കോവിഡ് മരണങ്ങള്‍ എട്ടിരട്ടി; രാജ്യത്ത് ആയുര്‍ദൈര്‍ഘ്യത്തില്‍ വലിയ കുറവുണ്ടാകുന്നു

കോവിഡ് മരണങ്ങള്‍ എട്ടിരട്ടി; രാജ്യത്ത് ആയുര്‍ദൈര്‍ഘ്യത്തില്‍ വലിയ കുറവുണ്ടാകുന്നു

Breaking News India

കോവിഡ് മരണങ്ങള്‍ എട്ടിരട്ടി; രാജ്യത്ത് ആയുര്‍ദൈര്‍ഘ്യത്തില്‍ വലിയ കുറവുണ്ടാകുന്നു

ന്യൂഡെല്‍ഹി: കോവിഡ് മരണത്തിന്റെ കാര്യത്തില്‍ പുതിയ കണക്കുകള്‍ പുറത്തുവന്നു. സര്‍ക്കാര്‍ പുറത്തുവിട്ട കണക്കിനേക്കാള്‍ അധികം ആളുകള്‍ 2020-ല്‍ കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചതായി പുതിയ പഠനത്തില്‍ വ്യക്തമാകുന്നു.

രാജ്യം കോവിഡ് മഹാമാരിയുടെ ആഘാതത്തില്‍ നിന്നും ഇനിയും മുക്തമായിട്ടില്ലെന്നും പഠന റിപ്പോര്‍ട്ട് പറയുന്നു. കോവിഡിന്റെ ആദ്യ വര്‍ഷത്തില്‍ തന്നെ 11.9 ലക്ഷത്തിലധികം മരണങ്ങള്‍ സംഭവിച്ചിട്ടുണ്ട്.

ഇത് സര്‍ക്കാരിന്റെ കണക്കിനേക്കാള്‍ എട്ടിരട്ടിയാണ്. സ്ത്രീകളിലും പിന്നോക്ക വിഭാഗങ്ങളിലും ആയുര്‍ദൈര്‍ഘ്യത്തില്‍ വലിയ കുറവ് വരുന്നതായി പഠനം കണ്ടെത്തി.

2020-ല്‍ രാജ്യത്തെ മരണനിരക്ക് 17 ശതമാനം അധികമായിരുന്നു. യു.എസ്., യു.കെ. എന്നിവിടങ്ങളില്‍നിന്നുള്ള 10 ഗവേഷകരുടെ നേതൃത്വത്തിലായിരുന്നു പഠനം. 2019-21 കാലയളവിലെ ദേശീയ കുടുംബാരോഗ്യ സര്‍വ്വേ-5ലെ കണക്കുകളാണ് പഠനത്തിനു അടിസ്ഥാനം.

പ്രായം, ലിംഗഭേദം, സാമൂഹിക അസമത്വം എന്നിവയില്‍ കോവിഡ് സൃഷ്ടിക്കുന്ന ആഘാതമാണ് ഔദ്യോഗിക രേഖ ഉപയോഗിച്ച് പഠന വിധേയമാക്കിയത്. മുസ്ളീങ്ങളിലും, ആദിവാസിക‍, ദളിതര്‍ തുടങ്ങിയ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളെയും പുരുഷന്മാരേക്കാള്‍ അധികം സ്ത്രീകളെയുമാണ് കോവിഡ് കൂടുതല്‍ ബാധിച്ചതെന്നും പഠനം വിലയിരുത്തി.

കോവിഡ് മഹാമാരിയുടെ ഫലമായി മുസ്ളീങ്ങളുടെ ആയുര്‍ദൈര്‍ഘ്യം 5.4 വര്‍ഷം കുറഞ്ഞു. പട്ടിക വിഭാഗക്കാരില്‍ 4.1 ഉം, പട്ടിക വര്‍ഗ്ഗത്തില്‍ 2.7 വര്‍ഷവുമാണ് കുറവ്.

ഉന്നത ജാതി ഹിന്ദു വിഭാഗത്തിലും മറ്റു പിന്നോക്ക വിഭാഗക്കാരിലും ഇത് 1.3 വര്‍ഷമാണ്. സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യം 3.1 വര്‍ഷവും, പുരുഷന്മാരുടേത് 2.1 വര്‍ഷവും കുറഞ്ഞു.

രണ്ടു കണക്കും ചേര്‍ന്നാല്‍ ഇന്ത്യയിലെ മൊത്തം ആയുര്‍ദൈര്‍ഘ്യ നഷ്ടം 2.6 വര്‍ഷമാണെന്നും സയന്‍സ് അഡ്വാന്‍സില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.