അന്ന് നിരോധന മയക്കു മരുന്ന് കടത്തി, ഇന്നു നിരോധിത ബൈബിള്‍ കടത്തുന്നു

അന്ന് നിരോധന മയക്കു മരുന്ന് കടത്തി, ഇന്നു നിരോധിത ബൈബിള്‍ കടത്തുന്നു

Breaking News Global

അന്ന് നിരോധന മയക്കു മരുന്ന് കടത്തി, ഇന്നു നിരോധിത ബൈബിള്‍ കടത്തുന്നു
ദുഷാന്‍ബി: തജാക്കിസ്ഥാനില്‍ മയക്കു മരുന്നും വിശുദ്ധ വേദപുസ്തകവും നിരോധിത വസ്തുക്കളാണ്. മധ്യ ഏഷ്യന്‍ രാഷ്ട്രമായ ഇവിടെ മയക്കു മരുന്ന് കൈവശം വെയ്ക്കുന്നതും ഉപയോഗിക്കുന്നതും കുറ്റകരമാണ്.

ഒരു കാലത്ത് വിദേശ രാജ്യങ്ങളില്‍നിന്നും തജാക്കിസ്ഥാനിലേക്കു മയക്കു മരുന്നു കടത്തി കുപ്രസിദ്ധി നേടിയ വ്യക്തി യേശുക്രിസ്തുവിന്റെ നിസ്തുല്യ സ്നേഹം രുചിച്ചറിഞ്ഞപ്പോള്‍ സുവിശേഷ പ്രവര്‍ത്തകനായിത്തീര്‍ന്നതും, ദൈവത്തിന്റെ വചനമാകുന്ന ബൈബിള്‍ വിതരണക്കാരനായതും ആര്‍ക്കും ചിന്തിക്കാന്‍ കഴിയാത്തതിനപ്പുറമാണെങ്കില്‍ ദൈവത്തിന് അത് സാധ്യമാണ്.

വിക്ടര്‍ (സുരക്ഷാ കാരണങ്ങളാല്‍ യഥാര്‍ത്ഥ പേര് വെളിപ്പെടുത്തിയിട്ടില്ല) രക്ഷിക്കപ്പെടുന്നതിനു മുമ്പ് ആഗോള മയക്കു മരുന്ന് സംഘത്തിലെ ഒരു കണ്ണിയായിരുന്നു. 1996-ല്‍ വന്‍ മയക്കു മരുന്നു ശേഖരവുമായി വിക്ടര്‍ പിടിക്കപ്പെട്ടു ജയിലിലായി.

ദീര്‍ഘനാള്‍ ജയിലില്‍ കിടന്നപ്പോള്‍ വിഷാദ രോഗത്തിനടിമയായി. ഇതിനെത്തുടര്‍ന്ന് ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു. ഈ സമയം വിക്ടറിന്റെ കൂടെ ജയിലില്‍ കഴിഞ്ഞിരുന്ന സഹതടവുകാരന്‍ തന്റെ മാതാവ് കൊടുത്തുവിട്ട യോഹന്നാന്റെ സുവിശേഷം മാത്രമുള്ള ബൈബിളിന്റെ ഒരു കെട്ട് ജയിലില്‍ എത്തുകയുണ്ടായി.

ഇതില്‍ ഒരു ബൈബിള്‍ വിക്ടറിന്റെ കൈകളിലും എത്തി. ഇരുണ്ട മുറിയില്‍ കിട്ടിയ വെളിച്ചവുമായി ആ ബൈബിള്‍ വിക്ടറിനെ സ്വാധീനിച്ചു. വിക്ടര്‍ തുടര്‍ച്ചയായി ബൈബിള്‍ വായിച്ചു. താന്‍ മുമ്പ് ഉറങ്ങാന്‍ കഴിയാതെ ബുദ്ധിമുട്ടിയ സ്ഥാനത്ത് ദൈവവചനം ഉള്ളില്‍ കടക്കാന്‍ തുടങ്ങിയപ്പോള്‍ നല്ല ഉറക്കവും ആശ്വാസവും ലഭിച്ചു.

