എംപോക്സ് ആഗോള വ്യാപകമായി പടര്‍ന്നു പിടിച്ചേക്കാമെന്നു ഗവേഷകര്‍
എംപോക്സ് ആഗോള വ്യാപകമായി പടര്‍ന്നു പിടിച്ചേക്കാമെന്ന് ഗവേഷകരുടെ മുന്നറിയിപ്പ്.
ഉയര്‍ന്ന തീവ്രതയും വ്യാപന ശേഷിയുമുള്ള ക്ളോഡ് 2 ജനിതക വകഭേദത്തിന്റെ വരവോടെയാണ് എംപോക്സ് ആഗോള പൊതു ആരോഗ്യത്തിന് വെല്ലുവിളിയായത്.
ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലും സമീപ രാഷ്ട്രങ്ങളിലും വൈറസ് രോഗമായ എംപോക്സ് വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
ആഫ്രിക്കയിലെ മറ്റു രാജ്യങ്ങളിലേക്കും വന്‍ കരയ്ക്കു പുറത്തേക്കും വൈറസ് പടരാനുള്ള ഉയര്‍ന്ന സാദ്ധ്യത കണക്കിലെടുത്താണ് ലോകാരോഗ്യ സംഘടന ഏറ്റവും വലിയ ജാഗ്രതാ നിര്‍ദ്ദേശവും മുന്നറിയിപ്പും നല്‍കുന്നത്.
ലാന്‍സെറ്റിലാണ് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യ രോഗമാണ് എംപോക്സ്. ഡബിള്‍ സ്ട്രാന്‍ഡഡ് ഡിഎന്‍എ വൈറസായ മങ്കി പോക്സ് വൈറസാണ് എംപോക്സ് രോഗത്തിനു കാരണമാകുന്നത്.
വസൂരി രോഗകാരിയായ വേരിയോള കൌപോക്സ്, വാക്സീനിയ തുടങ്ങിയ വൈറസുകള്‍ ഉള്‍പ്പെടുന്ന പോക്സ് വൈരിഡേ കുടുംബത്തിലെ ഓര്‍ത്തോപോക്സ് ആണിത്.
എംപോക്സ് ഇതുവരെ 16000 ലേറെ പേരില്‍ സ്ഥിരീകരിച്ചു. അഞ്ഞൂറിലേറെ മരണവും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.