പണപ്പെരുപ്പം, തൊഴിലില്ലായ്മ, കുടുംബങ്ങളുടെ ചിലവ് കുതിച്ചുയരുന്നു
ന്യൂഡെല്‍ഹി: രാജ്യത്ത് രൂക്ഷമായ പണപ്പെരുപ്പം, തൊഴിലില്ലായ്മ എന്നിവ കാരണം കുടുംബങ്ങളുടെ ചിലവ് കുതിച്ചുയരുന്നതായി റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്‍ഡ്യ.
ഇതിന്റെ ഫലമായി കുടുംബ സമ്പാദ്യം ഗണ്യമായി കുറയുന്നു. 2022-23-ല്‍ കുടുംബങ്ങളുടെ ധനനിക്ഷേപം മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) 5.1 ശതമാനമായി ഇടിഞ്ഞതായും ആര്‍ബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും കുറവ് സമ്പാദ്യമാണ് രാജ്യത്തെ കുടുംബങ്ങളില്‍ ഉള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബാങ്കുകള്‍, മറ്റ് ധനകാര്യ സ്ഥാപനങ്ങളിലെ നിക്ഷേപം, ഓഹരി വിപണി, ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ ഫണ്ട് അടക്കമുള്ള തുകയുടെ കണക്കും മോഡി ഭരണത്തില്‍ കൂപ്പുകുത്തി. ബാങ്കില്‍ നിന്നുള്ള വായ്പ തുകയുടെ തോത് കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
രാജ്യത്തെ കുടുംബങ്ങളുടെ സ്വത്തായി കണക്ക് കൂട്ടുന്ന കുടുംബ നിക്ഷേപം ഗണ്യമായി കുറയുന്നതിന് പ്രധാന കാരണം കുറഞ്ഞ വേതനം, രൂക്ഷമായ പണപ്പെരുപ്പം, വര്‍ദ്ധിച്ച തൊഴിലില്ലായ്മ നിരക്ക് എന്നിവയാണ്.
പണപ്പെരുപ്പത്തിനു പുറമെ ഭക്ഷ്യ വിലക്കയറ്റവും കുടുംബ ബജറ്റ് താളം തെറ്റിക്കുന്നതിനു ഇടവരുത്തി. ഇതോടൊപ്പം കുടുംബങ്ങളുടെ ബാധ്യതയും ഗണ്യമായി വര്‍ദ്ധിച്ചു.
2018 മുതല്‍ 23 വരെയുള്ള വര്‍ഷങ്ങളിലാണ് കുടുംബ ചിലവ് ഗണ്യമായി വര്‍ദ്ധിച്ചത്. 2020-21 കോവിഡ് കാലത്ത് കുടുംബ ചിലവിന്റെ തോത് 31 ലക്ഷം കോടിയായി വര്‍ദ്ധിച്ചു.

