അടുത്തിരിക്കുന്ന ദൈവം
ജീവിതത്തില്‍ ഒറ്റപ്പെടലും കഷ്ടങ്ങളും അനുഭവിക്കുന്നവര്‍ അനേകരാണ്. അവരുടെ ആശ്വാസത്തിനായി ആരും ഇല്ലാത്ത അവസ്ഥ.
പലരും ഈ ദയനീയ അവസ്ഥയില്‍ ജീവിതം അവസാനിപ്പിക്കുവാന്‍ ശ്രമിക്കുന്നു. മറ്റു ചിലര്‍ തങ്ങളെത്തന്നെ പഴിച്ചു കണ്ണീരുകുടിച്ചു കഴിയുന്നു. മറ്റുള്ളവരുടെ സഹായഹസ്തം പ്രതീക്ഷിച്ചുകൊണ്ട് ജീവിതം തള്ളിനീക്കുന്നു.
അവിശ്വാസിയായി ജീവിക്കുന്ന ഏതൊരാള്‍ക്കും ജീവിതത്തില്‍ പ്രതിസന്ധികള്‍ വരുമ്പോള്‍ അവരുടേതായ വഴികള്‍ അന്വേഷിക്കുന്നു. ചിലര്‍ തിന്മകളിലേക്കു സ്വയം വഴുതി മാറുന്നു.
എന്നാല്‍ യേശുക്രിസ്തുവിനെ സ്വന്തം രക്ഷിതാവും ദൈവവുമായി അംഗീകരിച്ച് ദൈവവചനം അനുസരിച്ച് ജീവിക്കുന്ന ഒരു ദൈവപൈതലിന് ജീവിതത്തില്‍ കഷ്ടതകളും പ്രതിസന്ധികളും ഉണ്ടാകുമ്പോള്‍ കര്‍ത്താവിന്റെ കരം അവര്‍ക്ക് തുണയാകുന്നു. യേശുവിന്റെ കരസ്പര്‍ശനം ഏറ്റവര്‍ക്ക് സമാധാനവും സന്തോഷവും ലഭിക്കുന്നു.
യേശു തന്നില്‍ ആശ്രയം വയ്ക്കുന്നവരെ ഒരിക്കലും ഉപേക്ഷിക്കുന്നില്ല; അവരുടെ ബലഹീനതകളില്‍ ദുഃഖങ്ങളില്‍ ആശ്വസവും സഹായകനുമാകുന്നു. അതാണല്ലോ മരിച്ച ലാസറിന്റെ വീട്ടില്‍ യേശു എത്തി ലാസറിന്റെ സഹോദരിമാരായ മാര്‍ത്തയേയും മറിയയേയും ആശ്വസിപ്പിച്ചതും ലാസറിനെ ഉയര്‍പ്പിച്ചതും.
കര്‍ത്താവിനെ ഏറ്റവും ഇഷ്ടപ്പെടുന്നവരേയും സ്നേഹിക്കുന്നവരേയും കര്‍ത്താവും ഏറ്റവും ഇഷ്ടപ്പെടുകയും സ്നേഹിക്കുകയും ചെയ്യുന്നു. അത് ദൈവത്തിന്റെ നീതിയാകുന്നു. നമ്മെ ചതിക്കുന്ന ദൈവമല്ല നമ്മുടെ കര്‍ത്താവ്. സൃഷ്ടിയുടെ ആരംഭം മുതലേ ദൈവം മനുഷ്യവര്‍ഗ്ഗത്തിനെ സ്നേഹിച്ചിരുന്നു എന്ന് ബൈബിള്‍ വ്യക്തമാക്കുന്നു. “ദൈവം നമ്മുടെ സങ്കേതവും ബലവുമാകുന്നു, കഷ്ടങ്ങളില്‍ അവന്‍ ഏറ്റവും അടുത്ത തുണയായിരിക്കുന്നു” സങ്കീ. 46:1.
പഴയനിയമ ഇസ്രായേലിനോട് അടുത്തിരുന്ന് ആലോചന കൊടുത്ത് അവരെ ദിനംതോറും നടത്തിയെങ്കില്‍ പുതിയ നിയമ ഇസ്രായേലായ നമ്മുടെയും നടത്തിപ്പുകാരന്‍ ദൈവം തന്നെ. ദൈവം തന്റെ പുത്രനായ യേശുവിന്റെ രക്തം നല്‍കി നമ്മെ സ്വന്തജനമാക്കിത്തീര്‍ത്തത് നമ്മോടുള്ള അഗാധമായ സ്നേഹം കൊണ്ടാണ്.
ജാതികള്‍ ഇന്ന് അവരുടേതായ വഴികളിലൂടെ സഞ്ചരിക്കുന്നു. പ്രകൃതിയേയും ദൈവത്തിന്റെ സൃഷ്ടികളേയും വണങ്ങുന്നു. അജ്ഞതകൊണ്ട് തങ്ങളുടെ വിലയേറിയ ജീവിതത്തിന് അര്‍ത്ഥമില്ലാതാകുന്നു. അനാഥരുടെ സങ്കടങ്ങളില്‍ അവരെ താങ്ങുന്നവനാണ് യേശു.
കര്‍ത്താവിന്റെ സന്നിധിയിലേക്കു വന്നവരാരും ലജ്ജിച്ചിട്ടില്ല. അവര്‍ അനുഗ്രഹം പ്രപിച്ചിട്ടേയുള്ളു. കര്‍ത്താവിനെ ആത്മാവിലും സത്യത്തിലും ആരാധിക്കുമ്പോള്‍ നമ്മുടെ എല്ലാ ക്ളേശങ്ങളും നിരാശകളും നീങ്ങിപ്പോകും.
ദൈവമക്കളായിത്തീര്‍ന്ന ഏതൊരു വിശ്വസികള്‍ക്കും അഭിമാനിക്കാന്‍ വകയുണ്ട്. കാരണം നമ്മുടെ ദൈവം നമ്മുടെ സങ്കേതവും ബലവുമാകുന്നു. അവന്‍ ഏറ്റവും അടുത്തിരിക്കുന്ന ദൈവമാകുന്നു.
പാസ്റ്റര്‍ ഷാജി. എസ്.

