യുവതി ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങുന്നുവെന്ന് മെറ്റ എഐ സന്ദേശം: പോലീസ് പാഞ്ഞെത്തി രക്ഷിച്ചു
ലക്നൌ: ആത്മഹത്യയുടെ വക്കില്‍നിന്നും യുവതിയെ രക്ഷിക്കാന്‍ സഹായിച്ച് മെറ്റ എഐ. യു.പിയിലെ ലക്നൌവിലാണ് അസാധാരണ സംഭവം നടന്നത്.
യുവതി ആത്മഹത്യ ചെയ്യുവാന്‍ പോകുന്നു എന്ന വിവരം മെറ്റ എഐ പോലീസിനെ അറിയിക്കുകയായിരുന്നു.
സന്ദേശം കിട്ടിയതോടെ പോലീസ് സ്ഥലത്തേക്ക് പാഞ്ഞെത്തുകയും 21 കാരിയായ യുവതിയെ ആത്മഹത്യയില്‍നിന്നും പിന്തിരിപ്പിക്കുകയുമാണുണ്ടായത്. യുവതിയുടെ ഭര്‍ത്താവായ 23 കാരനെ പോലീസ് അറസ്റ്റു ചെയ്യുകയും ചെയ്തു.
നാലു മാസം മുമ്പായിരുന്നു പ്രണയത്തിലായിരുന്ന യുവതിയും യുവാവും വിവാഹിതരായത്. ഒരു ക്ഷേത്രത്തില്‍വച്ചായിരുന്നു വിവാഹം. ഒരുമിച്ചു താമസിച്ചു പോന്ന ഇരുവര്‍ക്കുമിടയില്‍ വിവാഹത്തിന്റെ നിയമ സാദ്ധ്യത ഇല്ലാത്തതിനെത്തുടര്‍ന്ന് പ്രശ്നങ്ങളുണ്ടായി.
യുവാവ് യുവതിയെ ഉപേക്ഷിച്ച് കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് സ്വന്തം വീട്ടിലേക്കു പോയിരുന്നു.
എന്നാല്‍ മാനസിക സമ്മര്‍ദ്ദത്തിലായ യുവതി മരിക്കാന്‍ തീരുമാനിക്കുകയും കയറില്‍ കുരുക്കിട്ട് അതിന്റെ വീഡിയോ സോഷ്യല്‍ മീഡിയായില്‍ പോസ്റ്റു ചെയ്യുകയും ചെയ്തു. ഇത് അധികം വൈകാതെ വൈറലായി മാറി.
വീഡിയോ വൈറലായതോടെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പോലീസ് ഓഫീസിലെ സോഷ്യല്‍ മീഡിയ സെന്ററില്‍ മെറ്റയുടെ മുന്നറിയിപ്പ് ലഭിച്ചു. ഉടനെ തന്നെ പോലീസ് യുവതിയുടെ ഗ്രാമം കണ്ടെത്തുകയും യുവതിയെ കണ്ടെത്തി മരണത്തില്‍നിന്ന് പിന്തിരിപ്പിക്കുകയുമാണുണ്ടായത്.
ശനിയാഴ്ച ഉച്ചയോടെ ഒരു യുവതി ആത്മഹത്യ ചെയ്യാന്‍ പോകുന്നതായി മെറ്റ എഐയില്‍നിന്ന് വിവരം ലഭിച്ചതായി ഡയറക്ടര്‍ ജനറലിന്റെ ഓഫീസിലെ സോഷ്യല്‍ മീഡിയ സെന്ററില്‍നിന്നും അറിയിപ്പു കിട്ടി.
ഉടന്‍തന്നെ നടപടിയെടുത്തു. വിവരം അറിഞ്ഞു പോലീസ് സംഘം സ്ഥലത്തെത്തി യുവതിയെ രക്ഷിക്കാനായി. മോഹന്‍ലാല്‍ ഗഞ്ച് എസിപി രജനീഷ് വര്‍മ്മ പിടിഐ വീഡിയോസിനോടു പറഞ്ഞു.
തുടര്‍ന്ന് പോലീസ് യുവതിക്ക് ഒരു മണിക്കൂറോളം കൌണ്‍സിലിംഗ് നല്‍കി. യുവതിയുടെ പരാതിയില്‍ യുവാവിനെ അറസ്റ്റു ചെയ്തു.