വിശ്വാസത്തിന്റെ പരമ്പരാഗത ചട്ടക്കൂടുകളും ആധുനിക യാഥാർത്ഥ്യങ്ങളും: മാറ്റങ്ങളുടെ പാതയിൽ സഭയും സമൂഹവും
പി. പി. ചെറിയാൻ
ദൈവാലയത്തിന്റെ പടിവാതിൽ കടന്നുകയറുമ്പോൾ മനസ്സ് സ്വാഭാവികമായി ദൈവസാന്നിധ്യത്തിലേക്ക് ഉയരേണ്ടതാണ്. എന്നാൽ ഇന്ന് പല ദൈവാലയങ്ങളിലും അനുഭവപ്പെടുന്നത് പ്രാർത്ഥനയുടെ നിശ്ശബ്ദതയല്ല, മറിച്ച് സാമൂഹിക സമ്മേളനങ്ങളുടെ ശബ്ദമാണ്.
“ദൈവാലയത്തിലേക്ക് പ്രവേശിക്കുമ്പോൾ മൗനമായി പ്രാർത്ഥിക്കുക” എന്ന സന്ദേശം സ്ക്രീനിൽ തെളിഞ്ഞുനിൽക്കുമ്പോഴും, അതിന് താഴെ നടക്കുന്ന സംഭാഷണങ്ങൾ ആ സന്ദേശത്തെ പരിഹസിക്കുന്നതുപോലെയാണ് തോന്നുന്നത്.
ഇത് കേവലം ശബ്ദത്തിന്റെ പ്രശ്നമല്ല മറിച് വിശ്വാസത്തിന്റെ ഗൗരവം ക്രമേണ നഷ്ടപ്പെടുന്ന ഒരു വലിയ പ്രതിസന്ധിയുടെ ലക്ഷണമാണ്.
ഒരുകാലത്ത് ദൈവാലയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് മനസ്സിനെ പ്രാർത്ഥനയ്ക്കായി ഒരുക്കാൻ മാതാപിതാക്കളും അധ്യാപകരും വൈദികരും ഒരുപോലെ പഠിപ്പിച്ചിരുന്നു. ഇന്ന് അതേ ദൈവാലയങ്ങളിൽ നിശ്ശബ്ദത ആവശ്യപ്പെടാൻ പോലും ആരും തയ്യാറല്ല.
സഭാനേതൃത്വത്തിന്റെ പ്രതികരണവും പലപ്പോഴും നിരാശാജനകമാണ്. “ഞാൻ പറയുന്നുണ്ട്; പക്ഷേ ആളുകൾ കേൾക്കുന്നില്ല” എന്ന നിസ്സഹായത ഉത്തരവാദിത്തത്തിൽ നിന്നുള്ള പിന്മാറ്റമായി മാത്രമേ കാണാൻ കഴിയൂ. നേതൃത്വം എന്നത് സാഹചര്യം വിവരിക്കുന്നതല്ല, മറിച്ച് കൃത്യമായ ദിശാബോധം നൽകുന്നതാണ്.
ഇതിനേക്കാൾ ആശങ്കാജനകമായ മറ്റൊരു പ്രവണത, ദൈവവചനത്തെ കാലത്തിന്റെ മനോഭാവത്തിനനുസരിച്ച് പുനർവ്യാഖ്യാനിക്കാൻ നടത്തുന്ന ശ്രമങ്ങളാണ്.
അടുത്തിടെ ഒരു ധ്യാനപ്രസംഗത്തിൽ വിവാഹത്തെ “രണ്ടുപേരുടെ കഴുത്തിലിടുന്ന ഒരു നുകം” എന്ന് വിശേഷിപ്പിച്ചശേഷം, “ആ നുകം ഭാരമായി തോന്നുന്നുവെങ്കിൽ അത് ഊരിവെക്കുന്നതാണ് ബുദ്ധി” എന്ന പരാമർശം കേൾക്കാനിടയായി.
ഒരു നിമിഷം അത് ഒരു കുടുംബ കൗൺസിലറുടെ അഭിപ്രായമാണോ, അതോ സഭയുടെ അൾത്താരയിൽ നിന്ന് ഉയരുന്ന പ്രബോധനമാണോ എന്ന സംശയം പോലും തോന്നി.
ജീവിതത്തിന്റെ അന്ത്യം വരെ നിലനിൽക്കേണ്ട, ദൈവത്തെ മൂന്നാമത്തെ കണ്ണിയായി കണ്ട് പ്രതിസന്ധികളെ തരണം ചെയ്യേണ്ട പവിത്രമായ ഒരു ബന്ധത്തെക്കുറിച്ച് (Sacramental Bond) വചനാധിഷ്ഠിതമായി പ്രബോധിപ്പിക്കേണ്ട സ്ഥാനത്തുനിന്ന് ഇത്തരം സന്ദേശങ്ങൾ നൽകുന്നത് കേൾവിക്കാരായ ചെറുപ്പക്കാരിലും ദമ്പതികളിലും വലിയ ആശയക്കുഴപ്പമാണ് സൃഷ്ടിക്കുന്നത്.
