ഒഡീഷയില്‍ പോലീസ് സന്ദേശം അയയ്ക്കുന്നത് പ്രാവുകള്‍ വഴി
ഭുവനേശ്വര്‍: മൊബൈല്‍ ഫോണും ഇന്റര്‍നെറ്റുമൊക്കെയുള്ള ഇക്കാലത്ത് ഒഡീഷയില്‍ പോലീസ് സന്ദേശം അയയ്ക്കുന്നത് പ്രാവുകള്‍ വഴി. കേട്ടാല്‍ അതിശയം തോന്നുമെങ്കിലും അതിനു കാരണവുമുണ്ട്. ഒഡീഷയില്‍ സംഭവിക്കുന്ന വന്‍ ദുരന്തങ്ങള്‍ ആശയവിനിമയ സംവിധാനങ്ങള്‍ തകരാറിലാക്കുമ്പോഴാണ് ഒഡീഷ പോലീസ് പ്രാവുകളിലൂടെ സന്ദേശങ്ങള്‍ കൈമാറുന്നത്.
കൊളോണിയല്‍ ഭരണകാലം മുതലാണ് പോലീസ് സ്റ്റേഷനുകളില്‍ പരസ്പരം ആശയ വിനിമയം നടത്താന്‍ പക്ഷികളെ ഉപയോഗിക്കുന്നത്. ആ കാലഘട്ടത്തില്‍ സന്ദേശം കൈമാറുന്നതിനായി 100 ലധികം ബെല്‍ജിയന്‍ ഹോമര്‍ പ്രാവുകളെ ഉപയോഗിച്ചിരുന്നു.
മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ 500 മൈല്‍ വരെ ദൂരത്തിലും പറക്കാന്‍ പ്രാവുകള്‍ക്ക് കഴിവുണ്ടെന്നാണ് ഒഡീഷന്‍ പോലീസ് പറയുന്നത്. ഇതിനായി 155 പ്രാവുകള്‍ ഇപ്പോള്‍ പോലീസ് സംരക്ഷണയിലുണ്ട്.
പ്രാവുകളുടെ പരിപാലനത്തിനും ജീവനക്കാരുടെ ശമ്പളത്തിനുമായി സംസ്ഥാന സര്‍ക്കാര്‍ പ്രതിവര്‍ഷം 5.14 ലക്ഷം രൂപയാണ് ചിലവഴിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒഡീഷയില്‍ നടന്ന രണ്ടു പ്രധാന ദുരന്തങ്ങളില്‍ ആശയ വിനിമയം നടത്താന്‍ ഈ പ്രാവുകളുടെ സേവനമാണ് ഏറെ സഹായിച്ചത്. ഒഡീഷയിലെ കട്ടക്കില്‍ പോലീസ് പ്രാവ് സേനയുടെ ഒരു ആസ്ഥാനം സ്ഥാപിച്ചിട്ടുണ്ട്.
1999-ല്‍ തീരപ്രദേശങ്ങളില്‍ ചുഴലിക്കാറ്റ് അടിച്ച് ആശയ വിനിമയ സംവിധാനങ്ങള്‍ തകരാറിലായപ്പോഴും 1982-ലെ വെള്ളപ്പൊക്ക സമയത്തും പ്രാവുകളെയാണ് സന്ദേശവാഹകരായി ഉപയോഗിച്ചത്.
കനംകുറഞ്ഞ ഒറിയന്‍ പേപ്പറില്‍ സന്ദേശം എഴുതി ഒരു ചെറിയ ക്യാപ്സൂളില്‍ തിരുകിയ ശേഷം പ്രാവിന്റെ കാലില്‍ കെട്ടിയിട്ടാണ് സന്ദേശങ്ങള്‍ അയയ്ക്കുന്നത്.

