നിത്യയൌവ്വനം വേണം; 45 കാരന്‍ പ്രതിവര്‍ഷം ചിലവിടുന്നത് 16 കോടി
ഏവരുടെയും ഏറ്റവും വലിയ ആഗ്രഹമാണ് നിത്യയൌവ്വനം എന്നത്. നിത്യ യൌവ്വന ഭാഗ്യം ലഭിച്ച അനേക വിരന്മാരെക്കുറിച്ച് മുത്തശ്ശി കഥയിലൂടെ അറിഞ്ഞവരാണ് നമ്മള്‍ .
എന്നാല്‍ അമേരിക്കയിലെ ഒരു സോഫ്റ്റ്വെയര്‍ സംരംഭകന്‍ നിത്യയൌവ്വനമെന്ന സ്വപ്നത്തിനു പിന്നാലെ ഓടിയിട്ടു വര്‍ഷങ്ങളായി. അതും കോടികള്‍ മുടക്കിക്കൊണ്ട്. ഇതില്‍ താന്‍ ഭാഗികമായി വിജയിച്ചു വരികയാണെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.
കാലിഫോര്‍ണിയ ആസ്ഥാനമായുള്ള കേര്‍ണല്‍കോ എന്ന ബയോടെക് കമ്പനിയുടെ സി.ഇ.ഒ. ബ്രയാന്‍ ജോണ്‍സനാണ് 18 വയസുകാരന്റെ ശരീര പ്രകൃതി ലഭിക്കാനായി ഓരോ വര്‍ഷവും 2 മില്യണ്‍ ഡോളര്‍ (16 കോടി രൂപ) ചിലവഴിക്കുന്ന സ്വപ്ന സഞ്ചാരി.
നിത്യ യൌവ്വനത്തിലേക്ക് എത്താനായുള്ള തന്റെ ഉദ്യമത്തിനെ പ്രൊജക്ട് ബ്ളൂപ്രിന്റ് എന്നാണ് താന്‍ തന്നെ വിളിക്കുന്നത്. പ്രൊജക്ട് ബ്ളൂ പ്രിന്റ് വഴി ഇതുവരെ തന്റെ എപ്പിജെനറ്റിക് പ്രായം 5.1 വര്‍ഷം കുറച്ചതായും ഇയാള്‍ അവകാശപ്പെടുന്നുണ്ട്.
തന്റെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായി 45 കാരനായ ജോണ്‍സണ്‍ 30 ഡോക്ടര്‍മാരുടെയും മെഡിക്കല്‍ വിദഗ്ദ്ധരുടെയും ഒരു ടീമിനെ തന്നെ സംഘടിപ്പിച്ചിട്ടുണ്ട്.
അവരാണ് ജോണ്‍സന്റെ ഓരോ അവയവങ്ങളുടെയും പ്രായമാകല്‍ പ്രക്രീയ പിടിച്ചു നിര്‍ത്താന്‍ സഹായിക്കുന്നതെന്നും ബ്ളൂം ബെര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
ജോണ്‍സണ്‍ കര്‍ശനമായ ദിനചര്യയാണ് പിന്തുടരുന്നത്. സസ്യാഹാരം മാത്രമാണ് ഭക്ഷണം. പ്രതിദിനം 1,977 കലോറി ഉപഭോഗം ചെയ്യുന്ന അദ്ദേഹം ഒരു മണിക്കൂര്‍ വ്യായാമം ചെയ്ത് എല്ലാ രാത്രിയിലും ഒരേ സമയം ഉറങ്ങുകയും ചെയ്യുന്നു.
ബൈബിള്‍ പറയുന്നു”ഇതാ, നീ എന്റെ നാളുകളെ നാലു വിരല്‍ നീളമാക്കിയിരിക്കുന്നു, എന്റെ ആയുസ്സ് നിന്റെ മുമ്പാകെ ഏതുമില്ലാത്തതുപോലെയിരിക്കുന്നു; ഏതു മനുഷ്യനും ഉറച്ചുനിന്നാലും ഒരു ശ്വാസമത്രേ” സങ്കീ.39:5.

