നൈജീരിയായില്‍ കുട്ടി ചാവേറുകളെ ഉപയോഗിക്കുന്നത് വര്‍ദ്ധിക്കുന്നു
ജനീവ: വടക്കു കിഴക്കന്‍ നൈജീരിയായില്‍ ഭീകരാക്രമണങ്ങള്‍ക്കായി കുട്ടികളെ ചാവേറുകളാക്കുന്ന പ്രവണത വര്‍ദ്ധിച്ചു വരുന്നതായി കണക്കുകള്‍ .
ഇസ്ളാമിക ഭീകര സംഘടനയായ ബോക്കോ ഹറാം ഈ വര്‍ഷം ഇതുവരെ 83 കുട്ടികളെ ചവേര്‍ സ്ഫോടനങ്ങള്‍ക്കായി ഉപയോഗിച്ചുവെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്ക്. ഇവരില്‍ 55 പേരും 15 വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികളാണ്.
27 പേര്‍ ആണ്‍കുട്ടികള്‍ . കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നൈജീരിയായിലെ കുട്ടി ചാവേറുകളുടെ എണ്ണം ഈ വര്‍ഷം 4 മടങ്ങായി വര്‍ദ്ധിച്ചിട്ടുണ്ട്. 2014-മുതല്‍ വടക്കു കിഴക്കന്‍ നൈജീരിയായില്‍ 127 കുട്ടികളെ ഭീകരര്‍ ചാവേറുകളായി ഉപയോഗിച്ചുവെന്നാണ് യുണിസെഫിന്റെ റിപ്പോര്‍ട്ട്.
ഭീകരര്‍ മോചിപ്പിച്ച കുട്ടികളില്‍ ഭീതിയും ആശങ്കയും സൃഷ്ടിക്കാന്‍ അതിക്രൂരമായ ഈ പ്രവര്‍ത്തികള്‍ കാരണമാകുന്നുണ്ടെന്നും യുണിസെഫ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഭീകരാക്രമണങ്ങള്‍ക്കായി കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതും ഇവിടെ പതിവാണ്.
വടക്കന്‍ നൈജീരിയായില്‍ മൂന്നു വര്‍ഷം മുമ്പ് ഇത്തരത്തില്‍ 200-ലേറെ സ്കൂള്‍ കുട്ടികളെ കാണാതായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ . ക്രൈസ്തവ ആരാധനാലയങ്ങള്‍ , മുസ്ളീം മോസ്ക്കുകള്‍ , പൊതു സ്ഥലങ്ങള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് ചാവേര്‍ ആക്രമണങ്ങള്‍ അധികവും നടത്തുന്നത്.
10 വര്‍ഷം കൊണ്ട് ബോക്കോഹറാം ആക്രമണങ്ങളില്‍ 20000-ത്തില്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 1.7 മില്യണ്‍ ആളുകള്‍ വീടു വിടേണ്ടി വന്നു.

