പൌലോസ് അപ്പോസ്തോലന്‍ സഞ്ചരിച്ച കപ്പലിന്റെ നങ്കൂരം കണ്ടെത്തി

പൌലോസ് അപ്പോസ്തോലന്‍ സഞ്ചരിച്ച കപ്പലിന്റെ നങ്കൂരം കണ്ടെത്തി

Breaking News Europe

പൌലോസ് അപ്പോസ്തോലന്‍ സഞ്ചരിച്ച കപ്പലിന്റെ നങ്കൂരം കണ്ടെത്തി
ലണ്ടന്‍ ‍: അപ്പോസ്തോലനായ പൌലോസ് തന്റെ മിഷണറി യാത്രയില്‍ കപ്പലപകടത്തില്‍പ്പെട്ട മാള്‍ട്ടയുടെ തീരക്കടലില്‍നിന്നും കിട്ടിയ നങ്കൂരം അദ്ദേഹം സഞ്ചരിച്ച കപ്പലിന്റേതാണെന്നു കരുതുന്നതായി ബൈബിള്‍ ആര്‍ക്കിയോളജി റിസര്‍ച്ച് ആന്‍ഡ് എക്സ്പ്ളൊറേഷന്‍ എന്ന സംഘടന അറിയിച്ചു.

യൂറോപ്പിലെ ദ്വീപ് രാജ്യമായ തെക്കു കിഴക്കന്‍ മാള്‍ട്ടയിലെ സെന്റ് തോമസ് ബേ ആയിരിക്കാം കപ്പല്‍ അപകട സ്ഥലമെന്ന് തെളിവുകള്‍ സൂചിപ്പിക്കുന്നതായി സംഘടനയുടെ സ്ഥാപകന്‍ ബോബ് കോര്‍നൂക് അഭിപ്രായപ്പെടുന്നു.

എഡി 60-ലെ ശരത്ക്കാലാരംഭത്തില്‍ തടവുകാരനായിരുന്ന പൌലോസിനെ റോമിലേക്കുള്ള പൌലോസിന്റെ കപ്പല്‍ യാത്രയെക്കുറിച്ച് ബൈബിളില്‍ അപ്പോസ്തോലപ്രവര്‍ത്തി 27,28 അദ്ധ്യായങ്ങളില്‍ വിവരിക്കുന്നുണ്ട്. മാള്‍ട്ടയ്ക്ക് മലയാളം ബൈബിളില്‍ മെലീത്ത എന്നാണ് പറഞ്ഞിരിക്കുന്നത്.

മെലീത്തയില്‍ ശീത കാലത്തില്‍ മൂന്നു മാസം താമസിച്ചശേഷം എഡി 61 വസന്തത്തില്‍ റോമിലെത്തി. കൈസര്യയില്‍നിന്നും മുറാ പട്ടണത്തിലേക്കും, മുറായില്‍നിന്നും മെലീത്തയിലേക്കും അവിടെനിന്നും പുത്യോലയിലേക്കും അങ്ങനെ 3 കപ്പലില്‍ യാത്ര ചെയ്താണ് റോമില്‍ എത്തിയത്. മുറാ പട്ടണത്തില്‍നിന്നും യാത്ര പുറപ്പെട്ട് ഏറെ താമസിയാതെ പ്രതികൂലമായ ഭീകര കൊടുങ്കാറ്റില്‍പ്പെട്ട് കപ്പല്‍ കൈവിട്ട് പാറിപ്പോയി.

പല പ്രതിസന്ധികളേയും അതിജീവിച്ചാണ് പൌലോസ് റോമിലെത്തിയതെന്ന് ബൈബിളില്‍ വ്യക്തമാക്കുന്നു.
മാള്‍ട്ട തീരത്തുനിന്ന് 1960-കളില്‍ നാലു നങ്കൂരങ്ങള്‍ ലഭിച്ചിരുന്നു. ഇതില്‍ ഒരെണ്ണം മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. റോമന്‍ നിര്‍മ്മിതമായ ഇത് ഒന്നാം നൂറ്റാണ്ടിലേതാണെന്ന് യൂണിവേഴ്സിറ്റി ഓഫ് മാള്‍ട്ടയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ വ്യക്തമായി.

നാലു നങ്കൂരങ്ങള്‍ താഴ്ത്തിയ കാര്യം ബൈബിളില്‍ വിവരിക്കുന്നുണ്ട്. (27:40) കൂടാതെ ഇവിടത്തെ ആഴം 90 അടിയാണെന്നും (27:28) പറയുന്നു. ഇത് ബൈബിളില്‍ പറയുന്ന കണക്കുമായി യോജിച്ചു പോകുന്നുണ്ടെന്നും കോര്‍നൂക് പറഞ്ഞു. മാള്‍ട്ട 3 ദ്വീപുകള്‍ ഉള്‍പ്പെട്ട ഒരു ദ്വീപു രാഷ്ട്രമാണ്. മെഡിറ്ററേനിയന്‍ കടലിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.