മറഞ്ഞിരിക്കുന്ന ശത്രുവിനെ തകര്‍ക്കും; ഇന്ത്യയ്ക്കായി യിസ്രായേലിന്റെ സ്പൈക്ക് മിസൈല്‍
ന്യൂഡെല്‍ഹി: ഇന്ത്യന്‍ വ്യോമോസേനയ്ക്ക് കരുത്തേകാന്‍ യിസ്രായേലില്‍നിന്ന് സ്പൈക്ക് നോണ്‍ ലൈന്‍ ഓഫ് സൈറ്റ് (എന്‍എല്‍ഒഎസ്) മിസൈല്‍ . 35 കിലോമീറ്ററാണ് ഈ ആന്റി ടാങ്ക് ഗൈഡഡ് മിസൈലിന്റെ ദൂരപരിധി.
പര്‍വ്വതങ്ങള്‍ക്കു പിന്നില്‍ മറഞ്ഞിരിക്കുന്ന ശത്രുവിനെ തകര്‍ക്കാന്‍ ശേഷിയുള്ള മിസൈലുകളാണിത്. അപ്പാഷെ ഹെലിക്കോപ്റ്ററില്‍ സ്ഥാപിക്കുന്ന യു.എസ് നിര്‍മ്മിത ഡിജിഎം 114 ഹെല്‍ഫയര്‍ മിസൈലിന്റെ നാലിരട്ടി വരുമിത്.
മിസൈലിന്റെ പരീക്ഷണം ഉടന്‍ നടത്തുമെന്ന് ഇന്ത്യന്‍ പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. റഷ്യയുടെ എംഐ 17 വി5 ഹെലിക്കോപ്റ്ററുകളില്‍ സ്പൈക്ക് എന്‍എല്‍ഒഎസ് മിസൈല്‍ വിജയകരമായി ഉപയോഗിച്ചിരുന്നു.
ശത്രുവിന്റെ കവചിത നിരയ്ക്കു നേരെ തൊടുത്തുവിടാന്‍ മിസൈല്‍ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. സ്പൈക്ക് മിസൈലിന്റെ വിവിധ തരം പകര്‍പ്പുകള്‍ ഒമ്പത് രാജ്യങ്ങള്‍ക്ക് യിസ്രായേല്‍ കമ്പനിയായ റഫേല്‍ കൈമാറിയിട്ടുണ്ട്.
എംഐ17 ഹെലിക്കോപ്റ്റര്‍ നവീകരിക്കാനാണ് ഇന്ത്യന്‍ വ്യോമസേന സ്പൈക്ക് മിസൈല്‍ ഉപയോഗിക്കുക. ലഡാക്ക് പോലുള്ള ഉയര്‍ന്ന പ്രദേശങ്ങളില്‍ സ്പൈക്ക് മിസൈല്‍ ഉപയോഗിക്കാനാകും.
ചൈനീസ് ടാങ്കുകള്‍ക്കു പുറമേ കമാന്റ് സെന്ററുകള്‍ , മൊബൈല്‍ എയര്‍ ഡിഫന്‍സ്, മറ്റ് ഉപകരണങ്ങള്‍ എന്നിവയെ ലക്ഷ്യമിടാന്‍ പുതിയ മിസൈല്‍ പ്രാപ്തമാകുമെന്നാണ് റിപ്പോര്‍ട്ട്.

