കോവിഡ് ബാധിതരില്‍ പത്തില്‍ ഒരാള്‍ക്ക് വീതം ദീര്‍ഘകാല ബുദ്ധിമുട്ടെന്ന് പഠനം
വാഷിംഗ്ടണ്‍ : കോവിഡിന്റെ ഉപവകഭേദമായ ഒമിക്രോണ്‍ ബാധിതരില്‍ പത്തില്‍ ഒരാള്‍ വീതം ദീര്‍ഘകാല കോവിഡിന്റെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നതായി ഗവേഷകര്‍ .
10,000 അമേരിക്കക്കാരില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍ . ദേശീയ ആരോഗ്യ ഇന്‍സ്റ്റിറ്റ്യൂട്ട് നേരത്തെ നടത്തിയ പഠനത്തില്‍ ദീര്‍ഘകാല കോവിഡിന്റെ നിരവധി ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു.
ചെറിയ രീതിയില്‍ കോവിഡ് ബാധിച്ചവരില്‍ പോലും ഇത്തരം ലക്ഷണങ്ങള്‍ കണ്ടു വരുന്നതായി പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ലക്ഷക്കണക്കിനു ആളുകളാണ് ദീര്‍ഘകാല കോവിഡിന്റെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നത്. തലവേദന, മാനസിക ബുദ്ധിമുട്ടുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഇവരെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുകയാണ്.
എന്തുകൊണ്ടാണ് ചിലരെ മാത്രം ഇത് ബാധിക്കുന്നതെന്ന് നിരീക്ഷിച്ചറിയാന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞിരുന്നില്ല എന്ന് ജേണല്‍ ഓഫ് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷനില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
കോവിഡ് ബാധിതരാകാത്ത 1100 പേരെയും കോവിഡ് പിടിപെട്ട 8600 പേരെയുമാണ് പഠനത്തിനു വിധേയരാക്കിയത്. കോവിഡ് രോഗികളില്‍ മൂന്നിലൊന്നും ദീര്‍ഘകാല കോവിഡ് രോഗബാധിതരായിരുന്നു.
ഇതിന്റെ ലക്ഷണങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതോടെ രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

