യു.കെ.യില്‍ 1700 വര്‍ഷം പഴക്കമുള്ള കോഴിമുട്ട കണ്ടെത്തി
ലണ്ടന്‍: നൂറ്റാണ്ടുകള്‍ പഴക്കമുള്ള പല വസ്തുക്കളും ശാസ്ത്രലോകം കേടുകൂടാതെ കണ്ടെത്തിയിട്ടുണ്ട്.
അത് പുതുമയുള്ള കാര്യമൊന്നുമല്ലെങ്കിലും യു.കെ.യില്‍നിന്നും നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു വസ്തു കണ്ടെത്തിയതാണ് ഗവേഷകരെ അമ്പരപ്പിച്ചത്. അതു തട്ടുകയോ മുട്ടുകയോ ചെയ്താല്‍ വേഗത്തില്‍ പൊട്ടുന്ന മുട്ട.
1700 വര്‍ഷം പഴക്കമുള്ള കോഴിമുട്ടയാണ് യു.കെ.യിലെ ബെക്കിംഗ്ഹാം ഷെയറില്‍നിന്നും കണ്ടെടുത്തത്.
ഇതില്‍ ഗവേഷകരെ അത്ഭുതപ്പെടുത്തിയ പ്രധാന കാര്യം ഇത്രയധികം വര്‍ഷം ഭൂമിക്കടിയില്‍ ഇരുന്നിട്ടും മുട്ടയ്ക്കുള്ളിലെ ജലാംശം വറ്റിയിട്ടില്ല എന്നതാണ്.
എന്നാല്‍ ഇത് കോഴിമുട്ട തന്നെയാണോ എന്നതായിരുന്നു മറ്റു ചില ഗവേഷകരുടെ സംശയം. പുരാവസ്തു ഗവേഷകരെയും പ്രകൃതി ശാസ്ത്രജ്ഞരെയും ഒരുപോലെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ഈ കണ്ടെത്തല്‍.
മഞ്ഞക്കരു, ആല്‍ബുമിന്‍ എന്നിവയുടെ മിശ്രിതമാണെന്നു വിശ്വസിക്കപ്പെടുന്ന ദ്രാവക ഉള്ളടക്കങ്ങളോടു കൂടിയ മുട്ടകളാണ് കേടുകൂടാതെ കണ്ടെത്തിയത്.
ഏതു പക്ഷിയുടേതെന്നു തിരിച്ചറിയാനും നൂറ്റാണ്ടുകള്‍ക്കു മുമ്പ് ജീവിച്ചിരുന്ന ആ പക്ഷികളെക്കുറിച്ച് കൂടുതല്‍ അറിയാനും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന ആ പക്ഷികളേതെന്നും കണ്ടെത്താന്‍ ഈ ദ്രാവകത്തെക്കുറിച്ചുള്ള പഠനം സഹായിക്കുമെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍.
വെള്ളം നിറഞ്ഞ കുഴിയില്‍നിന്നാണ് 1.5 ഇഞ്ച് (നാല് സെന്റീമീറ്റര്‍) വീതിയുള്ള മുട്ടകള്‍ കണ്ടെടുത്തത്. ഡിജിബി കണ്‍സര്‍വേഷനിലെ പുരാവസ്തു ഗവേഷകനായ ഡാന ഗുഡ്ബോണ്‍ ബ്രൌണ്‍ ആണ് ഈ കണ്ടെത്തലിനു പ്രധാന പങ്ക് വഹിച്ചത്.
മുട്ടയുടെ തുടര്‍ പഠനത്തിനായി അദ്ദേഹം കെന്റ് സര്‍വ്വകലാശാലയിലേക്ക് തിരിച്ചു. മൈക്രോ സിടി സ്കാന്‍ പരിശോധനയിലൂടെയാണ് മുട്ടയുടെ ഉള്ളില്‍ ദ്രാവകം ഉള്ളതായി ഗവേഷകര്‍ സ്ഥിരീകരിച്ചത്.
മുട്ടയ്ക്ക് റോമക്കാരുടെ ഇംഗ്ളണ്ട് ആക്രമണകാലത്തോളം പഴക്കമുണ്ടെന്നും ഇത് റോമില്‍ നിന്നും കൊണ്ടുവന്ന കോഴിമുട്ടകളാണെന്നും ചിലര്‍ വാദിക്കുന്നുണ്ടെങ്കിലും ഗവേഷകര്‍ ഇത് അംഗീകരിക്കുന്നില്ല.
ഏതായായും ഇതിന്റെ കൂടുതല്‍ നിജസ്ഥിതി അറിയാന്‍ ലോകം ആകാംഷയോടെ കാത്തിരിക്കുകയാണ്.