ഗൂഗിള്‍ പേയിലൂടെ അബദ്ധത്തില്‍ പണം അയച്ചാല്‍ തുക തിരികെ ലഭിക്കാന്‍ വഴിയുണ്ട്
ന്യൂഡെല്‍ഹി: ഇന്ന് പണമിടപാടുകള്‍ക്കായി ഡിജിറ്റല്‍ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
യുവാക്കള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഏതു മേഖലകളിലും ഇന്ന് യുപിഐ പേയ്മെന്റുകള്‍ നടത്തുന്നവരാണ്. എന്നാല്‍ ഇത്തരം പുതിയ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുമ്പോള്‍ പലപ്പോഴും പിഴവുകളും സംഭവിക്കാറുണ്ട്.
തെറ്റായ യു.പി.ഐ ഐഡി നല്‍കി അബദ്ധത്തില്‍ മറ്റാര്‍ക്കെങ്കിലും പണം അയയ്ക്കുന്നത് പലര്‍ക്കും പറ്റാവുന്ന ഒരു അബദ്ധമാണ്.
എന്നാല്‍ ഇങ്ങനെ നഷ്ടമായ പണം തിരികെ ലഭിക്കാന്‍ ശരിയായ വഴികളുണ്ടെന്നാണ് റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കുന്നത്. ഡിജിറ്റല്‍ സംവിധാനത്തിലൂടെ തെറ്റായി പണം അയച്ചു കഴിഞ്ഞാല്‍ അത് തിരികെ ലഭിക്കാനായി ആദ്യം ഏത് യുപിഐ മാര്‍ഗ്ഗമാണോ ഉപയോഗിച്ചത് അതില്‍ത്തന്നെ പരതി ഫയല്‍ ചെയ്യണം.
ഉദാഹരണത്തിന് ഗൂഗിള്‍ പേയിലൂടെയാണ് പണം അയച്ചതെങ്കില്‍ അതിലെ തന്നെ കസ്റ്റമര്‍ സര്‍വ്വീസുമായി ബന്ധപ്പെട്ട് പരാതി ഫയല്‍ ചെയ്തതിന് ശേഷം റീഫണ്ട് ആവശ്യപ്പെടാം.
ഇത്തരത്തില്‍ പണം തിരികെ ലഭിച്ചില്ലെങ്കില്‍ ഡിജിറ്റല്‍ പരാതികളുടെ ചുമതലകളുള്ള ആര്‍ബിഐയുടെ ഓംബുഡ്സ്മാനെ പരാതിക്കാരന് സമീപിക്കാവുന്നതാണ്.
യുപിഐ, ഭാരത് ക്യു ആര്‍ കോഡ് എന്നിവ വഴിയുള്ള ഇടപാടുകളുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ പേയ്മെന്റ് സംവിധാനം പാലിക്കാതെ വരുമ്പോള്‍ പരാതിക്കാരന് ഓംബുഡ്സ്മാനെ സമീപിക്കാമെന്നാണ് ആര്‍ബിഐ പറയുന്നത്.
ഉപഭോക്താക്കളുടെ അക്കൌണ്ടിലേക്ക് ഫണ്ട് ക്രെഡിറ്റ് ചെയ്യുന്നതില്‍ പരാജയപ്പെടുകയോ ന്യായമായ സമയത്തിനുള്ളില്‍ തുക തിരികെ നല്‍കാതിരിക്കുകയോ ചെയ്താല്‍ ഇത്തരത്തില്‍ പരാതികള്‍ ഫയല്‍ ചെയ്യാം.
അതുപോലെ പണം തെറ്റായി ട്രാന്‍സ്ഫര്‍ ചെയ്താലും ഓംബുഡ്സ്മാന് പരാതി നല്‍കാമെന്നും ആര്‍ബിഐ വ്യക്തമാക്കുന്നു.