ബൈബിളിലെ ഏറ്റവും വിലയേറിയ വാക്യമായ നിത്യജീവനെക്കുറിച്ചുള്ള വാക്യം വിക്ടറിനെ പിടിച്ചുലച്ചു. തുടര്‍ന്നു താന്‍ കൂടുതല്‍ കാര്യങ്ങള്‍ സഹതടവുകാരില്‍നിന്നും മനസ്സിലാക്കി. ദൈവവചനം പഠിച്ചു. ഈ അവനസരത്തില്‍ വിക്ടറിനു ഞെട്ടിക്കുന്ന ഒരു വാര്‍ത്ത ലഭിച്ചു. ജയിലില്‍ തന്നെ പരിശോധിക്കുന്ന ഡോക്ടറില്‍നിന്നായിരുന്നു ആ വാര്‍ത്ത.

തനിക്കു മരണകാരണമാകുന്ന ഒരു രോഗം ബാധിച്ചുവെന്നും 18 മാസമേ ജിവിച്ചിരിക്കുവുള്ളെന്നും ഡോക്ടര്‍ പറഞ്ഞപ്പോള്‍ ഞെട്ടി. ഈ സമയം താന്‍ ദൈവത്തില്‍ ആശ്രയിച്ചു പ്രവര്‍ത്തിച്ചു. സഹതടവുകാര്‍ക്കുവേണ്ടിയുള്ള ഒരു ചെറിയ പ്രാര്‍ത്ഥനാ ഗ്രൂപ്പ് ജയിലില്‍ തുടങ്ങിയിരുന്നു. സംഗീത ഉപകരണങ്ങളോടുകൂടിയ ആരാധനയില്‍ വിക്ടര്‍ പങ്കെടുത്തു.

അന്ന് തനിക്ക് ദൈവവചനം പ്രസംഗിക്കുന്നവനായി വിളിയുണ്ടായി. തുടര്‍ന്ന് ജയില്‍ മോചിതനായപ്പോള്‍ ബൈബിള്‍ കോളേജില്‍ പഠനം പൂര്‍ത്തീകരിക്കുവാന്‍ കഴിഞ്ഞു. തുടര്‍ന്നു സുവിശേഷ വേലയോടൊപ്പം മദ്യത്തിനും മയക്കു മരുന്നിനും അടിമകളായവരുടെ ഇടയില്‍ പ്രവര്‍ത്തിച്ചു തുടങ്ങി.

ഇപ്പോള്‍ മധ്യ ഏഷ്യയിലെ സുവിശേഷത്തിനു നിരോധനമുള്ള രാജ്യത്ത് ഒരു രഹസ്യ സഭയില്‍ പാസ്റ്ററായി സേവനം അനുഷ്ഠിക്കുന്നു. സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമുള്ള ബൈബിളുകള്‍ മറ്റു പുസ്തകങ്ങള്‍ ലഘുലേഖകള്‍ എന്നിവ അതീവ രഹസ്യമായി വരുത്തുകയും അത് ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുന്നതിന് നേതൃത്വം നല്‍കുകയും ചെയ്യുന്നു. രക്ഷിക്കപ്പെട്ടു വരുന്നവരെ സ്നാനപ്പെടുത്തുന്നു.

താന്‍ പണ്ട് രഹസ്യമായി മയക്കു മരുന്ന് കടത്തി ചെയ്തിരുന്ന സ്ഥാനത്ത് രഹസ്യമായി സുവിശേഷ പ്രവര്‍ത്തനങ്ങളും ചെയ്തു വരുന്നു. ഇത് ദൈവത്തിന്റെ കൃപയാണെന്ന് വിക്ടര്‍ ഉറപ്പിച്ചു പറയുന്നു. തജാക്കിസ്ഥാനിലെ ജനസംഖ്യയില്‍ 96 ശതമാനവും മുസ്ളിങ്ങളാണ് ക്രൈസ്തവര്‍ വെറും 1.6 ശതമാനം മാത്രമാണ്.