ദുരന്തങ്ങൾ വേട്ടയാടുമ്പോൾ ആത്മഹത്യയോ പരിഹാരം?

ദുരന്തങ്ങൾ വേട്ടയാടുമ്പോൾ ആത്മഹത്യയോ പരിഹാരം?

Articles Breaking News Middle East

ദുരന്തങ്ങൾ വേട്ടയാടുമ്പോൾ ആത്മഹത്യയോ പരിഹാരം? ( മോട്ടിവേഷണൽ / മനശാസ്ത്ര ലേഖനം)
*ഡഗ്ളസ് ജോസഫ്*

ഈയടുത്ത സമയത്ത് നിരവധി പ്രവാസികൾ ഗൾഫ് രാജ്യങ്ങളിൽ ആത്മഹത്യയിൽ അഭയം തേടി. ദുബായിൽ ജീവനൊടുക്കിയ പ്രവാസി ബിസിനസ്സുകാരൻ, മുംബയിൽ ആത്മഹത്യ ചെയ്ത ബോളിവുഡ് നടൻ തുടങ്ങി പ്രശസ്തരും, സാധാരണക്കാരും ജീവിതം അവസാനിപ്പിച്ചു മടങ്ങി. കോറോണയെത്തുടർന്ന് സാമ്പത്തീക പ്രതിസന്ധി, രോഗഭീതി തുടങ്ങിയവ മൂലം നാട്ടിലും ആത്മഹത്യകൾ പെരുകുന്നു. ഞെട്ടിപ്പിക്കുന്ന മറ്റൊരു പ്രതിഭാസം എട്ടു വയസ്സ്, പന്ത്രണ്ട് വയസ്സ് തുടങ്ങിൽ ബാല്യ പ്രായത്തിലെ കുട്ടികളുടെ അത്മഹത്യയാണ്.

അമ്മ വഴക്ക് പറഞ്ഞതിനാണ് എട്ടു വയസ്സുകാരൻ ആത്മഹത്യ ചെയ്തത്. നിസ്സാരമായ കാര്യങ്ങൾ മുതൽ, കനത്ത നഷ്ടങ്ങൾ, കട ഭാരം, ദാരിദ്രം, ബിസിനസ്സ് തകർച്ച, ചതി, പരാജയങ്ങൾ, രോഗങ്ങൾ, പ്രേമ നൈരാശ്യം എന്നിങ്ങനെ പല വിധ വിഷയങ്ങൾ വരുമ്പോൾ അതിനെ നേരിടാതെ പെട്ടന്നൊരു വികാര വിക്ഷോഭത്തിൽ ഒടുക്കാനുള്ളതാണോ ജീവിതം? അല്പം ക്ഷമ കാണിക്കുമെങ്കിൽ നിങ്ങൾക്ക് ജീവിതം തിരിച്ചുപിടിക്കാം.

എല്ലാം നന്നായി പോയാൽ ജീവിതം സന്തോഷം നിറഞ്ഞതായിരിക്കും. എന്നാൽ ഏതെങ്കിലും ദുരന്തങ്ങൾ അപ്രതീക്ഷിതമായി സംഭവിച്ചാൽ, ജീവിതം വഴിമുട്ടിയതായി തോന്നാം. എല്ലാ പ്രതീക്ഷയും അസ്‌തമിച്ചു, നിരാശയിലും വേദനയിലും ആണ്ടുപോയ നിരവധി ജീവിതങ്ങളെ നമുക്കു ചുറ്റും കാണാം. എന്നാൽ ക്ഷമയോടെ നിങ്ങൾ ജീവിതം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നെങ്കിൽ ദുരന്തങ്ങൾ വെറും പഴങ്കഥയാകും. ഒരു ഫീനിക്സ് പക്ഷിയെപ്പോലെ നിങ്ങൾ ഉയർത്തെയുന്നേൽക്കും. എല്ലാം നിങ്ങൾക്ക് നന്മയായി ഭവിക്കും.

