ആഗോള താപനം; ചുട്ടുപൊള്ളുന്ന സഹാറ മരുഭൂമിയിലും വെള്ളപ്പൊക്കം
ആഗോള താപനം മൂലം കാലാവസ്ഥാ വ്യതിയാനത്തില്‍ പ്രകൃതിയുടെ നിയമങ്ങള്‍ താളം തെറ്റുന്ന അവസ്ഥയിലാണ്.
ലോകത്തിന്റെ ഒട്ടു മിക്കയിടങ്ങളിലും മഹാമാരിയും വെള്ളപ്പൊക്കവും നാശനഷ്ടങ്ങള്‍ വരുത്തിവെയ്ക്കുന്ന വാര്‍ത്തകള്‍ക്കിടെയാണ് ഇപ്പോള്‍ അതിശയകരമായ ഒരു വാര്‍ത്ത വന്നിരിക്കുന്നത്.
ചുട്ടുപൊള്ളുന്ന സഹാറ മരുഭൂമിയില്‍ അമ്പതു വര്‍ഷത്തിനിടെ ആദ്യമായി വെള്ളപ്പൊക്കം. തെക്കു കിഴക്കന്‍ മൊറോക്കോയില്‍ രണ്ടു ദിവസം തുടര്‍ച്ചയായി പെയ്ത മഴയാണ് സഹാറയുടെ ഭാഗങ്ങളെ വെള്ളക്കെട്ടിലാക്കിയത്.
സഹാറയിലെ മേഖലയില്‍ ഒരു വര്‍ഷം ലഭിക്കേണ്ട ശരാശരി മഴയേക്കാള്‍ കൂടുതലാണ് കഴിഞ്ഞ ദിവസങ്ങളില്‍ പെയ്തത്.
തലസ്ഥാനത്തുനിന്ന് 450 കിലോമീറ്റര്‍ അകലെയുള്ള ടാഗോനൈറ്റ് ഗ്രാമത്തില്‍ സെപ്റ്റംബറില്‍ വെറും 24 മണിക്കൂറിനിടെ 100 മില്ലീമീറ്റര്‍ മഴ പെയ്ത് റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു.
സഗോറ, ടാറ്റാ നഗരങ്ങള്‍ക്കിടിയിലുള്ള ഇറിഖി തടാകം നിറഞ്ഞു. കഴിഞ്ഞ 50 വര്‍ഷമായി വരണ്ടു കിടന്ന തടാകമാണിത്.
വടക്ക് മദ്ധ്യ പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ 90 ലക്ഷം ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന സഹാറ മരുഭൂമിയില്‍ ആഗോള താപനം വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും സഹാറയില്‍ വെള്ളപ്പൊക്കങ്ങള്‍ ആവര്‍ത്തിച്ചേക്കുമെന്നും ഗവേഷകര്‍ പറയുന്നു.