ബൈബിള്‍ നല്‍കുന്നതും നല്ല മൂല്യങ്ങള്‍ പഠിപ്പിക്കുന്നതും മതപരിവര്‍ത്തനമല്ല; അലഹബാദ് ഹൈക്കോടതി

ബൈബിള്‍ നല്‍കുന്നതും നല്ല മൂല്യങ്ങള്‍ പഠിപ്പിക്കുന്നതും മതപരിവര്‍ത്തനമല്ല; അലഹബാദ് ഹൈക്കോടതി

Breaking News India

ബൈബിള്‍ നല്‍കുന്നതും നല്ല മൂല്യങ്ങള്‍ പഠിപ്പിക്കുന്നതും മതപരിവര്‍ത്തനമല്ല; അലഹബാദ് ഹൈക്കോടതി
ലഖ്നൌ: ബൈബിള്‍ നല്‍കുന്നതും നല്ല മൂല്യങ്ങള്‍ പഠിപ്പിക്കുന്നതും മതപരിവര്‍ത്തനത്തിനുള്ള ശ്രമമായി കാണാനാകില്ലെന്ന് അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൌ ബെഞ്ച്.

ഉത്തര്‍പ്രദേശ് മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ പരിധിയില്‍ ഇത്തരം കാര്യങ്ങള്‍ കുറ്റകൃത്യമായി കണക്കാക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.

പട്ടിക ജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍നിന്നുള്ളവരെ ക്രിസ്ത്യന്‍ മതത്തിലേക്ക് നിര്‍ബന്ധിച്ച് മതംമാറ്റാന്‍ ശ്രമിക്കുകയാണെന്നു ചൂണ്ടിക്കാട്ടി അറസ്റ്റു ചെയ്യപ്പെട്ട രണ്ടു പേര്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ടായിരുന്നു ജസ്റ്റിസ് ഷമിം അഹമ്മദ് വിധി പ്രഖ്യാപിച്ചത്.

മതപരിവര്‍ത്തനത്തിനു നിര്‍ബന്ധിച്ചുവെന്നു ചൂണ്ടിക്കാട്ടി ലഭിച്ച പരാതിയില്‍ ജോസ് പാപ്പച്ചന്‍ ‍, ഷിജു തുടങ്ങിയവര്‍ക്ക് ജാമ്യം അനുവദിക്കരുതെന്നുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

ബിജെപി നേതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഇവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം അറസ്റ്റു ചെയ്യുകയായിരുന്നു. ബൈബിള്‍ നല്‍കുന്നതോ, ഒരാള്‍ക്ക് നല്ല മൂല്യം പറഞ്ഞുകൊടുക്കുന്നതോ, കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ പ്രേരിപ്പിക്കുന്നതോ, മദ്യപിക്കരുതെന്നു പറയുന്നതോ മതപരിവര്‍ത്തനമായി കണക്കാക്കാനാവില്ല.

കോടതി വ്യക്തമാക്കി. മതപരിവര്‍ത്തനത്തിന് ഇരയാക്കപ്പെട്ടയാള്‍ക്കോ അയാളുടെ കുടുംബത്തിനോ മാത്രമാണ് പരാതി നല്‍കാന്‍ സാധിക്കുകയുള്ളെന്നും കോടതി വിധിയില്‍ പറയുന്നു.