സുവിശേഷ പ്രവര്‍ത്തനം; 11 വര്‍ഷം ജയിലിലടച്ച പാസ്റ്റര്‍ക്ക് മോചനം

Asia Breaking News Middle East

സുവിശേഷ പ്രവര്‍ത്തനം; 11 വര്‍ഷം ജയിലിലടച്ച പാസ്റ്റര്‍ക്ക് മോചനം
അസ്മര: കിഴക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ എറിത്രിയയില്‍ സുവിശേഷ പ്രവര്‍ത്തനം നടത്തിയതിന് 11 വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ച പാസ്റ്റര്‍ക്ക് മോചനം. വേള്‍ഡ് ഓഫ് ലൈഫ് സഭയുടെ സീനിയര്‍ ശുശ്രൂഷകനായ പാസ്റ്റര്‍ ഒക്ബമിച്ചല്‍ ഹെയ്മിനറ്റിക്കാണ് കഴിഞ്ഞ ദിവസം ജയില്‍ മോചനം ലഭിച്ചത്.

സുവിശേഷ പ്രവര്‍ത്തനങ്ങള്‍ ശക്തമായ രീതിയില്‍ നടത്തുന്ന പാസ്റ്റര്‍ ഒക്ബ മിച്ചലിനെ 2003-ല്‍ എറിത്രിയന്‍ പോലീസ് അറസ്റ്റു ചെയ്തു കുറച്ചു ആഴ്ച ജയിലിലടച്ചിരുന്നു. പിന്നീട് 2005 ജനുവരിയില്‍ ഒരു വിവാഹ ശുശ്രൂഷാ വേദിയില്‍വച്ച് വരന്‍ ‍, വധു, 66 വിശ്വാസികള്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റു ചെയ്തിരുന്നു.

എന്നാല്‍ പാസ്റ്റര്‍ ഒക്ബാമിച്ചല്‍ ഒഴികെ ബാക്കി എല്ലാവരേയും ഏതാനും മാസങ്ങള്‍ക്കുശേഷം വെറുതേ വിട്ടിരുന്നു. പിന്നീട് മാനസികമായി തകര്‍ന്ന പാസ്റ്ററെ 4 മാസത്തിനുശേഷം മോചിപ്പിച്ചു. തുടര്‍ന്നു ശക്തമായ രീതിയില്‍ സുവിശേഷ പ്രവര്‍ത്തനം നടത്തിയ ഒക്ബമിച്ചലിനെ 2007-ല്‍ വീണ്ടും അറസ്റ്റു ചെയ്ത് ജയിലിലിട്ടു.

ഇങ്ങനെ 10 വര്‍ഷത്തിലേറെക്കാലം ജയിലില്‍ നരകയാതന അനുഭവിക്കേണ്ടിവന്നു. ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം മോചിപ്പിക്കുകയായിരുന്നു. ജയില്‍വാസത്തിനിടയില്‍ ക്രൈസ്തവ വിശ്വാസം ത്യജിക്കുകയാണെങ്കില്‍ ജയില്‍മോചനം അനുവദിച്ച് തരാമെന്ന് അധികാരികള്‍ പറഞ്ഞപ്പോള്‍ അതിനെ നിരസിക്കുകയാണുണ്ടായത്.

സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ എതിര്‍പ്പും നിരോധനവുമുള്ള എറിത്രിയയില്‍ 2017-ല്‍ മാത്രം 200 വിശ്വാസികളെ ആരാധനാ സ്ഥലം റെയ്ഡു ചെയ്ത് അറസ്റ്റു ചെയ്ത് ജയിലില്‍ അടയ്ക്കുകയുണ്ടായി.