ലോകപ്രശസ്തമായ കെ. ഫ് .സിയുടെ പരസ്യ വാചകമാണ് ”വിരൽ നക്കുന്നത് നല്ലത്” ( Finger lickin good ) . ലോകത്തെയാകെ പൊരിച്ച കോഴിയുടെ മാസ്മരിക രുചിയാൽ മയക്കിയ കെൻറ്റക്കി ഫ്രൈഡ് ചിക്കൻ ആർത്തിയോടെ അകത്താക്കുമ്പോൾ നാമാരും, ആ രുചി പെരുമയുടെ ഉപജ്ഞാതാവായ കേണൽ ഹർലാൻഡ് സാൻഡേഴ്‌സ് കടന്നുപോയ ജീവിതത്തിന്റെ കഠിനമേറിയ കനൽ പാതകളെപ്പറ്റി ഓർക്കാറില്ല. പക്ഷേ നമ്മുടെ സ്കൂളുകളിലോ, കോളേജുകളിലോ പകർന്നു നൽകാത്ത പാഠങ്ങൾ ആ ജീവിതത്തിലുണ്ട്.

ദരിദ്രമായ കുടുംബത്തിൽ ജനനം . അഞ്ചു വയസുള്ളപ്പോൾ പിതാവ് മരിച്ചു. കുടുംബം പുലർത്താനായി ഇളയ രണ്ടുകുട്ടികളെ അഞ്ചു വയസുകാരനെ ഏൽപിച്ചിട്ടു ‘അമ്മ ഫാക്ടറി ജോലിക്കു പോയിത്തുടങ്ങി. അതോടെ വിദ്യാഭ്യാസവും മുടങ്ങി. എട്ട് വയസു പ്രായമായപ്പോൾ അവനെ ‘അമ്മ പാചകം പഠിപ്പിച്ചു .

കഠിനമായ ഫാക്ടറി ജോലിയുടെ ക്ഷീണം കാരണം പലപ്പോഴും ഭക്ഷണം പാകം ചെയ്യാൻ ആ അമ്മക്ക് കഴിയാതിരുന്നതിനാലാണ് സ്കൂളിൽ പോയി പഠിക്കേണ്ട സമയത്തു ആ എട്ടുവയസുകാരൻറെ ജീവിതം വീട്ടിലെ കിച്ചണിൽ ഒതുങ്ങിയത്. പതിമൂന്നാം വയസ്സിൽ അമ്മക്ക് ഒരു സഹായമാകാൻ, അവൻ ജോലി തേടി വീട് വിട്ടു. നമ്മുടെ കാഴ്ചപ്പാടിൽ ഒരു ദുരന്ത ബാല്യം. വർഷങ്ങൾ പിന്നിട്ടപ്പോൾ നൂറ്റി ഇരുപത്തി മൂന്ന് രാജ്യങ്ങളിലായി ഇരുപതിനായിരം ഔട്ട്ലെറ്റുകളുള്ള, മക്ഡൊണാൾ കഴിഞ്ഞാൽ ഏറ്റവും വലിയ ഫുഡ് ചെയിനായ, ശതകോടികൾ വരുമാനമുള്ള , ലോകത്തെ പൊരിച്ച കോഴിയുടെ വ്യത്യസ്തമായ ഒരു രുചി പരിചയപ്പെടുത്തിയ കെ . ഫ് .സി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കെൻറ്റക്കി ഫ്രൈഡ് ചിക്കൻ എന്ന ബിസിനസ്സ് സാമ്രാജ്യം പടുത്തുയർത്തിയ ഹർലാൻഡ്‌ സാന്ഡേഴ്സ് ആയിരുന്നു ആ ബാലൻ.

