വിശപ്പു മാറ്റാന്‍ 6 വയസ്സുകാരന്‍ പട്ടിയുടെ പാലു കുടിക്കുന്നു
ഝാര്‍ഖണ്ഡ് സ്വദേശിയായ 6 വയസ്സുകാരന്‍ ഛോട്ടുവിന്റെ ജീവന്‍ നിലനിര്‍ത്തുന്നത് തെരുവുനായയാണ്. പിതാവു മരിച്ച കുടുംബത്തിലെ അംഗമായ ഈ കൊച്ചു കുട്ടി തന്റെ കുടുംബത്തിലെ ദാരിദ്യ്രം നിമിത്തം വിശപ്പടക്കുന്നത് പട്ടിയുടെ പാല്‍ കുടിച്ചാണെന്നുള്ള കഥ വിദേശ മാധ്യമങ്ങള്‍പോലും വന്‍ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്. ഛോട്ടുവിന്റെ പിതാവ് മൂന്നു വര്‍ഷം മുമ്പ് മരിച്ചു. അമ്മ ശനിപരിദേവിയും, 60 കാരിയായ അമ്മൂമ്മയും, 14-ഉം, 3 വയസ്സുള്ള സഹോദരന്മാരുമാണ് ഛോട്ടുവിന്റെ കുടുംബം. മൂത്ത സഹോദരന്‍ ഹോട്ടലില്‍ പണിക്കുപോയി കൊണ്ടുവരുന്ന തുച്ഛമായ വരുമാനമാണ് കുടുംബത്തിന്റെ ഏക വരുമാനം. അമ്മയും, അമ്മൂമ്മയും വനവിഭവങ്ങള്‍ ശേഖരിച്ചും വിറകു വെട്ടിയും ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നു. പട്ടിണിമൂലം സ്കൂളില്‍ പോകുവാന്‍ കഴിയാത്ത ഛോട്ടു കുറച്ചു കാലമായി തെരുവുനായ്ക്കളുമായി ചെങ്ങാത്തത്തിലാണ്. പട്ടിക്കുഞ്ഞുങ്ങളോടൊപ്പം കളിയാണ് പ്രധാന വിനോദം. ഒരു ദിവസം ഛോട്ടു പട്ടിപ്പാല്‍ കുടിക്കുന്നത് അമ്മ കാണുവാന്‍ ഇടയായി. പിന്തിരിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ പരാജയപ്പെട്ടു. ഛോട്ടു പാലു കുടിക്കുകതന്നെ ചെയ്തു. നായയുടെ പിന്‍കാലില്‍ പിടിച്ച് നിലത്തു മുട്ടുകുത്തിക്കിടന്നാണ് ഛോട്ടുവിന്റെ പാല്‍കുടി. തള്ളപ്പട്ടിയാകട്ടെ തന്റെ സ്വന്തം കുഞ്ഞിനു പാലു കൊടുക്കുന്നതുപോലെ വളരെ ശാന്തമായി നിന്നുകൊടുക്കും. എന്തായാലും അയല്‍ക്കാര്‍ ഇടപെട്ടു ഛോട്ടുവിനെ ഗുണദോഷിച്ചു. പേവിഷബാധയേറ്റാല്‍ കാര്യങ്ങള്‍ ഗുരുതരമാകുമെന്നു അവര്‍ പറഞ്ഞെങ്കിലും ഛോട്ടു പിന്മാറിയില്ല. ഒടുവില്‍ അവര്‍ ഛോട്ടുവിനെ സ്കൂളില്‍ വിടുവാന്‍ മുന്‍കൈ എടുത്തു. മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിച്ച ഈ സംഭവം ഇന്ത്യക്കു തന്നെ നാണക്കേടാണ്.