വെസ്റ്റ് ബാങ്കില്‍ യിസ്രായേല്‍ 25000 വീടുകള്‍ നിര്‍മ്മിക്കുന്നു
യെരുശലേം: യിസ്രായേല്‍ -പലസ്തീന്‍ സംഘര്‍ഷ മേഖലയായ വെസ്റ്റ് ബാങ്കിലെ യഹൂദ പാര്‍പ്പിട സമുച്ചയത്തില്‍ യിസ്രായേല്‍ 25000 വീടുകള്‍ നിര്‍മ്മിക്കുന്നു.
യൂദയായിലും, ശമര്യായിലും (ബൈബിള്‍ വെസ്റ്റ് ബാങ്കിന്റെ പഴയ പേരാണ് ശമര്യ) ചെറുതും വലുതുമായ എല്ലാ പാര്‍പ്പിട സമുച്ചയങ്ങളിലും കൂടുതല്‍ വീടുകള്‍ നിര്‍മ്മിക്കുകയാണ് പദ്ധതിയെന്നും യിസ്രായേല്‍ പ്രതിരോധ മന്ത്രി അപക്ദോര്‍ ലീബര്‍മാന്‍ വ്യക്തമാക്കി.
ഗാസയും കിഴക്കന്‍ യെരുശലേമും വെസ്റ്റ് ബാങ്കും ഉള്‍പ്പെട്ട മേഖലയാണ് ഭാവി പലസ്തീന്‍ രാഷ്ട്രത്തിനായി പലസ്തീന്‍കാര്‍ വര്‍ഷങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.
ഇപ്പോള്‍ വെസ്റ്റ് ബാങ്കിലും കിഴക്കന്‍ യെരുശലേമിലുമായി 5 ലക്ഷം യിസ്രായേലുകാര്‍ താമസിക്കുന്നുണ്ട്. ഇവിടെ 2.6 മില്യണ്‍ പലസ്തീനികളാണുള്ളത്. യിസ്രായേല്‍ പ്രതിരോധ മന്ത്രിയുടെ പ്രഖ്യാപനത്തെ പലസ്തീന്‍ നേതാക്കള്‍ ശക്തമായ എതിര്‍പ്പു പ്രകടിപ്പിച്ചു.
സമാധാനത്തിനു തടസ്സമുണ്ടാക്കുന്ന നടപടിയാണിതെന്നാണ് ഇവരുടെ വാദം. എന്നാല്‍ യഹൂദന്റെ വാഗ്ദത്ത ദേശമായ യിസ്രായേലില്‍ അവര്‍ക്ക് വാസസ്ഥലമൊരുക്കുന്ന നടപടികള്‍ യിസ്രായേല്‍ ശക്തമാക്കി വരികയാണ്. മുമ്പും ഇവിടെ പാര്‍പ്പിടങ്ങള്‍ ഒരുക്കിയിരുന്നു.