നോഹയുടെ പെട്ടകം പുതിയ ഭൂഗര്‍ഭ സ്കാനുകള്‍ക്ക് ശേഷം കണ്ടെത്തിയതായി ഗവേഷകര്‍
ബൈബിളിലെ നോഹയുടെ പെട്ടകം വര്‍ഷങ്ങളായി ഒരു ചര്‍ച്ചാവിഷയമാണ്. ലോകത്തിലെ ഏറ്റവും അതി പുരാതന പുരാവസ്തുവായ നോഹയുടെ പെട്ടകത്തിന്റെ കണ്ടെത്തലുകളെ ചുറ്റിപ്പറ്റിയാണ് വിവിധ അഭിപ്രായങ്ങള്‍ രൂപപ്പെട്ടു വരാറുള്ളത്.
എന്നാല്‍ ഏറ്റവും പുതിയൊരു വാര്‍ത്തകൂടി ലോകത്തിനു സമ്മാനിച്ചിരിക്കുകയാണ് തുര്‍ക്കിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘം ഗവേഷകര്‍.
ഒരു ഭൂപ്രകൃതിയില്‍ തുരങ്കങ്ങള്‍ പോലെ തോന്നിപ്പിക്കുന്ന ചിലത് പുതിയ സ്കാന്‍ ഡാറ്റായിലൂടെ കണ്ടെത്തിയെന്നാണ് പുതിയ അവകാശ വാദം.
ഇത് ആ സ്ഥലം നോഹയുടെ പെട്ടകം ആണെന്ന് അവര്‍ വിശ്വസിക്കുന്ന മനുഷ്യ നിര്‍മ്മിത വസ്തുവായിരിക്കാമെന്ന വാദത്തെ ശക്തിപ്പെടുത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
നോഹയുടെ ആര്‍ക് സ്കൂള്‍സിലെ ഗവേഷകനായ ആന്‍ഡ്രു ജോണ്‍സ് ബുധനാഴ്ച ഒരു പ്രമുഖ മാധ്യമത്തോടു പങ്കുവെച്ച അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്: അരാരാത്ത് പര്‍വ്വതത്തിനടുത്തുള്ള വിചിത്രമായ രൂപീകരണം യഥാര്‍ത്ഥ സംഭവമാണെന്ന് താന്‍ വിശ്വസിക്കുന്നതായി പറഞ്ഞു.
പ്രശസ്ത കപ്പലായ നോഹയുടെ പെട്ടകത്തിന്റെ യഥാര്‍ത്ഥവും ജീര്‍ണ്ണിച്ചതും മണ്ണിനടിയില്‍ അകപ്പെട്ടതുമായ അവശിഷ്ടങ്ങള്‍ ഇതാണെന്നു താന്‍ വിശ്വസിക്കുന്നു.
സംശയാലുക്കളെ ബോധ്യപ്പെടുത്താനും ഈ സ്ഥലം ലോകത്തെ കാണിക്കാനും ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നു. അദ്ദേഹം പറഞ്ഞു.
ഞങ്ങളുടെ പുതിയ ഗവേഷണം കാണിക്കുന്നത് കപ്പലിന്റെ മധ്യഭാഗത്തുനിന്നും ഹള്‍ ആകൃതിയിലുള്ള അകത്തെ അരികിലൂടെയും താഴേക്കു പോകുന്ന നാലു മീറ്റര്‍ താഴ്ചയിലും രണ്ട് മീറ്റര്‍ ഉയരത്തിലും തുരങ്കങ്ങളുണ്ടെന്നാണ്.
തുരങ്കങ്ങളും സാധ്യമായ താങ്ങു ബീമുകളും ഭിത്തികളും കാണിക്കുന്ന ഈ ലേഔട്ട്, ഇത് വെറുമൊരു പ്രകൃതിദത്ത രൂപീകരണമല്ല, മറിച്ച് ഒരു മനുഷ്യ നിര്‍മ്മിത വസ്തുവാണെന്ന് സൂചിപ്പിക്കുന്നുവെന്ന് ഞങ്ങള്‍ ശരിക്കും വിശ്വസിക്കുന്നു. ജോണ്‍സ് വിശദീകരിക്കുന്നു.
ഇറാനിയന്‍ അതിര്‍ത്തിയില്‍നിന്നും ഒരു മൈല്‍ മാത്രം അകലെയുള്ള ആ വിദൂര സ്ഥലം ഒരു കുന്ന് മാത്രമാണെന്ന് പറയുന്ന പല ഭൂഗര്‍ഭ ശാസ്ത്രജ്ഞന്മാരും ഇതിനോട് വിയോജിക്കുന്നു.
എന്നാല്‍ ആ പ്രദേശത്ത് പെട്ടകം വന്നിറങ്ങിയതായി ബൈബിളില്‍ (ഉല്‍പ്പത്തി 8:4) പറയുന്നുണ്ടെന്നും സ്ഥലത്തിന്റെ അളവുകള്‍ ബൈബിള്‍ വിവരണങ്ങളുമായി പൊരുത്തപ്പെടുന്നുവെന്നും രൂപീകരണത്തിനുള്ളിലെ മണ്ണ് പരിശോധനയില്‍ ശ്രദ്ധേയമായ ഫലങ്ങള്‍ കാണിച്ചിട്ടുണ്ടെന്നും ജോണ്‍സ് പറഞ്ഞു.
ഇപ്പോള്‍ കപ്പലിനുള്ളിലെ മണ്ണ് രൂപീകരണത്തിനു പുറത്തുള്ള മണ്ണില്‍നിന്ന് വ്യത്യസ്തമാണെന്ന് നമുക്ക് കാണുവാന്‍ കഴിയും.
അതിനാല്‍ കപ്പലിന്റെ പുറത്തുള്ളതിനേക്കാള്‍ മൂന്നിരട്ടി കൂടുതല്‍ ജൈവ വസ്തുക്കള്‍ കപ്പലിനുള്ളില്‍ കാണപ്പെടുന്നു. ഇതിനാല്‍ ഇത് പര്‍വ്വത നിരയുടെ ഭാഗം മാത്രമല്ല വ്യത്യസ്തമായ ഒരു വസ്തുവാണ്. ജോണ്‍സ് ഉറപ്പിച്ചു പറയുന്നു.
അടുത്ത ഘട്ടത്തില്‍ ഖനനം ആരംഭിക്കുന്നതിനു പകരം തുരങ്കങ്ങളിലേക്ക് ഒരു റോബോട്ടിനെ അയച്ച് സാമ്പിളുകള്‍ ചിത്രീകരിക്കുകയും ശേഖരിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
അരാരാത്ത് കിഴക്കന്‍ തുര്‍ക്കിയിലാണ്. ഇതില്‍ ഗ്രേറ്റര്‍ അരാരാത്ത്, ലിറ്റില്‍ അരാരാത്ത് എന്നീ രണ്ട് പര്‍വ്വതമുണ്ട്.
ഗ്രേറ്റര്‍ അരാരാത്ത് തുര്‍ക്കിയിലെയും അര്‍മേനിയായിലെയും ഏറ്റവും ഉയര്‍ന്ന പ്രദേശങ്ങളിലെ ഉയരം കൂടിയ കൊടുമുടിയാണ്. ലിറ്റില്‍ അരാരാത്ത് തുര്‍ക്കിയുടെ ഭാഗമാണ്.

