സര്‍വ്വനാശത്തിലേക്ക് രണ്ടു മിനിറ്റു മാത്രമെന്ന് ശാസ്ത്രലോകം

Breaking News Europe Global

സര്‍വ്വനാശത്തിലേക്ക് രണ്ടു മിനിറ്റു മാത്രമെന്ന് ശാസ്ത്രലോകം
വാഷിംഗ്ടണ്‍ ‍: ലോകം ഒരു വന്‍ പ്രതിസന്ധിയുടെ വക്കിലാണെന്നും ശീതസമരത്തിനുശേഷം ലോകം ഇന്ന് ഏറ്റവും വലിയ ഭീഷണിയുടെ കാലഘട്ടത്തിലാണെന്നും ഇപ്പോഴത്തെ സ്ഥിതിയില്‍ ഒരു യുദ്ധമുണ്ടായാല്‍ രണ്ടു മിനിറ്റുകള്‍ക്കുള്ളില്‍ ലോകം മുഴുവനും വെന്തു വെണ്ണീറാകുമെന്നും ശാസ്ത്ര ലോകം മുന്നറിയിപ്പു നല്‍കുന്നു.

 

ആണവ ആയുധങ്ങളായിരിക്കും ഇതിനു കാരണമാകുക. ലോകാവസാനത്തിലേക്കുള്ള സമയ ദൈര്‍ഘ്യം അളക്കുന്ന ഡൂംസ് ഡേ ക്ലോക്കിന് മാറ്റം വരുത്തവേയാണ് ശാസ്ത്രജ്ഞര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. നിലവിലെ ഭൂമിയിലെ ഭീഷണിയുടെ കണക്കുകള്‍ നിരത്തി അതിന്റെ വ്യാപ്തി വിലയിരുത്തി ബുള്ളറ്റിന്‍ ഓഫ് ദി ആറ്റോമിക് സയന്റിസ്റ്റാണ് ഈ സാങ്കല്‍പ്പിക ക്ലോക്കിലെ സമയം ക്രമീകരിച്ചിരിക്കുന്നത്.

 

1945-ല്‍ ഷിക്കാഗോ സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍ ചേര്‍ന്ന് രൂപം നല്‍കിയ കൂട്ടായ്മയാണ് ബുള്ളറ്റിന്‍ ഓഫ് ദി ആറ്റോമിക് സയന്റിസ്റ്റ്സ്. ആണവ ആയുധങ്ങളുടെ വിപത്തിനെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുകയെന്നുള്ളതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

 

രണ്ടു വര്‍ഷം കഴിഞ്ഞപ്പോഴാണ് ഡൂംസ് ഡേ ക്ലോക്ക് എന്ന ആശയവുമായി ബുള്ളറ്റിന്‍ ഓഫ് ദി ആറ്റമിക് സയന്റിസ്റ്റ്സ് രംഗത്തെത്തുന്നത്. മന്‍ഹാട്ടന്‍ പ്രോജക്ടിന്റെ ഭാഗമായി ഡൂംസ് ഡേ ക്ലോക്കിന്റെ രൂപ കല്‍പ്പനയും 1947-ല്‍ നിര്‍വ്വഹിക്കുകയുണ്ടായി. അന്ന് 11.53 പി.എം. ആയാണ് ക്ലോക്കിന്റെ സമയം ക്രമീകരിച്ചിരുന്നത്.

 

യു.എസ്. പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റശേഷം ഇതു രണ്ടാം തവണയാണ് ഡൂംസ് ഡേ ക്ലോക്കിലെ സമയം ക്രമീകരിക്കുന്നത്. പ്രമുഖ രാഷ്ട്രങ്ങള്‍ തമ്മിലുള്ള വെല്ലുവിളികളും, ചെറിയ തെറ്റിദ്ധാരണകളും വലിയ ഒരു യുദ്ധത്തിനു വഴിയൊരുക്കിയേക്കാം.

 

മാത്രമല്ല കാലാവസ്ഥാ വ്യതിയാനം പോലുള്ള വിപത്തുകളും സര്‍വ്വനാശത്തിന്റെ വക്കിലേക്കുള്ള ദൂരം അടുപ്പിക്കുന്നു. അതുകൊണ്ടാണ് ക്ലോക്കിന്റെ സമയം കുറച്ചതെന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു.

Leave a Reply

Your email address will not be published.