ഫോണിലെ ഈ മൂന്ന് സ്ക്രീന്‍ ഷെയറിംഗ് ആപ്പുകള്‍ സുരക്ഷിതമല്ല; നീക്കണമെന്ന് സര്‍ക്കാര്‍.
ന്യൂഡെല്‍ഹി: മൊബൈല്‍ ഫോണ്‍ ഇന്റര്‍നെറ്റ് ഉപയോഗം ഇന്ന് ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത പ്രധാനപ്പെട്ട ഘടകങ്ങള്‍ ആയി മാറിക്കഴിഞ്ഞപ്പോള്‍ സൈബര്‍ കുറ്റകൃത്യങ്ങളും രാജ്യത്ത് ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
വ്യത്യസ്തമായ പല തട്ടിപ്പുകളും ഇന്ന് നടക്കുന്നതായും ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. സ്ക്രീന്‍ ഷെയറിംഗ് മൊബൈല്‍ ആപ്ളിക്കേഷനുകളെ സംബന്ധിച്ചാണ് ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്.
ഇന്ത്യന്‍ സൈബര്‍ 14 സി പ്രകാരം ഫോണിലുപയോഗിക്കുന്ന സ്ക്രീന്‍ ഷെയറിംഗ് ആപ്പുകള്‍ കടുത്ത സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നവയാണ്.
സൈബര്‍ തട്ടിപ്പുകള്‍ക്ക് ഇതുവഴി ഫോണിലെ ഡേറ്റകള്‍ ചോര്‍ത്താനും ഇതുവഴി നിയന്ത്രണം കൈക്കലാക്കാനും കഴിയും. നിലവില്‍ എനി ഡെസ്ക് ടീംവ്യൂവര്‍, ക്യുക്ക് സപ്പോര്‍ട്ട് എന്നിവയാണ് ഫോണില്‍നിന്നും നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന ആപ്ളിക്കേഷനുകള്‍.
ബാങ്ക് ഉദ്യോഗസ്ഥരായോ, കസ്റ്റമര്‍ കെയര്‍ ഓപ്പറേറ്ററായോ, ഗവണ്മെന്റിന്റെ പ്രതിനിധികളായോ ആയി ഉപഭോക്താക്കളെ സമീപിച്ച ശേഷം സ്ക്രീന്‍ ഷെയര്‍ ചെയ്യാന്‍ ആവശ്യപ്പെടുകയും അതുവഴി വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ കഴിയുകയും ചെയ്യും എന്നതാണ് ഇതിന്റെ പ്രത്യേകത.
ഇത്തരം ആപ്പുകള്‍ വഴി ഇവര്‍ ഉപഭോക്താവിന്റെ ബാങ്കിംഗ് ഇടപാടുകള്‍ മോണിറ്റര്‍ ചെയ്യുകയും ഒടിപി പാസ്വേഡ് എന്നിവ ചോര്‍ത്തുകയും ഉപഭോക്താവ് അറിയാതെ തന്നെ പണം ചോര്‍ത്തുകയും ചെയ്യും. അതിനാല്‍ ഏവരും ജാഗ്രത പാലിക്കുക.

