റോബോട്ടുകളെ ചിരിപ്പിക്കാന്‍ പരീക്ഷണം; മനുഷ്യ തൊലിയുടെ ടിഷ്യുകള്‍ ലാബില്‍ സൃഷ്ടിച്ച് ഗവേഷകര്‍
ഗവേഷകര്‍ എന്തൊക്കെ പരീക്ഷണങ്ങള്‍ക്കിറങ്ങിയോ അതൊക്കെ വിജയത്തിലേക്ക് എത്തുന്ന വാര്‍ത്തയാണ് അടുത്ത കാലത്തായി കണ്ടു വരുന്നത്.
ശരിക്കും മനുഷ്യനെപ്പോലെയിരിക്കുന്ന റോബോട്ടുകളെ ഒരുക്കുക എന്ന ലക്ഷ്യത്തോടെ പതിറ്റാണ്ടുകളായി നടന്നു വരുന്ന പരിശ്രമമാണ് ഇപ്പോള്‍ വിജയം കണ്ടത്.
മനുഷ്യതൊലിയുടെ ജീവനുള്ള ടിഷ്യുകള്‍ റോബോട്ടിക് മുഖങ്ങളില്‍ പിടിപ്പിക്കാനുള്ള ജപ്പാനിലെ ടോക്യോ സര്‍വ്വകലാശാലയിലെ ഗവേഷണം വിജയിച്ചതോടെ ഇനി റോബോട്ടുകളില്‍ യഥാര്‍ത്ഥ പുഞ്ചിരി വിരിയാന്‍ പോവുകയാണ്.
വൈദ്യശാസ്ത്ര കോസ്മെറ്റിക്സ് രംഗത്തും ചലനങ്ങള്‍ സൃഷ്ടിക്കാന്‍ വഴിയൊരുക്കുന്ന കണ്ടുപിടിത്തമാണിത്.
മനുഷ്യ മുഖത്തിന്റെ ആകൃതിയില്‍ ലബോറട്ടറിയില്‍ തൊലി വികസിപ്പിച്ച് ലിഗ്മെന്റുകള്‍ പിടിപ്പിക്കുന്നതുപോലെ റോബോട്ടിക് മുഖത്ത് അതു വച്ചുപിടിപ്പിക്കുകയായിരുന്നുവെന്ന് ഗവേഷണ സംഘാഗം മാന്‍ഗാഓ നൈ വിശദീകരിക്കുന്നു.
യഥാര്‍ത്ഥ മനുഷ്യ പ്രകൃതിയില്‍ റോബോട്ടുകളെ സൃഷ്ടിക്കുക എന്ന നിര്‍ണ്ണായക കണ്ടെത്തലാണിതെന്നും അദ്ദേഹം അവകാശപ്പെടുന്നു. സെല്‍ റിപ്പോര്‍ട്ട്സ് ഫിസിക്കല്‍ സയന്‍സ് ആണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ലോഹം, പ്ളാസ്റ്റിക് തുടങ്ങിയവയെ അപേക്ഷിച്ച് ത്വക്ക് ടിഷ്യുകള്‍ ഉപയോഗിച്ചാല്‍ മനുഷ്യ സമാനമായ പ്രതിഫലനം റോബോട്ടിക് മുഖങ്ങള്‍ക്ക് സാധ്യമാകുമെന്നാണ് മാന്‍ഗാഓ പറയുന്നത്.
അടുത്ത ഘട്ടമായി നാഡികളും ചംക്രമണ സംവിധാനങ്ങളും പരീക്ഷിക്കാനാകും. ഇതുവഴി കോസ്മെറ്റിക് വ്യവസായത്തില്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ ഫലപ്രദമായി പരീക്ഷിക്കാന്‍ കഴിയും എന്ന് ഗവേഷകര്‍ പ്രതീക്ഷിക്കുന്നു.