9 വയസുകാരി വീഡിയോ ഗെയിമിന് അടിമയായി; മാതാപിതാക്കള്‍ മാനസികരോഗ വിദഗ്ദ്ധനെ കാണിച്ചു

Breaking News Europe

9 വയസുകാരി വീഡിയോ ഗെയിമിന് അടിമയായി; മാതാപിതാക്കള്‍ മാനസികരോഗ വിദഗ്ദ്ധനെ കാണിച്ചു
ലണ്ടന്‍ ‍: 9 വയസുകാരി മകള്‍ വീഡിയോ ഗെയിമിന് അടിമയായതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ പെണ്‍കുട്ടിയ്ക്ക് മാനസിക രോഗ വിദഗ്ദ്ധന്റെ സഹായം തേടി.

ബ്രിട്ടനിലാണ് സംഭവം. സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ദിവസവും 10 മണിക്കൂറിലധികം സമയം വീഡിയോ ഗെയിം കളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട മാതാപിതാക്കള്‍ അവളുടെ മാനസിക നില താളം തെറ്റിയതിനെത്തുടര്‍ന്നാണ് ചികിത്സയ്ക്കായി മാനസിക രോഗ വിദഗ്ദ്ധന്റെ സഹായം തേടിയത്.

രാത്രി മുഴുവനും പെണ്‍കുട്ടിയുടെ മുറിയില്‍ ലൈറ്റ് കത്തിക്കിടക്കുന്നത് മാതാപിതാക്കള്‍ ശ്രദ്ധിച്ചിരുന്നതിനാല്‍ കുട്ടി വെളിച്ചത്തില്‍ കിടന്നുറങ്ങുന്നുവെന്നായിരുന്നു മാതാപിതാക്കള്‍ ആദ്യം ധരിച്ചിരുന്നത്. കഴിഞ്ഞ ജൂലൈ മാസത്തില്‍ റിലീസായ പ്രമുഖ വീഡിയോ ഗെയിമായ ഫോര്‍ട്ട് നൈറ്റ് എന്ന വീഡിയോ ഗെയിമാണ് കുട്ടി കളിച്ചിരുന്നത്.

ലോകത്തിലാകമാനം 125 മില്യണ്‍ കളിക്കാരുള്ള ഗെയിമാണിത്. ഷൂട്ടിങ്ങിലൂടെ എതിരാളികളെ വെടിവെച്ചു കൊല്ലുന്ന കളിയാണിത്. കുട്ടി പുലര്‍ച്ചെവരെ ഈ ഗെയിം കളിക്കുന്നുണ്ടായിരുന്നുവെന്ന് മാതാവ് കരോള്‍ പറഞ്ഞു. കമ്പ്യൂട്ടറില്‍നിന്നും തനിയെ ഡൌണ്‍ലോഡ് ചെയ്തായിരുന്നു കളി.

കുട്ടിയുടെ പെരുമാറ്റത്തിലും സ്വഭാവത്തിലും മാറ്റങ്ങള്‍ വന്നു തുടങ്ങിയതും സ്കൂളില്‍ പോകുവാനുള്ള മടിയും, ചര്‍ച്ചില്‍ ആരാധനയ്ക്ക് മാതാപിതാക്കള്‍ക്കൊപ്പം പോകുവാന്‍ താല്‍പ്പര്യം കാണിക്കാതിരുന്നതുമൊക്കെ വീട്ടുകാരെ വിഷമിപ്പിച്ചു. കുട്ടിയെ ചോദ്യം ചെയ്തപ്പോഴായിരുന്നു ഞെട്ടിപ്പിക്കുന്ന ഈ സത്യം പുറത്തുവന്നതെന്ന് മാതാവ് കരോള്‍ പറയുന്നു.

ഈ വാര്‍ത്ത പുറത്തുവന്നതിനുശേഷം നിരവധി മാതാപിതാക്കള്‍ സമാനമായ പരാതിയുമായി രംഗത്തു വരികയുണ്ടായി. കുട്ടികള്‍ ആഹാരം കഴിക്കാന്‍ മടികാട്ടുന്നു, കൃത്യമായി ടോയ്ലറ്റില്‍പോലും പോകുവാന്‍ അവര്‍ക്കു സാധിക്കുന്നില്ലെനന്നും മാതാപിതാക്കള്‍ പറയുന്നു.

വീഡിയോ ഗെയിമുകള്‍ കളിച്ചു തുടങ്ങുന്ന കുട്ടികള്‍ അത് ഇടയ്ക്കു കളിക്കുവാന്‍ അവസരം കിട്ടാതെ വരുമ്പോഴും പലരും ദേഷ്യക്കാരും ഉല്‍ക്കണ്ഠാകുലരാകുന്നതും സാധാരണമാണ്. ഈ തീക്കളികളില്‍ അകപ്പെട്ട കുട്ടികളുടെ അവസ്ഥ കാണഉമ്പോള്‍ ഇവ എത്രമാത്രം കുട്ടികള്‍ക്ക് ദോഷകരമാകുന്നുവെന്ന് ചിന്തിക്കേണ്ടതാണ്.