ടൈറ്റാനിക് 2 നിര്‍മ്മിക്കുന്നു; 2027-ല്‍ നീറ്റിലിറക്കും
കാന്‍ബറ: ലോകം കണ്ട ഏറ്റവും വലിയ കപ്പല്‍ ദുരന്തമായിരുന്ന ടൈറ്റാനിക്കിന്റെ മാതൃകയില്‍ വരുന്നു ഒരു ആഡംബര കപ്പല്‍. ടൈറ്റാനിക്കിന്റെ അതേ മാതൃകയിലുള്ള ഒരു കപ്പല്‍ നിര്‍മ്മിക്കുന്നത് ആസ്ട്രേലിയന്‍ കോടിശ്വരനായ ക്ളൈവ് പാമറാണ്.
ടൈറ്റാനിക് 2 എന്നു പേരിട്ടിരിക്കുന്ന ഈ ആഡംബര കപ്പല്‍ 2027 ജൂണില്‍ നീറ്റിലിറങ്ങും. സത്യത്തില്‍ 2012-ലാണ് പാമര്‍ ഈ പദ്ധതി ആദ്യം പ്രഖ്യാപിച്ചത്. എന്നാല്‍ മുടങ്ങി.
പിന്നീട് 2018-ലും പ്രഖ്യാപിച്ചെങ്കിലും കാര്യങ്ങള്‍ എങ്ങുമെത്തിയില്ല. ഇത്തവണ സിഡ്നിയിലെ ഓപ്പറ ഹൌസില്‍ നടന്ന പരിപാടിയിലാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്. ഖനന വ്യവസായിയായ പാമറിന്റെ ബ്ളൂസ്റ്റാര്‍ ലൈന്‍ കമ്പനിയാണ് കപ്പല്‍ നിര്‍മ്മിക്കുക.
രൂപത്തിലും ഭാവത്തിലും ടൈറ്റാനിക്കിനെപ്പോലെതന്നെയാണെങ്കിലും ടൈറ്റൈനിക്കിനേക്കാള് വളരെ ഉയര്‍ന്ന നിലവാരമാകും ടൈറ്റാനിക് 2വിനുള്ളതെന്ന് അദ്ദേഹം പറയുന്നു.
ഏകദേശം 500 മില്യണ്‍ ഡോളറിനും 1 ബില്യണ്‍ ഡോളറിനുമിടയില്‍ ചിലവ് പ്രതീക്ഷിക്കുന്നു. 4.2 ബില്യണ്‍ ഡോളറാണ് പാമറിന്റെ ആസ്തി. കപ്പല്‍ നിര്‍മ്മാണത്തിനുള്ള ടെന്ററുകള്‍ ക്ഷണിച്ചു തുടങ്ങി. 2025-ല്‍ നിര്‍മ്മാണം തുടങ്ങാനാണ് പദ്ധതി.
2,345 പേര്‍ക്ക് യാത്ര ചെയ്യാവുന്ന കപ്പലില്‍ 535 ക്യാബിനുകളും 9 ഡെക്കുകളും ഉണ്ടാകും. ആകെ റൂമുകളുടെ പകുതിയും ഫസ്റ്റ് ക്ളാസ്സ് ആയിരിക്കും.
യഥാര്‍ത്ഥ ടൈറ്റാനിക്കിന്റെ അതേ ഡിസൈനിംഗിലായിരിക്കും ഇതും പണിയുക. സ്വിമ്മിംഗ് പൂളും ഉണ്ടായിരിക്കും.
യഥാര്‍ത്ഥ ടൈറ്റാനിക് ഇംഗ്ളണ്ടിലെ സതാംപ്ടണില്‍ നിന്നും അമേരിക്കയിലെ ന്യൂയോര്‍ക്കിലേക്കായിരുന്നു യാത്ര തിരിച്ചത്.
ഇതേ പാതതന്നെയായിരക്കും ടൈറ്റാനിക് 2വിനും. 1912-ല്‍ ഏപ്രില്‍ 10-ന് 2,224 യാത്രക്കാരുമായി പുറപ്പെട്ട കന്നി യാത്രയില്‍ ഏപ്രില്‍ 15-ന് അറ്റ്ലാന്റിക് സമുദ്രത്തില്‍ മഞ്ഞുമലയിലിടിച്ച് തകര്‍ന്നു മുങ്ങി. 1500-ലേറെ പേര്‍ക്ക് ജീവന് നഷ്ടമായി.

