മൊസാദ് ആസ്ഥാനം ആക്രമണം മുന്നില്‍ കണ്ടു; ഹിസ്ബുള്ളയുടെ ആയുധ പുരകള്‍ തകര്‍ത്ത് യിസ്രായേല്‍
ടെല്‍അവീവ്: ശത്രുക്കള്‍ മനസില്‍ കാണുന്നത് ഇപ്പോള്‍ യിസ്രായേല്‍ മാനത്തു കാണുകയാണ്.
ഇറാന്റെ പിന്തുണയുള്ള ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പ് മൊസാദ് ആസ്ഥാനത്തിനു നേരെ നടത്താന്‍ പദ്ധതിയിട്ട ആക്രമണം തകര്‍ത്ത് യിസ്രായേല്‍.
തെക്കന്‍ ലെബനനില്‍ ഇന്നലെ പുലര്‍ച്ചെ മുന്‍കൂട്ടി വ്യോമാക്രമണം നടത്തിയായിരുന്നു യിസ്രായേലിന്റെ നീക്കം.
മദ്ധ്യ യിസ്രായേലിലെ ഹെര്‍സ്ളിയ നഗരത്തിലെ ഗ്ളിലേത്ത് ബേസിലേക്ക് മിസൈല്‍, ഡ്രോണ്‍ ആക്രമണം നടത്താനായിരുന്നു ഹിസ്ബുള്ളയുടെ പദ്ധതിയെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
യിസ്രായേല്‍ സൈന്യത്തിന്റെ വിവിധ ഇന്റലിജന്റ്സ് യൂണിറ്റുകളും രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ ആസ്ഥാനവും ഇവിടെയാണ്.
ഇന്നലെ പ്രാദേശിക സമയം രാവിലെ അഞ്ചിനു ആക്രമിക്കാനായിരുന്നു പദ്ധതിയെന്നു കരുതുന്നു.
എന്നാല്‍ ഇതിനു മുന്നേ നൂറുകണക്കിനു യിസ്രായേലി യുദ്ധ വിമാനങ്ങള്‍ ലെബനനിലെ 40-ലേറെ ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ ബേംബിട്ടു.
മൂന്നു പേര്‍ കൊല്ലപ്പെട്ടു. റോക്കറ്റ് ലോഞ്ചറുകളും ആയുധ സംഭരണ ശാലകളും തകര്‍ത്തു. ലെബനനില്‍ യിസ്രായേല്‍ നടത്തിയത് വിനാശകരമായ തിരിച്ചടിയായിരുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ആക്രമണത്തിനു തൊട്ടു മുമ്പേ സുരക്ഷിത സ്ഥാനത്തേക്കു മാറണമെന്ന് തെക്കന്‍ ലബനനിലെ ജനങ്ങള്‍ക്ക് യിസ്രായേല്‍ സൈന്യം മുന്നറിയിപ്പു നല്‍കി.
യിസ്രായേലിന് പിന്തുണ പ്രഖ്യാപിച്ച് യു.എസ്. രംഗത്തെത്തി.
യിസ്രായേലിന്റെ ആക്രമണത്തിനു മറുപടിയായി വടക്കന്‍ യിസ്രായേലിനെ ലക്ഷ്യമാക്കി 320 റോക്കറ്റുകളും ഡ്രോണുകളും വിക്ഷേപിച്ചതായി ഹിസ്ബുള്ള അറിയിച്ചു.
എന്നാല്‍ ഭൂരിപക്ഷവും യിസ്രായേലിന്റെ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തു. ആളപായവുമില്ല. ഞങ്ങളെ ആക്രമിക്കാന്‍ ശ്രമിക്കുന്ന ആരെയും വെറുതേ വിടില്ലെന്ന് പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പ്രഖ്യാപിച്ചു.