യിസ്രായേലിലെ പുരാതന സിന്നഗോഗില്‍ ശിംശോന്റെ കഥകളുടെ മൊസൈക് ചിത്രീകരണം കണ്ടെത്തി
ഗലീലിയ: യിസ്രായേല്‍ പുരാതന സിന്നഗോഗില്‍ ബൈബിളിലെ ശിംശോന്റെ കഥകളെ വര്‍ണ്ണിക്കുന്ന മൊസൈക് ചിത്രീകരണം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി.
യു.എസിലെ നോര്‍ത്ത് കരോലിന ചാപ്പല്‍ ഹില്‍ സര്‍വ്വകലാശാലയിലെ പുരാവസ്തു ഗവേഷകനും ആദ്യകാല യഹൂദ മത ഫ്രൊഫസറുമായ ജോഡി മഗ്നസ് യിസ്രായേലിലെ ലോവര്‍ ഗലീലയില്‍ നടത്തിയ ഖനനത്തിലാണ് ബൈബിള്‍ ചരിത്ര സത്യത്തിന്റെ വര്‍ണനകള്‍ വെളിപ്പെടുത്തുന്ന അപൂര്‍വ്വ ദൃശ്യങ്ങള്‍ കണ്ടെത്തിയത്.
മാഗ്നസും സംഘവും 2011 മുതല്‍ പുരാതന യഹൂദ ഗ്രാമമായ ഹുക്കോക്കിലെ സിന്നഗോഗില്‍ ഖനനം നടത്തുന്നു. ഇവര്‍ 2012-ല്‍ കെട്ടിടത്തിന്റെ തറയിലേക്ക് ഉല്‍ഖനനം നടത്തിയതിനെത്തുടര്‍ന്ന് ആദ്യത്തെ മൊസൈക്കുകള്‍ കണ്ടെത്തി.
സിന്നഗോഗിന്റെ തറയിലെ മൊസൈക് പാനലുകളില്‍ ന്യായാധിപന്മാര്‍ 15:4-ലെ ശിംശോനും കുറുക്കന്മാരും, ന്യായാധിപന്മാര്‍ 16:3-ലെ ഗാസായുടെ കവാടങ്ങള്‍ ചുമക്കുന്ന ശിംശോനും ഉള്‍പ്പെടെയുള്ള ബൈബിള്‍ കഥകള്‍ ചിത്രീകരിക്കുന്ന പാനലും കണ്ടെത്തി.
പ്രധാന കവാടത്തിനുള്ളില്‍ തറയില്‍ പുതുതായി കണ്ടെത്തിയ മൊസൈക്കില്‍ ഒരു പുഷ്പമാല ചിത്രത്തിനുള്ളില്‍ അരാമിക് ഭാഷയിലുള്ള ഒരു വലിയ ഫലകം ഉണ്ട്. ഇതില്‍ ചിലരുടെ പേരുകള്‍ എഴുതിയിരുന്നു. ഈ പേരുകള്‍ മൊസൈക്കിനു ധനസഹായം നല്‍കിയവരുടെയോ അവ സൃഷ്ടിച്ച കലാകാരന്മാരുടെയോ പേരുകളായിരിക്കാമെന്ന് മാഗ്നസ് പറയുന്നു.
മറ്റ് പാനലുകളില്‍ ഒരു കടുവ ഒരു കാട്ടാടിനെ വേട്ടയാടുന്നതും മറ്റൊന്നില്‍ ഒരു ഫെലിസ്ത്യന്‍ കുതിരപ്പടയാളിയും ഒരു മരിച്ച ഫെലിസ്ത്യ സൈനികനെയും ചിത്രീകരിച്ചിരിക്കുന്നു.
കണ്ടെത്തിയ പുരാതന സിന്നഗോഗിന്റെ കാലപ്പഴക്കം എഡി രണ്ടും മൂന്നു നൂറ്റാണ്ടുകളിലേതാണ്. എന്നാല്‍ കെട്ടിടത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കണ്ടെത്തിയ കണ്‍പാത്രങ്ങളുടെയും നാണയങ്ങളുടെയും അനുബന്ധ പുരാവസ്തുക്കള്‍ നല്‍കിയ സൂചനയനുസരിച്ച് നാല്, അഞ്ച്, ആറ് നൂറ്റാണ്ടുകളിലുള്ളതാണെന്നു ഞാന്‍ കരുതുന്നതായി മാഗ്നസ് പറഞ്ഞു.
കഴിഞ്ഞ ആഴ്ച ഒരു പ്രമുഖ ക്രിസ്ത്യന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് തന്റെ കണ്ടെത്തല്‍ വിവരം പുറത്തുവിട്ടത്.

