മധ്യപ്രദേശിലെ ഒരു ഗ്രാമവാസികള്‍ നദി കടക്കുന്നത് സര്‍ക്കസിനു സമാനമായി

മധ്യപ്രദേശിലെ ഒരു ഗ്രാമവാസികള്‍ നദി കടക്കുന്നത് സര്‍ക്കസിനു സമാനമായി

Breaking News India

മധ്യപ്രദേശിലെ ഒരു ഗ്രാമവാസികള്‍ നദി കടക്കുന്നത് സര്‍ക്കസിനു സമാനമായി
ദേവാസ്: മധ്യപ്രദേശിലെ ഒരു ഗ്രാമത്തിലെ മുഴുവന്‍ ജനങ്ങളും ഒരു നദി കടക്കുന്നത് കണ്ടാല്‍ പഴയകാല തെരുവു സര്‍ക്കസുകാരെയാണ് ഓര്‍മ്മ വരുക.

അത്രയ്ക്കും ദയനീയവും ഭയമുളവാക്കുന്നതുമായ കാഴ്ചയാണ് കാണാന്‍ കഴിയുക. ദേവാസ് ജില്ലയില്‍ സോന്‍കച്ച് താലൂക്കിലെ കരളലിയിക്കുന്ന വീഡിയോ എഎന്‍ഐ ആണു പുറത്തു വിട്ടത്. പാലങ്ങള്‍ ഒന്നുമില്ലാത്ത ഇവിടെ നദിക്ക് ഇക്കരെ മരത്തില്‍ താഴെയും മുകളിലുമായി കയറു വലിച്ച് അക്കരെ നില്‍ക്കുന്ന മരത്തില്‍ സമാന്തരമായി കെട്ടി വലിച്ചിരിക്കുന്നു.

ഇതില്‍ താഴത്തെ കയറില്‍ ചവിട്ടിക്കൊണ്ട് മുകളിലത്തെ കയറില്‍ പിടിച്ചുകൊണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ അക്കരെ കടക്കുന്ന വീഡിയോയാണ് പുറത്തു വിട്ടിരിക്കുന്നത്. ബാലന്‍സ് തെറ്റിയാല്‍ പുഴയില്‍ വീഴാനും സാധ്യതയുണ്ട്. കൈയ്യില്‍ കുടിവെള്ളവുമായാണ് ഒരു സ്ത്രീ കയറില്‍ പുഴ കടക്കുന്നത്. മറ്റേ സ്ത്രീയുടെ പുറത്ത് ഒരു കൊച്ചു കുട്ടിയുമുണ്ട്.

പുഴ കടക്കാന്‍ മറ്റു വഴികളൊന്നുമില്ലാത്തതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് ഇവര്‍ പറയുന്നത്. ഈ രീതി ഇവര്‍ ശീലമാക്കിയിരിക്കുന്നതായി ഇവര്‍ പറയുന്നു. ഈ പുഴ ചെന്നു ചേരുന്നത് കാളി സിന്ധ് എന്ന മഹാ നദിയിലാണ്. വര്‍ഷ കാലത്ത് ഈ പുഴ നിറഞ്ഞു കവിഞ്ഞാണ് ഒഴുകുക.

അന്യ ഗ്രാമത്തിലും സ്ഥാപനങ്ങളിലും ജോലിക്കു പോകുന്നവരും കര്‍ഷകരുമൊക്കെ ഇവരുടെ കയര്‍ പാലമാണ് ഏക ആശ്രയം. ആഹാര സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നതുപോലും ഈ കയര്‍ പാലത്തിലൂടെയാണെന്ന് ഗ്രാമവാസിയായ റാംസിംങ്ങ് പറയുന്നു.

രാത്രിയാത്രകളിലും മറ്റും പലപ്പോഴും തെന്നി ആളുകള്‍ പുഴയില്‍ വീണിട്ടുമുണ്ടെന്നും റാം പറഞ്ഞു. എല്ലാ ദിവസവും ജോലിക്കു പോകുന്നത് ഈ കയര്‍ പാലത്തിലൂടെ ജീവനെ പണയം വെച്ചാണെന്ന് സുഗന്ധ ഭായി എന്ന 60 കാരി പറഞ്ഞു. ഗ്രാമ വാസികള്‍ നേരത്തെ പരാതി എഴുതി നല്‍കിയിരുന്നെന്നും നടപടികള്‍ ഒന്നും ഉണ്ടായില്ലെന്നും ഇവര്‍ പറയുന്നു.