ക്രൈസ്തവര്‍ക്കെതിരെ ആക്രമണം; 20,000 വിധവമാരെയും അനാഥരെയും സൃഷ്ടിച്ചു
ക്രൈസ്തവരെ കൊന്നൊടുക്കുന്നതില്‍ കുപ്രസിദ്ധി നേടിയ നൈജീരിയായില്‍ കഴിഞ്ഞ രണ്ടു വ്യാഴവട്ടത്തിനിടയില്‍ കൊല്ലപ്പെട്ട ക്രൈസ്തവര്‍ ആയിരങ്ങളാണ്.
ക്രിസ്തീയ വിശ്വാസത്തിന്റെ പേരില്‍ ജീവത്യാഗം ചെയ്തവരുടെ ഭാര്യമാരുടെയും, മക്കളുടെയും, മാതാപിതാക്കളുടെയുമൊക്കെ കണക്കെടുത്താല്‍ 20,000 ത്തോളം വിധവമാരും അനാഥരും സൃഷ്ടിക്കപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ദി ചര്‍ച്ച് ഓഫ് ബ്രദറണ്‍ കൂട്ടായ്മകളുടെ പ്രസിഡന്റ് ഡോ. കാലെസ് എഹിമയുമായി ഒരു പ്രമുഖ പത്രം നടത്തിയ അഭിമുഖത്തിലാണ് ഞെട്ടിക്കുന്ന ഈ വിവരം.
നൈജീരിയായിലെ പ്രമുഖ ഇസ്ളാമിക മതമൌലികവാദി ഗ്രൂപ്പായ ഫുലാനി ഗോത്രവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട അക്രമികളാണ് ഇപ്പോള്‍ ക്രൈസ്തവരെ കൊന്നൊടുക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. നൈജീരിയായുടെ മദ്ധ്യ-വടക്കന്‍ പ്രവിശ്യകളിലാണ് ക്രൈസ്തവര്‍ കൂടുതലായും ആക്രമണങ്ങള്‍ക്കിരയാകുന്നത്.
കൃഷിപ്പണികള്‍ ചെയ്ത് ഉപജീവിതം കഴിക്കുന്ന സാധാരണക്കാരായ ക്രൈസ്തവരുമായി കന്നുകാലികളെ മേയ്ക്കുന്ന ഫുലാനി മുസ്ളീങ്ങള്‍ പോരാട്ടത്തിലാണ്. വളരെ നിസ്സാരമായ കാര്യങ്ങള്‍ക്കുപോലും രാത്രിയുടെ മറവില്‍ ക്രൈസ്തവരുടെ വീടുകള്‍ കയറി വെടിവെച്ചും, വെട്ടിയും കൊലപ്പെടുത്തുകയാണ് ഇവരുടെ രീതി.
കൂടുതലായി പുരുഷന്മാരെയാണ് ഇവര്‍ വക വരുത്തുന്നത്. ആക്രമിച്ചതിനുശേഷം വീടു കൊള്ളയടിക്കുന്നതും പതിവാണ്. ക്രൈസ്തവര്‍ വിശ്വാസത്തിന്റെ പേരില്‍ പ്രതികരിക്കാത്തതാണ് ഇവരുടെ ബലം.
അക്രമികള്‍ കന്നുകാലികളെ ഉപയോഗിച്ച് ക്രൈസ്തവരുടെ കൃഷിയിടങ്ങള്‍ നശിപ്പിക്കുന്നതു ചോദ്യം ചെയ്യുന്നതു തര്‍ക്കങ്ങളാക്കി ആക്രമണങ്ങളിലേക്കു കാര്യങ്ങള്‍ എത്തിക്കുന്നതാണ് ഇവരുടെ രീതി. കൂട്ടക്കൊലയെത്തുടര്‍ന്നു പല കുടുംബങ്ങളിലും ആരും ഇല്ലാത്ത സ്ഥിതികളുമുണ്ട്.
ഭര്‍ത്താക്കന്മാര്‍ നഷ്ടപ്പെട്ട വിധവകള്‍ തങ്ങളുടെ മക്കളെയും പ്രായമായവരെയും നോക്കുവാന്‍ വളരെ പാടുപെടുന്നു. യൌവ്വനക്കാരായ മക്കള്‍ നഷ്ടപ്പെട്ട മാതാപിതാക്കളും മാതാപിതാക്കള്‍ നഷ്ടപ്പെട്ട പിഞ്ചു കുഞ്ഞുങ്ങളുമൊക്കെ പല വീടുകളിലെയും രോദനങ്ങളാണ്.
പലപ്പോഴും തീവ്രവാദികളെ ഭയന്നു ഭരണകൂടവും നിയമപാലകരും നിശ്ശബ്ദത പാലിക്കുകയാണ് പതിവ്. കൊല്ലപ്പെടുന്ന ക്രൈസ്തവര്‍ പെന്തക്കോസ്തുകാരും, ബ്രദറണ്‍ -ബാപ്റ്റിസ്റ്റ് സഭക്കാരും സുവിശേഷ വിഹിത സഭക്കാരും,കത്തോലിക്കരും, പ്രൊട്ടസ്റ്റന്റ് വിഭാഗക്കാരുമൊക്കെയാണ്. എങ്കിലും ക്രിസ്തുവിലുള്ള വിശ്വാസം മുറുകെ പിടിച്ച് ജീവിക്കുന്നവരാണിവര്‍ .

