യേശു സ്നാനമേറ്റ സ്ഥലത്തിനു സമീപം വിന്യസിച്ച കുഴിബോംബുകള്‍ നീക്കം ചെയ്യുന്നു

Breaking News Middle East

യേശു സ്നാനമേറ്റ സ്ഥലത്തിനു സമീപം വിന്യസിച്ച കുഴിബോംബുകള്‍ നീക്കം ചെയ്യുന്നു
ഖസര്‍ ‍-അല്‍ ‍-യഹൂദ്: യേശു സ്നാനമേറ്റ സ്ഥലത്തിനു സമീപം വിന്യസിച്ച ആയിരക്കണക്കിനു കുഴിബോംബുകള്‍ യിസ്രായേല്‍ പ്രതിരോധ മന്ത്രാലയം നീക്കം ചെയ്തുതുടങ്ങി.

 

1967 മെയ്മാസത്തില്‍ ഈജിപ്റ്റിന്റെ നേതൃത്വത്തില്‍ അറബി രാഷ്ട്രങ്ങള്‍ യിസ്രായേലിനു നേരെ യുദ്ധത്തിനിറങ്ങിയ വേളയില്‍ യിസ്രായേല്‍ പ്രതിരോധത്തിനായി കുഴിച്ചിട്ട മൈനുകളാണ് ഇന്നും നശിച്ചുപൊകാതെവണ്ണം മണ്ണിനടിയില്‍ കിടക്കുന്നത്. യിസ്രായേല്‍ ‍-യോര്‍ദ്ദാന്‍ അതിര്‍ത്തി പ്രദേശത്ത് യോര്‍ദ്ദാന്‍ നദിയുടെ തീരത്തിനടുത്തുള്ള ഖസര്‍-അല്‍ ‍-യഹൂദ് എന്ന ഈ സ്ഥലം കിഴക്കന്‍ യെരീഹോയ്ക്ക് 10 കിലോമീറ്റര്‍ ദൂരം വരും.

 

അന്ന് വെറും 6 ദിവസങ്ങള്‍ മാത്രം നീണ്ടുനിന്ന യുദ്ധത്തില്‍ പലസ്തീന്‍ ഗറില്ലകളെയും യോര്‍ദ്ദാനില്‍നിന്നുമുള്ള യുദ്ധ ടാങ്കുകളെയും പ്രതിരോധിക്കാനായിരുന്നു യിസ്രായേല്‍ ഇവിടങ്ങളില്‍ മൈനുകള്‍ കുഴിച്ചിട്ടിരുന്നത്. യുദ്ധത്തില്‍ യിസ്രായേല്‍ ജയിക്കുകയും ചെയ്തിരുന്നു.

 

യിസ്രായേല്‍ നാഷണല്‍ മൈന്‍ ആക്ഷന്‍ അതോറിട്ടിയും, ഇന്റര്‍നാഷണല്‍ മൈന്‍ ‍-ക്ലിയറിംഗ് ചാരിറ്റിയായ ഹാലോ ട്രസ്റ്റും സംയുക്തമായാണ് മൈന്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നത്. ഏകദേശം 3000ത്തോളം മൈനുകള്‍ ഇവിടെയുണ്ടെന്നാണ് യിസ്രായേല്‍ പ്രതിരോധ സേനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

 

1 സ്ക്വയര്‍ കിലോമീറ്റര്‍ പരിധിയില്‍ 2,600 ആന്റി ടാങ്ക് മൈനുകളും 1,200 ആന്റി പേഴ്സണല്‍ മൈനുകളും കുഴിച്ചിട്ടതായി പ്രതിരോധ വ്യക്താവ് പറഞ്ഞു. വളരെ സൂഷ്മതയോടും കൃത്യതയോടും കൂടിയാണ് മൈനുകളുടെ സ്ഥാനം കണ്ടെത്തി മണ്ണുനീക്കി പുറത്തെടുക്കുന്നത്.

 

യേശു സ്നാനമേറ്റ സ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന യോര്‍ദ്ദാന്‍ നദിയുടെ ഈ ഭാഗത്ത് ചുറ്റുവട്ടങ്ങളിലായി വിവിധ ക്രൈസ്തവ സഭകളുടെ 7 ആരാധനാലയങ്ങള്‍ സ്ഥിതി ചെയ്യുന്നുണ്ട്. കൂടാതെ വര്‍ഷംതോറും ലക്ഷക്കണക്കിനു ടൂറിസ്റ്റുകളാണ് ഈ സ്ഥലം സന്ദര്‍ശിക്കാനായി എത്തുന്നത്. മൈനുകള്‍ സ്ഥാപിച്ച പ്രത്യേക സ്ഥലത്ത് പ്രവേശിക്കുന്നതിന് നിലവില്‍ നിയന്ത്രണങ്ങളുണ്ടായിരുന്നു.