നൈജീരിയായില്‍ വീണ്ടും കൂട്ടക്കൊല; പാസ്റ്റര്‍മാരും വിശ്വാസികളുമടക്കം 160 മരണം
ലാഗോസ്: ക്രൈസ്തവ കൂട്ടക്കൊലയ്ക്ക് കുപ്രസിദ്ധിയുള്ള നൈജീരിയായില്‍ വീണ്ടും കൂട്ടക്കൊല. ഡിസംബര്‍ 23 ശനിയാഴ്ച രാത്രി മുതല്‍ ക്രിസ്തുമസ് ദിനം വരെ ഇസ്ളാമിക തീവ്രവാദികള്‍ നടത്തിയ ആക്രമണങ്ങളില്‍ 160 പേര്‍ക്കാണ് ജീവന് നഷ്ടമായത്.
പീഠഭൂമി സംസ്ഥാനത്ത് പ്രധാന ക്രിസ്ത്യന്‍ ഭൂരിപക്ഷ ഗ്രാമങ്ങളായ എന്‍ടിവി, മയംഗ, റുകു, ഹുറം, ദര്‍വാത്ത, ഡേര്‍സ്, ചിരാങ്, റൂവി, യെല്‍വ, ഹൂന്, ങ്യോങ്, മര്‍ഫെറ്റ്, മകുന്ദരി, തമിഡോ, ചിയാങ്, താഗോവ്, ഗവര്‍സ, ഡെയര്‍, മെയ്ംഗ എന്നിവിടങ്ങളിലാണ് മാരകായുധങ്ങളുമായി സംഘടിത ആക്രമണങ്ങള്‍ നടന്നത്.
സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും കാലികളെ മേയ്ച്ചു ജീവിക്കുന്ന ഫുലാനി മുസ്ളീം ഗോത്രമാണ് ആക്രമണത്തിനു പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.
മുസ്ളീം ഫുലാനികള്‍ ഭൂമിക്കും വെള്ളത്തിനുമായി അന്യായമായി ക്രിസ്ത്യന്‍ ഗ്രാമങ്ങള്‍ ആക്രമിക്കുന്നത് പതിവാണ്.
ശനിയാഴ്ച വൈകിട്ട് ആറിനാണ് ആക്രമണം തുടങ്ങിയതെന്നും ക്രിസ്തുമസ് ദിനത്തില്‍ പുലര്‍ച്ചെ വരെ തുടര്‍ന്നെന്നും പ്രദേശ വാസികള്‍ പറയുന്നു.
വിവിധ സഭകളിലെ പാസ്റ്റര്‍മാര്‍, പുരോഹിതര്‍, വിശ്വാസികള്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടവരില്‍ നല്ലൊരു വിഭാഗവും. നിരവധി പേര്‍ക്ക് പരിക്കേറ്റു.
221 വീടുകള്‍ അഗ്നിക്കിരയാക്കി. ചിലരെ കാണാതായിട്ടുമുണ്ടെന്നു ആംനസ്റ്റി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ടു ചെയ്തു.
ആക്രമണം നടന്ന് 12 മണിക്കൂറിനു ശേഷമാണ് സുരക്ഷാ സൈനികര്‍ മേഖലകളില്‍ എത്തിയതെന്നു ആക്ഷേപവുമുണ്ട്. അക്രമികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി നൈജീരിയന്‍ സേന അവകാശപ്പെട്ടു.
അതേ സമയം നൈജീരിയായില്‍ ഇത്തരം കേസുകളില്‍ കാര്യമായ അറസ്റ്റോ പുരോഗതിയോ ഉണ്ടാകാറില്ലെന്നു ക്രിസ്ത്യന്‍ സംഘടനകള്‍ ആരോപിക്കുന്നു. ആക്രമണങ്ങള്‍ തടയുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്നും വിമര്‍ശനമുണ്ട്.

