യു.പി.യില്‍ സഭായോഗത്തിനിടയില്‍ പാസ്റ്ററെ ക്രൂരമായി മര്‍ദ്ദിച്ചശേഷം പോലീസില്‍ ഏല്‍പ്പിച്ചു

Breaking News India

യു.പി.യില്‍ സഭായോഗത്തിനിടയില്‍ പാസ്റ്ററെ ക്രൂരമായി മര്‍ദ്ദിച്ചശേഷം പോലീസില്‍ ഏല്‍പ്പിച്ചു
ലക്നൌ: ഉത്തര്‍പ്രദേശില്‍ ഞായറാഴ്ച സഭായോഗം നടക്കുന്നതിനിടയില്‍ ഒരു സംഘം ഹിന്ദു വര്‍ഗ്ഗീയവാദികളെത്തി ആരാധനായോഗം തടസ്സപ്പെടുത്തുകയും സഭാശുശ്രൂഷകനെ ക്രൂരമായി മര്‍ദ്ദിക്കുകയുമുണ്ടായി.

 

സിതാപൂരിലെ ബിസ്വാനില്‍ പാസ്റ്റര്‍ അഭയ് സാഗര്‍ (37) ശുശ്രൂഷിക്കുന്ന ഹോളി ഫാമിലി ചര്‍ച്ചിലാണ് അതിക്രമമുണ്ടായത്. ആരാധന തുടങ്ങി അല്‍പ്പ സമയം കഴിഞ്ഞപ്പോള്‍ 15-ഓളം വരുന്ന വിച്ച്പി-ബജറംഗദള്‍ പ്രവര്‍ത്തകര്‍ സഭാഹാളിനുള്ളിലേക്ക് അതിക്രമിച്ചു കയറി പാസ്റ്റര്‍ അഭയ് സാഗറിനോട് ആരാധന നിര്‍ത്തുവാന്‍ ആവശ്യപ്പെടുകയും പാസ്റ്ററെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.

 

പിന്നീട് പുറത്തേക്കു വലിച്ചിഴച്ചുകൊണ്ടുപോയി ‘ജയ് ശ്രീറാം’ എന്നു ഉച്ചത്തില്‍ വിളിച്ചു പറയുവാന്‍ നിര്‍ബന്ധിച്ചു. ഇതിനു വഴങ്ങാതെ വന്നപ്പോള്‍ വീണ്ടും മര്‍ദ്ദിച്ചു. അര്‍ദ്ധബോധാവസ്ഥയില്‍ താഴെവീണുപോയ പാസ്റ്ററെ ബലമായി വാഹനത്തില്‍ കയറ്റി പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. പിന്നീട് കൂടുതല്‍ സംഘടനാ നേതാക്കളെത്തി പോലീസിനെ സ്വാധീനിച്ച് പാസ്റ്റര്‍ക്കെതിരെ വ്യാജ പരാതിയിന്മേല്‍ കേസെടുപ്പിച്ചു. ചിലര്‍ അഭയ് സാഗറിനെ ഹിന്ദു മതത്തിലേക്കു പരിവര്‍ത്തനം ചെയ്യണമെന്നു വിളിച്ചു പറഞ്ഞു.

 

പോലീസ് അര്‍ദ്ധരാത്രിവരെ പാസ്റ്ററെ റിമാന്റിലാക്കി. സഭാഹാളില്‍ സൂക്ഷിച്ചിരുന്ന ബൈബിളുകള്‍ അക്രമികള്‍ പിടിച്ചെടുക്കുകയും സംഭാവന പെട്ടിയും സഭാ രജിസ്റ്ററും രേഖകളും തട്ടിയെടുക്കുകയും ചെയ്തു. ഈ വിവരം പാസ്റ്റര്‍ പിന്നീട് പോലീസിനെ അറിയിച്ചു. പാസ്റ്റര്‍ ജനങ്ങളെ മതപരിവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ച് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

പാസ്റ്ററുടെ ഭാര്യ ഫ്രാന്‍സിസ്ക സാഗര്‍ ഭര്‍ത്താവിനെ മര്‍ദ്ദിച്ചതിനെതിരെയും പോലീസില്‍ പരാതി നല്‍കുകയുണ്ടായി. ഈ സഭ അതിവേഗം വളര്‍ന്നു വരുന്ന സമയമാണ്. ഇതിനെതിരായി നിരവധി എതിര്‍പ്പുകള്‍ ഉണ്ടായിട്ടുണ്ട്. പാസ്റ്റര്‍ക്ക് 7 വയസ്സുള്ള ഒരു മകനും 3 വയസ്സുള്ള മകളുമുണ്ട്. മുമ്പ് കാമ്പസ് ക്രൂസേഡില്‍ പ്രവര്‍ത്തിച്ചു പരിചയമുള്ള പാസ്റ്റര്‍ അഭയ്സാഗര്‍ 2000-ത്തിലാണ് യു.പി.യില്‍ മിഷന്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.