സാധാരണക്കാരന്റെ പാര്‍ട്ടിയുടെ മുഖ്യമന്ത്രിക്ക് 45 കോടിയുടെ ആസ്തി
ന്യൂഡെല്‍ഹി: പാവപ്പെട്ടവരെ ലക്ഷ്യമാക്കി രൂപീകരിച്ച സാധാരണക്കാരന്റെ പാര്‍ട്ടി എന്നര്‍ത്ഥമുള്ള ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാപകനും മുഖ്യമന്ത്രിയുമായിരുന്ന അരവിന്ദ് കേജരിവാളിനെതിരെ അതി രൂക്ഷ വിമര്‍ശനവുമായി ആം ആദ്മി പാര്‍ട്ടിയുടെ സഹസ്ഥാപകനും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍.
ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടിയുടെ പരാജയത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം കേജരിവാളിന്റേതാണെന്ന് പ്രശാന്ത് ഭഊഷണ്‍ കുറ്റപ്പെടുത്തി. എക്സിലായിരുന്നു പ്രശാന്ത് ഭൂഷന്റെ പ്രതികരണം.
നിലവിലെ രാഷ്ട്രീയത്തിന് ബദലായി രൂപീകരിച്ചതും സുതാര്യവും ഉത്തരവാദിത്വമുള്ളതും ജനാധിപത്യപരവുമായ ഒരു പാര്‍ട്ടിയെ കേജരിവാള്‍ സുതാര്യതയില്ലാത്ത, അഴിമതി നിറഞ്ഞ, ഏകാധിപത്യ സ്വഭാവമുള്ളതാക്കി മാറ്റിയെന്ന് പ്രശാന്ത് ഭൂഷന്‍ പറയുന്നു.
കേജരിവാള്‍ തനിക്കായി 45 കോടിയുടെ മാളിക പണിതു. ആഡംബര കാറുകളില്‍ യാത്ര ചെയ്യാന്‍ തുടങ്ങി. പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ പ്രവര്‍ത്തന രേഖയായി തയ്യാറാക്കിയ നയ റിപ്പോര്‍ട്ട് കേജരിവാള്‍ ചവറ്റുകൊട്ടയില്‍ എറിഞ്ഞു.
സാഹചര്യത്തിനനുസരിച്ചുള്ള നയങ്ങള്‍ രൂപീകരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ആപ്പിന്റെ അവസാനത്തിന്റെ ആരംഭമാണിതെന്ന്പ്രശാന്ത് ഭൂഷണ്‍ പറയുന്നു.
അണ്ണാ ഹസാരം രൂപം നല്‍കിയ അഴിമതി വിരുദ്ധ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു പ്രശാന്ത് ഭൂഷണ്‍. 2012 മുതല്‍ കേജരിവാളിനൊപ്പം പ്രവര്‍ത്തിച്ചു.
പിന്നീട് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് പ്രശാന്ത് ഭൂഷനെ ആപ്പില്‍നിന്നും പുറത്താക്കിയിരുന്നു.