മനുഷ്യ തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ചുള്ള പരീക്ഷണത്തിന് മസ്കിന് അനുമതി ലഭിച്ചു
ശാസ്ത്രലോകം പ്രതീക്ഷയോടെ കാത്തിരുന്ന ചിപ്പ് പരീക്ഷണത്തിനുള്ള അനുമതി ടെസ്ള തലവനും ശതകോടീശ്വരനുമായ ഇലോണ്‍ മസ്ക്കിന്റെ ബ്രെയിന്‍ ഇംപ്ളാന്റ് കമ്പനിയായ ന്യൂറലിങ്കിന് ലഭിച്ചു.
യു.എസ്. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് (എഫ്ഡിഎ) ന്യൂറാലിങ്കിന് അവര്‍ വികസിപ്പിച്ച ബ്രെയിന്‍ ചിപ്പ് മനുഷ്യരില്‍ പരീക്ഷിക്കാനുള്ള അനുമതി ലഭിച്ചതായാണ് വിവരം.
റെഗുലേറ്റരി ക്ളിയറന്‍സ് നേടുന്നതില്‍ ഏറെ വെല്ലുവിളികള്‍ നേരിട്ട ന്യൂറാലിങ്കിന് എഫ്ഡിഎയുടെ മനംമാറ്റം ഒരു നിര്‍ണായക വഴിത്തിരിവായാണ് ഗവേഷകര്‍ വിലയിരുത്തുന്നത്.
പക്ഷാഘാതം, അന്ധത തുടങ്ങിയ ഗുരുതരമായ അവസ്ഥകളെ അഭിമുഖീകരിക്കാന്‍ കഴിവുള്ള ന്യൂറാലിങ്കിന്റെ ബ്രെയിന്‍ ഇംപ്ളാന്റിന്റെ മനുഷ്യരിലുള്ള ക്ളിനിക്കല്‍ പരീക്ഷണങ്ങള്‍ക്കായി 2019 മുതല്‍ മസ്ക് ശ്രമങ്ങളാരംഭിച്ചിരുന്നു.
തലച്ചോറില്‍ ചിപ്പ് സ്ഥാപിച്ചാല്‍ കാഴ്ചയില്ലാത്തവര്‍ക്ക് കാഴ്ച ലഭിക്കുമെന്നും വികലാംഗരായ രോഗികളെ വീണ്ടും ചലിപ്പിക്കാനും ആശയ വിനിമയം നടത്താനും പ്രാപ്തമാക്കുമെന്നൊക്കെയാണ് അവകാശപ്പെടുന്നത്.
ഏതാനും മാസങ്ങള്‍ക്കു മുമ്പ് കുരങ്ങന്മാരില് ന്യൂറാലിങ്കിന് തങ്ങളുടെ മസ്തിഷ്ക ഇംപ്ളാന്റ് പരീക്ഷിക്കുന്നത് വിജയകരമായിത്തീര്ന്നതായി കമ്പനി അവകാശപ്പെടുകയും അതിന്റെ ദൃശ്യങ്ങളും പുറത്തുവിടുകയുണ്ടായി.
എന്നാല്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ അനുമതി നല്കാനാവില്ലെന്നായിരുന്നു അന്ന് എഫ്ഡിഎ പറഞ്ഞത്.

