മന്ത്രവാദത്തിന്റെ പേരില്‍ സ്ത്രീയ്ക്ക് നഷ്ടമായത് 27 കോടി
ബംഗളുരു: മന്ത്രവാദത്തിന്റെ പേരില്‍ നടന്ന തട്ടിപ്പില്‍ യുവതിക്ക് നഷ്ടമായത് 27 കോടി രൂപ. രാമമൂര്‍ത്തി നഗര്‍ എന്‍ .ആര്‍ .ഐ. ലേഔട്ട് സ്വദേശി ഗീതയാണ് (48) പണം നഷ്ടമായതായി ഫെബ്രുവരി 20-ന് പോലീസില്‍ പരാതി നല്‍കിയത്.
കേസില്‍ ബംഗളുരും സ്വദേശികളായ ദേവരാജ്, സായികൃഷ്ണ, പെരുമാള്‍ , മഞ്ജു എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. കേസിലെ മുഖ്യ പ്രതി നാഗരാജിനെ പോലീസ് തിരയുന്നു. അടുത്തയിടെ നിലവില്‍വന്ന അന്ധവിശ്വാസ നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
കുടുംബത്തില്‍ വിവിധ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനിടെ 2009-ല്‍ ഭര്‍ത്താവ് മരിച്ചതായും പിന്നീട് 2014-ല്‍ സുഹൃത്ത് വഴിയാണ് പ്രധാനപ്രതി നിശാരാജിനെ പരിചയപ്പെട്ടതെന്നും ഗീത പരാതിയില്‍ പറയുന്നു.
ക്ഷേത്രത്തിലെ പൂജാരിയാണെന്നും, ദൈവീകസിദ്ധിയുണ്ടെന്നും അവകാശപ്പെട്ട് നാഗരാജ് കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാമെന്ന് ഗീതയെ പറഞ്ഞു വിശ്വസിപ്പിച്ചു. ദുഷ്ടശക്തിയില്‍ ഗീതയും മൂന്നു മക്കളും മരിക്കുമെന്നുള്‍പ്പെടെ ഭീതിപ്പെടുത്തുന്ന കഥകള്‍ നാഗരാജ് ഗീതയെ പറഞ്ഞു വിശ്വസിപ്പിച്ചു.
ഇതൊഴിവാക്കാന്‍ പൂജകള്‍ നടത്തണമെന്നും സ്വത്തുക്കള്‍ കൈയ്യില്‍ വയ്ക്കരുതെന്നും സ്ത്രീയോടു പറഞ്ഞു.
സ്വത്ത് വിറ്റ് പണംതന്നെ ഏല്‍പ്പിക്കാമെന്നും പ്രശ്നകാലം തീര്‍ന്നു കഴിയുമ്പോള്‍ പണം തിരികെ ഏല്‍പ്പിക്കാമെന്നും നാഗരാജ പറഞ്ഞു. ഇതു വിശ്വസിച്ച യുവതി സ്വന്തം പേരിലും ആണ്‍മക്കളുടെ പേരിലുമുണ്ടായിരുന്ന വിവിധ ആസ്തികള്‍ വിറ്റ് നാഗരാജിന് 5 കോടി രൂപയും മൂന്നു കിലോ സ്വര്‍ണ്ണവും നല്‍കിയതായി പോലീസ് പറഞ്ഞു.
പിന്നീട് പണം തിരികെ വാങ്ങാന്‍ ശ്രമിച്ചപ്പോള്‍ ദുര്‍മന്ത്രവാദത്തിലൂടെ കുടുംബത്തെ കൊല്ലുമെന്നു നാഗരാജ് ഭീഷണിപ്പെടുത്തി. ഇതേത്തുടര്‍ന്നാണ് ഗീത പോലീസില്‍ പരാതി നല്‍കിയത്. ഭൂഉടമയായിരുന്ന ഭര്‍ത്താവിനു കുടുംബപരമായി ലഭിച്ച വസ്തുവകകളായിരുന്നു വിറ്റതെന്നു പോലീസ് പറഞ്ഞു. കോലാര്‍ ജില്ലയില്‍ ബെത്തമംഗലയില്‍ ഫാമും, തവരകിരിയില്‍ നിരവധി സ്ഥലത്ത് ഭൂമിയും ഉണ്ടായിരുന്നു ഇവര്‍ക്ക്.


Comments are closed.