കാലാവസ്ഥാ വ്യതിയാനം: ഹിമാലയത്തില്‍ മഞ്ഞു വീഴ്ച കുറയുന്നതിനാല്‍ 200 കോടി ജനങ്ങള്‍ക്ക് ഭീഷണി
കാലാവസ്ഥാ വ്യതിയാനം മൂലം ഭൂമിയുടെ ചൂട് വര്‍ദ്ധിക്കുന്നതിനാല്‍ അത് ഹിമാലയന്‍ പര്‍വ്വത നിരകളെ കാര്യമായി ബാധിക്കുന്നു.
ഹിന്ദുകുഷ് മലനിരകളെയും ചൂടുപിടിപ്പിക്കുന്ന പാരിസ്ഥിതിക ദുരന്തം ഏകദേശം 200 കോടി ആളുകളെയാണ് ബാധിക്കാന്‍ പോകുന്നതെന്ന് ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്റഗ്രേറ്റഡ് മൌണ്ടന്‍ ഡെവലപ്മെന്റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പു നല്കുന്നു.
23 വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ മഞ്ഞ് വീഴ്ചയുള്ള വര്‍ഷമായാണ് 2024-25നെ രേഖപ്പെടുത്തിയിരിക്കുന്നത്.
സാധാരണ സമയങ്ങളില്‍ ഉള്ളതിനേക്കാള്‍ 23.6 ശതമാനം കുറവ് മഞ്ഞു വീഴ്ചയാണിത്. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ഇത്തരത്തില്‍ മഞ്ഞുവീഴ്ച കുറവുണ്ടാകുന്നതെന്ന വാര്‍ത്ത ആശങ്കയുളവാക്കുന്നു.
ഹിമാലയത്തിലെ മഞ്ഞുരുകല്‍ കാര്‍ഷിക മേഖലയിലും ജലസേചനത്തിനും തടസ്സം സൃഷ്ടിക്കും. ഗംഗ, സിന്ധു, ബ്രഹ്മപുത്ര തുടങ്ങിയ ഏഷ്യയിലെ പ്രധാനപ്പെട്ട 12 നദികള്‍ ഉല്‍ഭവിക്കുന്നത് ഹിമാലയത്തില്‍നിന്നാണ്.
ഹിമാലയന്‍ മലനിരകളിലെ മഞ്ഞുരുകി ഈ നദിയിലൂടെ ഒഴുകി വരുന്ന ജലത്തെ ആശ്രയിച്ചാണ്, ഇന്ത്യ, ചൈന, പാക്കിസ്ഥാന്, നേപ്പാള്‍, ബംഗ്ളാദേശ് രാജ്യങ്ങളിലെ കാര്‍ഷിക മേഖലയും വൈദ്യുത പദ്ധതികളുമൊക്കെ നിലനില്‍ക്കുന്നത്.
മഞ്ഞുവീഴ്ച കുറഞ്ഞാല്‍ അവ എല്ലാം താറുമാറാകും. ക്രമരഹിതമായ മഞ്ഞുവീഴ്ച നദികളുടെ ഒഴുക്കിനെ സാരമായി ബാധിക്കുന്നുവെന്ന് മാത്രമല്ല ഗുരുതരമായ വരള്‍ചയ്ക്കു കാരണമാകും.

