ഉപവാസത്തിനുശേഷം എന്തൊക്കെ ഭക്ഷണം കഴിക്കാം

Breaking News Health

ഉപവാസത്തിനുശേഷം എന്തൊക്കെ ഭക്ഷണം കഴിക്കാം
ഉപവാസം (ഫാസ്റ്റിംഗ്) ഇന്ന് എല്ലാ മത വിശ്വാസികളും അനുഷ്ഠിച്ചു വരുന്ന ഒരു ആചാരമാണ്. ആത്മീയമായ കാര്യങ്ങള്‍ക്കു തന്നെയാണ് ഭൂരിപക്ഷവും ഉപവാസത്തിലാകുന്നത്.

ഉപവാസം ആത്മീയമായി മാത്രം പ്രയോജനപ്പെടുന്നുവെന്നാണ് ചിലര്‍ ചിന്തിക്കുന്നത്. എന്നാല്‍ വൈദ്യശാസ്ത്രം പറയുന്നു; ഉപവാസത്തിലൂടെ മനുഷ്യന്‍ ശാരീരികമായും മാനസികമായും ശുദ്ധീകരിക്കപ്പെടുന്നുവെന്നാണ്.

ഉപവാസ വേളയില്‍ ആമാശയ വ്യവസ്ഥ ഏതാനും മണിക്കൂറുകള്‍ പൂര്‍ണ്ണ വിശ്രമത്തിലായിരിക്കും. ഇത് ശരീരത്തിന് വലിയ ഗുണമാണ് ചെയ്യുന്നത്. ഉപവാസം ശീലമാക്കിയാല്‍ ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിക്കുമെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

ഉപവാസ കാലത്ത് ശരീരത്തിന്റെ പ്രക്രീയ: ഉപവാസ കാലത്ത് കുടലിന്റെ ജോലി കുറയുന്നു. ഇതുമൂലം ശരീരത്തിലെ വിഷമാലിന്യങ്ങള്‍ നീക്കം ചെയ്യപ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാകുന്നു. വിഷമാലിന്യങ്ങള്‍ ശരീര കോശങ്ങളില്‍നിന്നും നീക്കം ചെയ്യപ്പെടുന്നു. ഇതിനെ ഡീടോക്സിഫിക്കേഷന്‍ എന്നാണ് അറിയപ്പെടുന്നത്.

ഉപവാസത്തിനുശേഷം കഴിക്കാവുന്നവ: ഉപവാസത്തിനുശേഷം ആദ്യം കഴിക്കാവുന്നതു കഞ്ഞി, പഴച്ചാറുകള്‍ ‍, പഴങ്ങള്‍ തുടങ്ങിയവയാണ്. ഈ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പോഷക സമൃദ്ധമാണ്. വളരെ പെട്ടന്നുതന്നെ ദഹിക്കും. ആന്റീ ഓക്സിഡന്റുകളും, വിറ്റാമിനുകളും ധാരാളമുള്ള ഇത്തരം വിഭവങ്ങള്‍ ശരീരത്തിന്റെ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്നു.

ഈ ഭക്ഷണം ശരീരത്തിന്റെ ഊര്‍ജ്ജം പെട്ടന്നു തിരികെ കിട്ടുവാന്‍ സഹായിക്കുന്നു. എന്നാല്‍ ആരോഗ്യ പ്രശ്നമുള്ളവരും പ്രമേഹം, ബി.പി. തുടങ്ങിയ രോഗങ്ങളുള്ളവരും ഉപവാസത്തിനു മുമ്പ് ഡോക്ടറുടെ ഉപദേശം സ്വീകരിക്കുന്നതു നല്ലതായിരിക്കും. കാരണം രോഗങ്ങള്‍ക്കു പതിവായി മരുന്നു കഴിക്കുന്നവര്‍ ആഹാരത്തില്‍ നിയന്ത്രണങ്ങള്‍ പാലിക്കാന്‍ പാടില്ലല്ലോ.

ഭക്ഷണത്തിനു മുമ്പും പിമ്പും കഴിക്കേണ്ട മരുന്നുകളുണ്ട്. തുടര്‍ച്ചയായി ഏതാനും മണിക്കൂറുകളോ, ദിവസങ്ങളോ ഭക്ഷണം കഴിക്കാതിരിക്കുമ്പോള്‍ രക്തത്തിലെ ഗ്ളൂക്കോസിന്റെ അളവ് ചിലരില്‍ അസാധാരണ നിലയില്‍ കുറഞ്ഞു പോകാനുള്ള സാദ്ധ്യതയുണ്ട്. ക്ഷീണം, തലചുറ്റല്‍ എന്നിവ ഉണ്ടായേക്കാം. അതുകൊണ്ടാണ് ഡോക്ടറെ കാണണമെന്ന് നിഷ്ക്കര്‍ഷിക്കുന്നത്.

ഉപവാസ സമയത്തും ശേഷവും ധാരാളം വെള്ളം കുടിക്കണം. ശരീരത്തിലെ നിര്‍ജ്ജലീകരണം തടയാനാണിത്. ഉപവാസത്തിനുശേഷം കഴിക്കുവാന്‍ പറ്റിയ ഒരു വിഭവമാണ് ഈന്തപ്പഴം. ശരീരത്തിനു കായികമായും മാനസികമായും കരുത്തു പകരുന്നു. ഈന്തപ്പഴത്തില്‍ ധാരാളം ഇരുമ്പ് അടങ്ങിയിരിക്കുന്നു. അതിനാല്‍ നല്ല ഊര്‍ജ്ജം ലഭിക്കും. അതുപോലെ നട്സ് കഴിക്കുന്നതും നല്ലതാണ്.

എന്നാല്‍ അമിതമാകരുത്. 100 ഗ്രാം നട്സ് കഴിച്ചാല്‍ , ഏതു തരം നട്സ് ആണെങ്കിലും 550 കലോറി ഊര്‍ജ്ജം കിട്ടും. നട്സില്‍ ഉയര്‍ന്ന കലോറി ഊര്‍ജ്ജമാണുള്ളത്. മാത്രമല്ല നട്സ് കഴിച്ചാല്‍ തൂക്കം കൂടും. അതുകൊണ്ട് അമിതമായി നട്സ് കഴിക്കരുത്.

ബദാം പരിപ്പ്, കപ്പലണ്ടി, എന്നീ നട്സില്‍ പ്രോട്ടീനും, ബീകോംപ്ളക്സും ധാരാളം അടങ്ങിയിട്ടുണ്ട്. ഉപവാസ സമയത്ത് ശരീരം നേരത്തെ സംഭരിച്ചു വച്ചിരിക്കുന്ന കൊഴുപ്പില്‍നിന്ന് ഊര്‍ജ്ജമെടുത്താണ് ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.