സീനായില്‍നിന്നും കണ്ടെടുത്ത 3800 വര്‍ഷം പഴക്കമുള്ള ലിഖിതങ്ങളില്‍ മോശെയെ പരാമര്‍ശിക്കുന്നത് ചര്‍ച്ചയാകുന്നു
സീനായ് മരുഭൂമി: ഈജിപ്ഷ്യന്‍ മരുഭൂമിയില്‍ സീനായ് പ്രദേശത്തുനിന്നും പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്ത 3800 വര്‍ഷം പഴക്കമുള്ള ലിഖിതങ്ങളില്‍ മോശെയുടെ പേര് പരാമര്‍ശിക്കുന്നത് പണ്ഡിതന്മാര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നു.
ഏരിയല്‍ യൂണിവേഴ്സിറ്റിയിലെ അമേരിക്കന്‍-യിസ്രായേലി എസ്സിഗോഫിസ്റ്റ് മൈക്കല്‍ എസ് ബാര്‍ റോണ്‍ സെറാബിത് എല്‍-ഖാദിമിന്റെ ടര്‍ക്കോയ്സ് ഖനന സ്ഥലത്ത് കണ്ടെത്തിയ പ്രോട്ടോ സിനൈറ്റിക് ലിഖിതങ്ങള്‍ വീണ്ടും വിശകലനം ചെയ്തു.
അദ്ദേഹത്തിന്റെ പഠനമനുസരിച്ച് പുരാതന കൊത്തുപണികളില്‍ കുറഞ്ഞത് രണ്ടെണ്ണമെങ്കിലും ഇങ്ങനെ എഴുതിയിരിക്കുന്നതായി കരുതപ്പെടുന്നു.
ഇത് മോശെയില്‍നിന്നുള്ളതാണ് (സോട്ട് എം മോഷെ), മോശെയുടെ പ്രഖ്യാപനം (ന്യൂം മോഷെ) എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവ സ്ഥിരീകരിച്ചാല്‍ ബൈബിളിന് പുറത്തുള്ള മോശെയെക്കുറിച്ചുള്ള ഏറ്റവും പഴക്കമുള്ള ലിഖിത പരാമര്‍ശമാണിത്.
ആദ്യകാല എബ്രായ തിരുവെഴുത്തുകള്‍ക്കും നൂറ്റാണ്ടുകള്‍ക്കു മുമ്പാണ് ഇത്. ലിഖിതങ്ങള്‍ ദൈവത്തിന്റെ ആദ്യകാല യിസ്രായേല്യ പദമായ ഏല്‍ എന്ന പേരിനെയും പരാമര്‍ശിക്കുന്നു.
കൂടാതെ ബാലത്ത് പോലുള്ള പുറജാതീയ ദേവതകളുടെ ആരാധനയെ നിരാകരിക്കുന്നതാണെന്ന് തോന്നുന്നു. ഇതു കണ്ടെത്തിയെങ്കിലും അക്കാദമിക് കേന്ദ്രങ്ങളില്‍ ഇപ്പോഴും സംശയത്തിന്റെ നിഴല്‍ നിലനില്‍ക്കുന്നുണ്ട്. പ്രോട്ടോ സിനൈറ്റിക് എഴുത്ത് ഏറ്റവും പഴക്കമുള്ള അക്ഷരമാല ലിപികളില്‍ ഒന്നാണ്.
അത് തിരിച്ചറിയാന്‍ ഏറെ പ്രയാസമാണ്. അതുകൊണ്ടുതന്നെ നിരവധി ഈജിപ്റ്റോളജിസ്റ്റുകള്‍ ഇതിനെതിരെ രംഗത്തു വരികയുണ്ടായി.
എന്നാല്‍ തന്റെ നിഗമനങ്ങള്‍ പ്രാരംഭഘട്ടത്തിലുള്ളതാണെന്നും ഇതുവരെ പിയര്‍-റിവ്യൂവിനു വിധേയമാക്കിയിട്ടില്ലെന്നും ബാര്‍-റോണ്‍ തന്നെ സമ്മതിക്കുന്നു.

