യു.പിയില്‍ ക്രൈസ്തവര്‍ക്കെതിരെ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നു

യു.പിയില്‍ ക്രൈസ്തവര്‍ക്കെതിരെ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നു

Breaking News India

യു.പിയില്‍ ക്രൈസ്തവര്‍ക്കെതിരെ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നു
ആഗ്ര: ഉത്തര്‍പ്രദേശില്‍ ക്രൈസ്തവര്‍ക്കെതിരായി ഹൈന്ദവ വര്‍ഗ്ഗീയ ശക്തികള്‍ നടത്തുന്ന ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്.

2018 ഒക്ടോബര്‍ മാസം വരെയുള്ള കണക്കുപ്രകാരം 64 അതിക്രമങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 50 ആക്രമണങ്ങളായിരുന്നു നടന്നത്. സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പാസ്റ്റര്‍മാരേയും വിശ്വാസികളെയും ആക്രമിക്കുകയും ആരാധനാലയങ്ങള്‍ തകര്‍ക്കുകയും ചെയ്യുന്നത് പതിവായിരിക്കുകയാണ്. വ്യാജ ആരോപണങ്ങള്‍ ഉണ്ടാക്കിയാണ് ആക്രമിക്കുന്നത്.

ഒക്ടോബര്‍ 30-ന് ആഗ്ര നഗരത്തിലെ ഒരു ഹോട്ടലില്‍ 150ഓളം വിശ്വാസികള്‍ ഏകദിന കൂട്ടായ്മ നടത്തിയപ്പോള്‍ മുന്നറിയിപ്പില്ലാതെ 50 ഓളം വരുന്ന ഹിന്ദു വര്‍ഗ്ഗീയ വാദികളായ വിഎച്ച്പി പ്രവര്‍ത്തകര്‍ മുളവടിയും ഹോക്കി സ്റ്റിക്കുകളുമായി പാസ്റ്റര്‍മാരെയും വിശ്വാസികളെയും തല്ലിച്ചതയ്ക്കുകയുണ്ടായി.

മീറ്റിംഗിനു നേതൃത്വം നല്‍കിയ പാസ്റ്റര്‍ സാമിനു ഗുരുതര പരിക്കേറ്റു. ഗര്‍ഭിണിയായ ഭാര്യ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് മാരകമായി പരിക്കേറ്റിരുന്നു. 7 പേരുടെ നില വളരെ ഗുരുതരമായിരുന്നു. പിന്നീട് പോലീസെത്തി വിശ്വാസികളെ കസ്റ്റഡിയിലെടുക്കുകയുണ്ടായി. മതവിശ്വാസത്തിനെതിരായി പ്രവര്‍ത്തിച്ചു എന്ന കുറ്റം ചുമത്തി കേസെടുക്കുകയും ചെയ്തു. അക്രമികളിലാരെയും അറസ്റ്റു ചെയ്തതുമില്ല.

സംഭവത്തില്‍ അന്വേഷണം വേണമെന്ന വിശ്വാസികളുടെ ആവശ്യം നിരസിക്കുകയാണുണ്ടായത്. യു.പി.യില്‍ ക്രൈസ്തവര്‍ വെറും 0.18 ശതമാനം മാത്രമാണ്. ബി.ജെ. പി ഭരിക്കുന്ന സംസ്ഥാനമായ യു.പി.യില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മണ്ഡലമായ വാരണാസി സ്ഥിതി ചെയ്യുന്നതും ഈ സംസ്ഥാനത്താണ്.