ക്രിസ്തുവിനും വിശ്വാസത്തിനും വേണ്ടി ശരീരം പന്തം പോലെ കത്തിയെരിയാനും, സിംഹക്കൂട്ടിലേക്ക് എറിയപ്പെടാനും, ശരീരം ഈർച്ചവാളിനാൽ അറുക്കപ്പെടാനും മടിക്കാത്ത രക്തസാക്ഷികളുടെ ചരിത്രമുള്ള ഒരു സമൂഹത്തിന്, “ഭാരം തോന്നുമ്പോൾ ഉപേക്ഷിക്കുക” എന്ന ഉപദേശം എന്ത് മാതൃകയാണ് നൽകുന്നത്? ദൈവവചനം കാലത്തിനനുസരിച്ച് മാറ്റിയെഴുതാനുള്ളതല്ലെന്നും, എഴുതപ്പെട്ട വചനങ്ങൾ മാറ്റമില്ലാതെ പാലിക്കപ്പെടേണ്ടതാണെന്നും ഒരുവിഭാഗം വിശ്വാസികൾ ഉറച്ചുവിശ്വസിക്കുന്നു.
ഏറ്റവും ഗുരുതരമായ ചോദ്യം ഇതാണ്: എന്താണ് ഈ “ഭാരം”?ചെറിയ അഭിപ്രായവ്യത്യാസമോ?സാമ്പത്തിക പ്രതിസന്ധിയോ?രോഗമോ?സ്വഭാവവ്യത്യാസങ്ങളോ?അതോ കുടുംബപീഡനമോ?
ഈ നിർണായകമായ ചോദ്യത്തിന് കൃത്യമായ മറുപടി നൽകാതെ, “ഭാരമാകുമ്പോൾ ഉപേക്ഷിക്കുക” എന്ന പൊതു സന്ദേശം നൽകുന്നത് അനേകം യുവദമ്പതികളുടെ മനസ്സിൽ അപകടകരമായ ആശയക്കുഴപ്പം വിതയ്ക്കാൻ ഇടയാക്കും.
വിവാഹകൂദാശയിൽ വരനോടും വധുവിനോടും “മരണത്തിനല്ലാതെ നിങ്ങളെ വേർപിരിക്കാൻ കഴിയരുത്” എന്ന ദൈവവചനം ഏറ്റുപറയിക്കുന്ന അതേ സഭയുടെ വേദിയിൽ നിന്നാണ് ഇതുപോലൊരു സന്ദേശം ഉയരുന്നതെങ്കിൽ, വിശ്വാസികൾക്ക് ചോദ്യങ്ങൾ ചോദിക്കാനുള്ള അവകാശമുണ്ട്.
സഭയുടെ പ്രബോധനം കാലത്തിനനുസരിച്ച് വിശദീകരിക്കാം; എന്നാൽ അതിന്റെ അടിസ്ഥാനസത്യങ്ങളെ മാറ്റിസ്ഥാപിക്കാനോ, അവയെ അവ്യക്തമാക്കാനോ ആർക്കും അധികാരമില്ല.
സഭയുടെ വിശ്വാസപാരമ്പര്യത്തിൽ വിവാഹം ഒരു സാമൂഹിക കരാർ മാത്രമല്ല, ദൈവസാക്ഷ്യത്തിൽ സ്ഥാപിതമാകുന്ന ഒരു കൂദാശയാണ്. അതിൻ്റെ സ്ഥിരതയും വിശുദ്ധിയും സഭയുടെ അടിസ്ഥാന പ്രബോധനങ്ങളിലൊന്നാണ്.
അതേസമയം, ഈ വിശുദ്ധിയെക്കുറിച്ച് സംസാരിക്കുമ്പോൾ ജീവിതത്തിന്റെ യാഥാർഥ്യങ്ങളെ അവഗണിക്കാനും സഭയ്ക്ക് കഴിയില്ല:കുടുംബപീഡനം,ഗുരുതരമായ മാനസിക പീഡനം.ജീവന് ഭീഷണിയായ സാഹചര്യങ്ങൾ ഇവയെ സാധാരണ ദാമ്പത്യപ്രശ്നങ്ങളോട് ഒരുപോലെ കാണുന്നത് നീതിയാകില്ല.
