നാലുകാലുള്ള പാമ്പിന്റെ ഫോസില്‍ കണ്ടെത്തി
നാലു കാലുള്ള പാമ്പുകള്‍ ഭൂമുഖത്തുണ്ടായിരുന്നു എന്നതിന് ഗവേഷകര്‍ക്ക് തെളിവ് കിട്ടി. നാലുകാലുള്ള പാമ്പിന്റെ ഫോസില്‍ ആദ്യമായി ഗവേഷകര്‍ കണ്ടെത്തുകയുണ്ടായി.
പാമ്പുകളുടെ പൂര്‍വ്വിക വര്‍ഗ്ഗങ്ങളെപ്പറ്റി വിലപ്പെട്ട വിവരങ്ങള്‍ നല്കുന്ന കണ്ടെത്തലാണ് ഇത്. ബ്രസീലില്‍ നിന്നുള്ള ഈ ഫോസില്‍ ഒരു ജര്‍മ്മന്‍ മ്യൂസിയത്തിലെ ശേഖരത്തില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇംഗ്ളണ്ടില്‍ പോര്‍ട്ട് സ്മൌത്ത് സര്‍വ്വകലാശാലയിലെ ഫോസില്‍ വിദഗ്ദ്ധന് ഡേവ് മാര്‍ട്ടിലാണ് ജര്‍മ്മിനിയില്‍ സോന്‍ഹോഫന്‍ മ്യൂസിയത്തിലെ ശേഖരത്തില്‍ നിന്ന് യാദൃശ്ചീകമായി ആ അപൂര്‍വ്വ ഫോസില്‍ കണ്ടെത്തിയത്.
11.3 കോടി വര്‍ഷം മുമ്പ് ക്രിറ്റേഷ്യസ് യുഗത്തില്‍ ദിനോസറുകള്‍ക്കൊപ്പം ജീവിച്ചിരുന്ന ‘നാല്ക്കാലി’ പാമ്പിന്റെ ഫോസിലാണ് ഗവേഷകര്‍ക്ക് കിട്ടിയത്. ഇപ്പോഴത്തെ പാമ്പുകളുടെ നേര് പൂര്‍വ്വികരായ വര്‍ഗ്ഗത്തിന്റെ ഫോസിലാണെന്നാണ് ഗവേഷകര്‍ കരുതുന്നത്. ഇരുകാലുകളുള്ള പാമ്പുകളെക്കുറിച്ച് മുമ്പ് ചില ഫോസിലുകളില്‍നിന്ന് സൂചന ലഭിച്ചിട്ടുണ്ടെങ്കിലും, നാലുകാലുള്ള പാമ്പിന്റെ ഫോസില്‍ ശാസ്ത്ര ലോകം കാണുന്നത് ആദ്യമായാണ്.
ഏതോ വിദൂര പൂര്‍വ്വകാലത്ത് പാമ്പുകള്‍ പല്ലിവര്‍ഗ്ഗങ്ങളില്‍ (ലിസാര്‍ഡ്സ്) നിന്ന് പരിണമിച്ചുണ്ടായി എന്നാണ് പൊതുവേ കരുതപ്പെടുന്നത്. എന്നാല്‍ അത് എപ്പോള്‍ സംഭവിച്ചു എന്നതിന് വ്യക്തതയില്ലെന്ന് ഗവേഷകന് ഡോ. മാര്‍ട്ടില്‍ പറഞ്ഞു. വെറും 19.5 സെന്റീമീറ്റര്‍ മാത്രം നീളമുള്ള പാമ്പിന്‍കുഞ്ഞിന്റെ ഫോസിലാണത്. അതിന്റെ മുന്‍കാലുകള്‍ തീരെ ചെറുതാണ്. നീളം വെറും 4 മില്ലീമീറ്റര്‍ മാത്രം. പിന്‍കാലുകള്‍ക്ക് കുറച്ചുകൂടി വലുപ്പമുണ്ട് 7 മില്ലീമീറ്റര്‍ .
വിശുദ്ധ ബൈബിള്‍ പാമ്പിനെക്കുറിച്ച് പ്രതിപാദിക്കുന്നു. ആദാമിനെയും, ഹവ്വായേയും ദൈവത്തില്നിന്നകറ്റാന് സാത്താന് പാമ്പിന്റെ വേഷമാണ് അണിഞ്ഞത്. മനുഷ്യവര്‍ഗ്ഗത്തെത്തന്നെ ചതിച്ചതിനു യഹോവയായ ദൈവം പാമ്പിനെ ശപിച്ചു. “നീ ഇതു ചെയ്തതുകൊണ്ട് എല്ലാ കന്നുകാലികളിലും എല്ലാ കാട്ടുമൃഗങ്ങളിലും വച്ചു ശപിക്കപ്പെട്ടിരിക്കുന്നു. നീ ഉരസ്സുകൊണ്ടു ഗമിച്ചു നിന്റെ ആയുഷ്ക്കാലമൊക്കെയും പൊടിതിന്നും” (ഉല്‍പ്പത്തി 3:14). എല്ലാ കന്നുകാലികള്‍ക്കും,
എല്ലാ കാട്ടുമൃഗങ്ങള്‍ക്കും നാലുകാലുകളുണ്ട്. യഹോവ പാമ്പിനെ ശപിച്ചപ്പോള്‍ പാമ്പ് വര്‍ഗ്ഗം പിന്നീട് കാലുകളില്ലാതെ ഇഴഞ്ഞു നടക്കുവാന്‍ തുടങ്ങിയതായി നമുക്ക് മനസ്സിലാക്കുവാന്‍ കഴിയുന്നതാണ്.
പാമ്പിന്റെ പൂര്‍വ്വ സ്ഥിതിയെക്കുറിച്ച് ബൈബിളില്‍ കൂടുതലൊന്നും പരാമര്‍ശിക്കുന്നില്ലെങ്കിലും 3-ാം അദ്ധ്യായം 14-ാം വാക്യത്തില്‍ പ്രസ്താവിച്ചതുപോലെ പാമ്പ് ഉരസ്സുകൊണ്ട് ഗമിക്കുവാന്‍ ദൈവം കല്‍പ്പിച്ചത് പാമ്പു വര്‍ഗ്ഗത്തിന് ഒരു വകഭേദം തന്നെ സംഭവിച്ചു എന്ന് നമുക്ക് ന്യായമായി ഊഹിക്കാം. ശാസ്ത്രം അത് ഇപ്പോള്‍ കണ്ടുപിടിച്ചിരിക്കുകയാണ്.