പതിമൂന്നാം വയസിൽ വീട് വിട്ടിട്ടിറങ്ങി, പല ജോലികൾ ചെയ്തു. ആരംഭിച്ച ചില ബിസിനസ്സ്കളും നഷ്ടത്തിലായി. ഒടുവിൽ നാൽപതാം വയസിൽ ഒരു ഗ്യാസ് സ്റ്റേഷൻ തുടങ്ങി. അതും നഷ്ടത്തിൽ കലാശിച്ചു. അപ്പോഴാണ് വർഷങ്ങൾക്കുമുൻപ് അമ്മ പഠിപ്പിച്ച പതിനൊന്ന് ഇനം മസാലകൾ ചേർത്തുള്ള ചിക്കൻ ഫ്രൈ ഒരു രക്ഷകനായി അവതരിക്കുന്നത്. ഗ്യാസ് സ്റ്റേഷനോട് ചേർന്നുള്ള ചെറിയ മുറിയിൽ അങ്ങനെ തനിക്ക് മാത്രം അറിയാവുന്ന ആ അത്ഭുതരുചിക്കൂട്ട് ചേർത്ത് പൊരിച്ച കോഴി വിൽക്കുന്ന ഫാസ്റ്റ് ഫുഡ് സ്റ്റാൾ തുടങ്ങി. പിന്നീട് സാൻഡേഴ്‌സിന് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. അമേരിക്കയിലെ കെന്ററക്കി എന്ന ചെറു പട്ടണത്തിൽ നിന്നും ലോകമെമ്പാടും വ്യാപിച്ച കെ. ഫ് .സി ബ്രാൻഡിന്റെ പരസ്യ ബോർഡിൽ കാണുന്ന പുഞ്ചിരിക്കുന്ന മുഖം മറ്റാരുടെയുമല്ല, ദരിദ്രബാല്യത്തിന്റെ അവസ്ഥയിൽ നിന്നും ബിസിനസ് രാജാവായി മാറിയ സാൻഡേർസിന്റേതാണ്.

ഓരോ ജീവിത ദുരന്തവും ഓരോ അവസരങ്ങളാണ്. (Every calamity in life is an opportunity).

മറ്റു കുട്ടികൾ ക്ലാസ്സ്മുറിയിൽ ഇരുന്നു പഠിക്കുമ്പോൾ, കളിച്ചുനടക്കുമ്പോൾ , അടുക്കളയിലെ മുഷിപ്പിക്കുന്ന പാചക പണികളിൽ ഒതുങ്ങിയ ദുരന്തമാണ് , പിൻകാലത്തു സാന്ഡേസിനു വൻ അവസരമായി മാറിയത് . ജീവിതത്തിൽ സംഭവിക്കുന്ന ഓരോ കാര്യത്തിനും പിന്നിൽ ഒരു കാരണമുണ്ട് . എട്ടു വയസ്സിൽ പാചകം പഠിക്കാൻ നിർബന്ധിതമായ സാഹചര്യം സാണ്ടേഴ്സിന്റെ ജീവിതത്തിൽ ദൈവം ഒരുക്കിയത് പിൻകാലത്തു ലോകത്തെ കൊതിപ്പിച്ച ഒരു വൻ രുചിപെരുമയുടെ ഉടമയാകാനാണ്.

പരാജയം വരുമ്പോൾ, സ്വപ്നങ്ങൾ നടക്കാതാവുമ്പോൾ, ദുരന്തങ്ങൾ വേട്ടയാടുമ്പോൾ ഒന്നോർക്കുക നമ്മുടെ ഇപ്പോളത്തെ സാഹചര്യത്തിൽനിന്നും ചിലതു പഠിക്കാനുണ്ട്. പരാതി പറയാനല്ല, ജീവിതം അവസാനിച്ചു എന്ന് കരുതി വിധിയെ കുറ്റപ്പെടുത്താനല്ല, എന്റെ ജീവിതത്തിൽ എന്തിന് ഈ ദുരന്തങ്ങൾ സംഭവിച്ചു എന്ന് ചോദിക്കാനല്ല, നേരെ മറിച്ചു, നമ്മെ ചില വൻ കാര്യങ്ങൾക്കായി ദൈവം ഒരുക്കുകയാണ് എന്ന വിശ്വാസത്തോടെ ,ക്ഷമയോടുകൂടെ മുന്നോട്ടുപോകുക നിങ്ങളെ വൻ വിജയങ്ങൾ കാത്തിരിക്കുന്നു.

