ബോളിവിയായില്‍ സുവിശേഷ പ്രവര്‍ത്തനത്തിനു നിരോധനം ഏര്‍പ്പെടുത്തിയത് പിന്‍വലിച്ചു
സാന്താക്രൂസ്: ലാറ്റിന്‍ അമേരിക്കന്‍ രാഷ്ട്രമായ ബൊളീവിയായില്‍ വന്‍ വിവാദം ഉണ്ടാക്കിയ സുവിശേഷ പ്രസംഗത്തിനു നിരോധനം ഏര്‍പ്പെടുത്തിയ പ്രഖ്യാപനം പ്രസിഡന്റ് ഇവോമൊറാളസ് പിന്‍വലിച്ചു. ബൊളീവിയായില്‍ സുവിശേഷം പ്രസംഗിച്ചാല്‍ 5 വര്‍ഷം മുതല്‍ 12 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുമെന്ന പുതിയ നിയമം കൊണ്ടുവരുമെന്നു പ്രസിഡന്റ് പ്രഖ്യാപിച്ചിരുന്നു.
ഇതിനെതിരെ രാജ്യത്ത് വന്‍ പ്രതിഷേധമാണ് നടന്നത്. മതപരമായി ആരെയെങ്കിലും കൂട്ടിച്ചേര്‍ക്കുകയോ സംഘര്‍ഷത്തിനുതകുന്ന കാര്യങ്ങള്‍ നടപ്പാക്കുകയോ, സംഘടനകളുടെ പേരില്‍ ആരാധനാ സ്വാതന്ത്യ്രം അമിതമായി മുതലെടുക്കുകയോ ചെയ്താല്‍ ജയില്‍ശിക്ഷയ്ക്ക് അര്‍ഹനാകും. സുവിശേഷം പ്രസംഗിക്കാന്‍ അനുവാദമില്ല എന്നിങ്ങനെയുള്ള നിയമങ്ങളാണ് പ്രസിഡന്റ് പത്രസമ്മേളനത്തില്‍ അറിയിച്ചത്.
ഈ പ്രഖ്യാപനം രാജ്യത്ത് വളരെയധികം ഞെട്ടലുണ്ടാക്കുകയും സുവിശേഷ വിഹിത സഭകളും പ്രൊട്ടസ്റ്റന്റ് സഭാവിശ്വാസികളും ഒന്നടങ്കം തെരുവിലറങ്ങി പ്രതിഷേധിക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്നു പ്രസിഡന്റ് പിറ്റേദിവസം തന്നെ നിയമം പിന്‍വലിച്ചതായും ജനങ്ങള്‍ക്കെതിരായി ഒന്നും ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ജനങ്ങളുടെ സംശയങ്ങള്‍ക്ക് അറുതി വരുത്തുമെന്നും പ്രഖ്യാപിക്കുകയായിരുന്നു.
സോഷ്യലിസ്റ്റ് രാഷ്ട്രമായ ബൊളീവിയായില്‍ ഇപ്രകാരമൊരു പ്രഖ്യാപനമുണ്ടായത് ജനങ്ങള്‍ക്കിടയില്‍ അമര്‍ഷം ഉണ്ടാക്കി. രാജ്യത്തെ 78 ശതമാനം പേരും കത്തോലിക്കരാണ്. ബാക്കി 19 ശതമാനം സുവിശേഷ വിഹിത സഭക്കാരും പ്രൊട്ടസ്റ്റന്റുകാരുമാണ്. ആദ്യമായാണ് ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങളില്‍ ഇപ്രകാരമൊരു നിയമം വന്നത്.

