മലയാളികള്‍ 2022-ല്‍ കഴിച്ചത് 12,500 കോടിയുടെ മരുന്ന്
കൊച്ചി: ആരോഗ്യ പരിപാലനത്തിനായി മലയാളികള്‍ 2022-ല്‍ കഴിച്ചത് 12,500 കോടി രൂപയുടെ മരുന്ന്.
മുന്‍ വര്‍ഷം ഇത് 11,000 കോടിയായിരുന്നു. ഇക്വിയ മാര്‍ക്കറ്റ് റിഫ്ളക്ഷന്‍ റിപ്പോര്‍ട്ട്, ഫാര്‍മ വാക്സ് റിപ്പോര്‍ട്ട് എന്നിവ ഉദ്ധരിച്ച് ഓള്‍ കേരള കെമിസ്റ്റ്സ് ആന്‍ഡ് ഡ്രസെറ്റ്സ് അസോസിയേഷന്‍ (എകെസിഡിഎ) ആണ് വിവരം പുറത്തു വിട്ടത്.
ഏറ്റവും അധികം വില്‍പ്പന വേദന സംഹാരികള്‍ക്കും ഹൃദയ-ശ്വാസകോശ സംബന്ധമായ മരുന്നുകള്‍ക്കും, വിറ്റാമിനുകളും, ഗ്യാസ്ട്രോ, ആന്റി ഡയബറ്റിക് മരുന്നുകളും വന്‍ തോതില്‍ ചെലവാകുന്നു.
2022-ല്‍ ഇന്ത്യന്‍ മരുന്ന് വിപണിയിലെ മൊത്തം വിറ്റു വരവ് 2,20,395 ലക്ഷം കോടിയായിരുന്നു. യു.പി., മഹാരാഷ്ട്ര, മധ്യപ്രദേശ്, ബംഗാള്‍ എന്നിവ മരുന്ന് ഉപയോഗത്തില്‍ കേരളത്തിനു മുന്നിലുണ്ടെങ്കിലും അവ ജനസംഖ്യയ്ക്കു ഏറെ മുന്നിലാണ്.
കോവിഡ് കാലത്ത് ആളുകള്‍ ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തിയതിനാല്‍ മരുന്ന് ഉപയോഗം 7,560 കോടിയായി കുറഞ്ഞിരുന്നു. ആന്റി ബയോട്ടിക്, ആന്റി ഇന്‍ഫ്ളമേറ്ററി മരുന്നുകളുടെ വില്‍പ്പന അക്കാലത്ത് വന്‍തോതില്‍ കുറഞ്ഞിരുന്നു.
പതിനഞ്ചിലേറെ സ്വകാര്യ മരുന്നു ശാലകള്‍ കേരളത്തിലുണ്ടെങ്കിലും 99 ശതമാനം മരുന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നുമാണ് എത്തുന്നത്.