ദൈ വത്തെ സ്നേഹിക്കുന്നവര്‍ക്കും, നിർണ്ണയ പ്രകാരം വിളിക്കപ്പെട്ടവര്‍ക്കും തന്നേ, സകലവും നന്മെക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു ( വി. ബൈബിൾ, റോമ 8: 28) ജീവിതത്തിൽ സംഭവിച്ചതെല്ലാം നല്ലതിനാണ്. ഇനി സംഭവിക്കാനുള്ളതും നല്ലതിനാണ് എന്ന ഉറച്ച വിശ്വാസത്തോടെ നമുക്ക് മുന്നോട്ടുപോകാം.

‘സംഭവാമി യുഗേ യുഗേ’ എന്ന കൃഷ്ണൻ അർജുനന്‌ നല്കുന്ന ഭഗവത്ഗീത ഉപദേശങ്ങൾ വളരെ പ്രസക്തമാണ്. സംഭവിച്ചതെല്ലാം നല്ലതിന്, സംഭവിക്കുന്നതെല്ലാം നല്ലതിന്, ഇനി സംഭവിക്കാൻ പോകുന്നതും നല്ലതിന്,നഷ്ടപ്പെട്ടതിനെ ഓർത്ത് എന്തിനു ദു:ഖിക്കുന്നു? നഷ്ടപ്പെട്ടത് എന്തെങ്കിലും നീ കൊണ്ടുവന്നതാണോ? നശിച്ചത് എന്തെങ്കിലും നീ സൃഷ്ടിച്ചതാണോ? നീ നേടിയതെല്ലാം നിനക്ക് ഇവിടെ നിന്ന് ലഭിച്ചതാണ്.-നിനക്കുള്ളതെല്ലാം ഇവിടെ നിന്നു നേടിയതാണ്. ഇന്നു നിനക്കുള്ളതെല്ലാം ഇന്നലെ മറ്റാരുടേതോ ആയിരുന്നു.നാളെ അതു മറ്റാരുടേതോ ആകും.

ഭാവിയെക്കുറിച്ചു നിങ്ങൾക്ക്‌ ശുഭപ്രതീക്ഷയുണ്ടോ? മനുഷ്യരെ രണ്ടു വിഭാഗങ്ങളായി തിരിക്കാം.ആത്മവിശ്വാസത്തോടെ ഭാവിയിലേക്കു നോക്കുന്ന ഒരു കൂട്ടർ. എന്നാൽ ചിലരുടെ ദൃഷ്ടിയിൽ ചക്രവാളമാകെ ഇരുൾ പരന്നിരിക്കുകയാണ്‌. എല്ലാം നാശത്തിലേക്കാണ് എന്നാണ് അവരുടെ ചിന്ത.

എല്ലാം എനിക്ക് നന്മയ്ക്കായി മാറ്റിത്തരുന്ന, ശുഭമായ ഭാവി എനിക്കായി ഒരുക്കിവച്ചിട്ടുള്ള, എന്നെ സ്‌നേഹിക്കുന്ന ദൈവമുള്ളപ്പോൾ എന്റെ ജീവിതനൗകമേൽ ആഞ്ഞടിക്കുന്ന രോഗങ്ങളുടെ , സാമ്പത്തിക തകര്ച്ചകളുടെ, ബിസിനസ് തകർച്ചയുടെ, കുടുംബ തകർച്ചയുടെ, പ്രകൃതി ദുരന്തങ്ങളുടെ, പരാജയങ്ങളുടെ തിരമാലകളെ അതിജീവിച്ചു ഞാൻ വിജയം വരിക്കും എന്ന വിശ്വാസത്തോടെ മുന്നോട്ടുപോവുക. വിജയം നിങ്ങളുടെ തൊട്ടടുത്തുണ്ട്.