പെന്തക്കോസ്തുകാരെ അധിക്ഷേപിച്ചു എന്ന വിവാദത്തിനു ജോണ്‍ ബ്രിട്ടാസ് എംപിയുടെ മറുപടിയുടെ പൂര്‍ണ്ണ രൂപം
പെന്തക്കോസ്തു വിഭാഗത്തെയും അവരുടെ പ്രവര്‍ത്തന രീതിയെയും അധിക്ഷേപിച്ചു എന്ന കുറ്റാരോപണത്തിനു മറുപടിയുമായി സിപിഎം നേതാവും എംപിയുമായി ജോണ്‍ ബ്രിട്ടാസ്. അടുത്തിടെ ഒരു ഹിന്ദി സമൂഹ മാധ്യമത്തിനും നല്‍കിയ അഭിമുഖത്തിലെ ചില പരാമര്‍ശങ്ങള്‍ പെന്തക്കോസ്തു സമൂഹത്തെ വേദനിപ്പിച്ചതായി മനസ്സിലാക്കുന്നു.
വിദേശ പ്രതിനിധി സംഘത്തിന്റെ ഭാഗമായി രണ്ടാഴ്ച രാജ്യത്തിനു പുറത്തായിരുന്നതുകൊണ്ട് വിശദാംശങ്ങള്‍ ഇപ്പോഴാണ് ഞാന്‍ മനസ്സിലാക്കിയത്. മാത്രമല്ല പെന്തക്കോസ്ത് വിഭാഗത്തിലെ ചിലരുടെ സന്ദേശങ്ങളും വായിക്കാനിടയായതിന്റെ പശ്ചാത്തലത്തിലാണ് ഈ കുറിപ്പ്.
അടുത്തിടെയാണ് അഭിമുഖം നടത്തിയതെങ്കിലും മാസങ്ങള്‍ക്കുമുമ്പ് റെക്കോര്‍ഡ് ചെയ്തതാണെന്ന് അത് സൂഷ്മമായി കാണുന്നവര്‍ക്ക് മനസ്സിലാകും.
അഭിമുഖത്തില്‍ ഞാന്‍ പ്രധാനമായും ഊന്നല്‍ നല്‍കിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും രാജ്യത്ത് വര്‍ഗ്ഗീയ ധ്രുവീകരണം സൃഷ്ടിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ കുറിച്ചായിരുന്നു, അയോദ്ധ്യയുടെ പശ്ചാത്തലത്തില്‍ ഉയര്‍ത്തിയ ചോദ്യങ്ങളായിരുന്നു അഭിമുഖത്തില്‍ ഏറെയും.
പ്രധാനമന്ത്രി പറഞ്ഞിരിക്കുന്ന ഒരാള്‍ അയോദ്ധ്യയിലെ പ്രതിഷ്ഠയില്‍ മുഖ്യ പൂജാരിയായി കതാര്‍മ്മികത്വം വഹിച്ചത് ഇന്ത്യന്‍ ഭരണഘടനയുടെ അന്തസത്തക്ക് നിരക്കാത്തതാണെന്ന് ഞാന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
നെഹ്റു ഇതുമായി ബന്ധപ്പെട്ട് അന്നത്തെ പ്രസിഡന്റ് രാജേന്ദ്രപ്രസാദിന് അയച്ച കത്തുകളെക്കുറിച്ചും പരാമര്‍ശിക്കുന്നു. അതേസമയം വിശ്വാസം വ്യക്തിപരമാണെന്ന നിലപാടാണ് എനിക്കുള്ളതെന്നും അടിവരയിട്ടു പറഞ്ഞിരുന്നു.
അതിനിടയില്‍ പഞ്ചാബിലെ ഒരു സംഭവത്തെ മുന്‍നിര്‍ത്തി ചില ചോദ്യങ്ങള്‍ അവതാരകന്‍ ചോദിച്ചിരുന്നു. ഇതിനോട് പ്രതികരിച്ചപ്പോള്‍ പെന്തക്കോസ്ത് സമൂഹത്തിനു വിഷമം തോന്നുന്ന ചില കാര്യങ്ങള്‍ കടന്നു വന്നു എന്നാണ് ഇപ്പോഴത്തെ പരാതി.
നാലു മണിക്കൂറോളം നീണ്ടുനിന്ന അഭിമുഖം മുക്കാല്‍ മണിക്കൂറിലേക്ക് ചുരുക്കിയപ്പോള്‍ പലതും സന്ദര്‍ഭത്തില്‍നിന്നും അടര്‍ന്നു മാറി. ഒപ്പം വിശദീകരണങ്ങള്‍ നഷ്ടമാവുകയും ചെയ്തു.
ഇതാണ് തെറ്റിദ്ധാരണയ്ക്ക് വഴിവെച്ചത്.ഭരണഘടന നല്‍കുന്ന അവകാശപ്രകാരം ഏതു മതക്കാര്‍ക്കും അവരുടെ വിശ്വാസം മുറുകെ പിടിക്കാനുള്ള സ്വതന്ത്ര്യത്തിനുവേണ്ടി എക്കാലത്തും ഞാന്‍ നിലകൊണ്ടിട്ടുണ്ട്.
പാര്‍ലമെന്റിലെ എന്റെ ഇടപെടല്‍ ശ്രദ്ധിക്കുന്നവര്‍ക്ക് അത് ബോദ്ധ്യപ്പെടുന്നതാണ്. അതേസമയം അഭിമുഖത്തിലെ ഏതെങ്കിലും പരാമര്‍ശം പെന്തക്കോസ്തു വിഭാഗത്തിനു വിഷമം ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു.
ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി അചഞ്ചലമായി നിലകൊള്ളുന്ന പൊതു പ്രവര്‍ത്തകനാണ് ഞാന്‍ എന്ന കാര്യം അവര്‍ ഓര്‍മ്മിക്കും എന്നും ഞാന്‍ കരുതുന്നു.