അത്തരം സാഹചര്യങ്ങളിൽ വ്യക്തിയുടെ സുരക്ഷയും അന്തസ്സും സംരക്ഷിക്കപ്പെടേണ്ടത് സഭയുടെ ധാർമിക ഉത്തരവാദിത്തത്തിന്റെ ഭാഗം തന്നെയാണ്.
അതുകൊണ്ടാണ് ഈ വിഷയത്തിൽ വ്യക്തത അത്യന്താപേക്ഷിതമാകുന്നത്. വിവാഹബന്ധം സംരക്ഷിക്കണമെന്ന് പറയുന്നതും, ഏത് സാഹചര്യത്തിലും അത് ഉപേക്ഷിക്കരുതെന്ന് പറയുന്നതും തമ്മിൽ വ്യത്യാസമുണ്ട്.
അതുപോലെ, പീഡനപരമായ സാഹചര്യങ്ങളിൽ നിന്ന് നിയമപരമായും ധാർമികമായും സംരക്ഷണം തേടേണ്ട അവകാശം അംഗീകരിക്കുന്നതും, വിവാഹത്തിന്റെ വിശുദ്ധിയെ നിസ്സാരവത്കരിക്കുന്നതും ഒരേ കാര്യമല്ല.
ഈ സൂക്ഷ്മമായ അതിർവരമ്പുകൾ സഭയുടെ പ്രബോധനങ്ങളിൽ വ്യക്തമായി പ്രതിഫലിക്കേണ്ടതുണ്ട്.
ആരാധനാവേദിയിൽ നിന്ന് ഉച്ചരിക്കപ്പെടുന്ന ഓരോ വാക്കും വിശ്വാസികളുടെ ജീവിതത്തെ സ്വാധീനിക്കുന്നവയാണ്. അതിനാൽ വ്യക്തിപരമായ ഉപമകളും പ്രയോഗങ്ങളും ഉപയോഗിക്കുമ്പോൾ പോലും, അവ സഭയുടെ വിശ്വാസപാരമ്പര്യത്തെയും ഔദ്യോഗിക പഠിപ്പിക്കലുകളെയും തെറ്റായി വ്യാഖ്യാനിക്കാൻ ഇടയാക്കരുത്.
പ്രത്യേകിച്ച് വിവാഹം പോലുള്ള കൂദാശകളെ സംബന്ധിക്കുന്ന വിഷയങ്ങളിൽ പ്രസംഗങ്ങൾ കൂടുതൽ ഉത്തരവാദിത്തത്തോടെയും ദൈവശാസ്ത്രപരമായ വ്യക്തതയോടെയും അവതരിപ്പിക്കപ്പെടേണ്ടതുണ്ട്.
അതേസമയം, വിശ്വാസികൾക്കും ആത്മപരിശോധന ആവശ്യമാണ്. ദൈവാലയത്തിലെ നിശ്ശബ്ദതയും പ്രാർത്ഥനാഭാവവും സംരക്ഷിക്കുന്നത് വൈദികരുടെ മാത്രം ഉത്തരവാദിത്തമല്ല; ഓരോ വിശ്വാസിയുടെയും കടമയാണ്.
ആരാധനയെ സാമൂഹിക ഇടപെടലുകളിൽ നിന്ന് വേർതിരിച്ച് അതിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കാൻ സഭയും വിശ്വാസിസമൂഹവും ഒരുമിച്ച് പ്രവർത്തിക്കേണ്ട സമയമാണിത്.
വിശ്വാസത്തിന്റെ അടിസ്ഥാനമൂല്യങ്ങൾ സംരക്ഷിക്കുന്നതും മനുഷ്യന്റെ അന്തസ്സും സുരക്ഷയും ഉറപ്പാക്കുന്നതും പരസ്പരവിരുദ്ധമായ ലക്ഷ്യങ്ങളല്ല. ഈ രണ്ടിനും ഇടയിൽ ശരിയായ സന്തുലനം കണ്ടെത്തുകയാണ് ഇന്നത്തെ സഭ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന്.
ആ സന്തുലനം നഷ്ടപ്പെട്ടാൽ വിശ്വാസത്തിനും മനുഷ്യജീവിതത്തിനും ഒരുപോലെ മുറിവേൽക്കും. അതുകൊണ്ട് ദൈവാലയങ്ങളിൽ വീണ്ടും നിശ്ശബ്ദത,പ്രബോധനങ്ങളിൽ വീണ്ടും വ്യക്തത,
വിശ്വാസജീവിതത്തിൽ വീണ്ടും ഉത്തരവാദിത്തബോധം ഇവ തിരിച്ചുവരേണ്ടത് കാലത്തിന്റെ അനിവാര്യമായ ആവശ്യമായി മാറിയിരിക്കുന്നു.

