദൈവവചനത്തിനായി വിശക്കുന്ന ആത്മാക്കളുടെ അടുക്കലേക്കു, സാധാരണക്കാരനെന്നോ, ഉന്നതനെന്നോ, സൈനികനെന്നോ വ്യത്യാസമില്ലാതെ ലക്ഷക്കണക്കിനു ആത്മാക്കളുടെ ഹൃദയത്തിലേക്കാണ് പറന്നു ചെല്ലുന്നത്.

 

കൂറ്റന്‍ മതില്‍ക്കെട്ടിനു പുറത്തുനിന്നും ദിനം പ്രതി നൂറു കണക്കിനു ബലൂണുകളാണ് ദൈവവചനവുമായി പറന്നു പോകുന്നത്. കൊറിയന്‍ ഭാഷയിലും, ഇംഗ്ളീഷു ഭാഷയിലുമൊക്കെയായി ദൈവവചനം വടക്കന്‍ കൊറിയയുടെ മണ്ണില്‍ എത്തിക്കുന്ന ദൈവദാസന്മാരെ ഓര്‍ത്തു ദൈവമക്കള്‍ പ്രാര്‍ത്ഥിക്കുക. ഒപ്പം വടക്കന്‍ കൊറിയയുടെ മാനസാന്തരത്തിനുമായിട്ടും.

Leave a Reply

Your email address will not be published.