സ്വര്‍ഗ്ഗവും നരകവും ഉണ്ടെന്നു വാദിച്ചതിനു പാസ്റ്ററെ കസിന് വെടിവെച്ചു
ഫ്ളോറിഡ: സ്വര്‍ഗ്ഗവും നരകവും യാഥാര്‍ത്ഥ്യമെന്ന് വാദിച്ച പാസ്റ്ററെ തന്റെ കസിന് വെടിവെച്ചു പരിക്കേല്‍പ്പിച്ചു.
ഫ്ളോറിഡയിലെ ജാക്സ് വില്ലയിലെ മെല്സണ് അവന്യുവില്‍ കഴിഞ്ഞ ശനിയാഴ്ച രാത്രി 8 മണിക്കായിരുന്നു സംഭവം. പാസ്റ്റര്‍ ജിമ്മി മക്ഗൌലി (46)യ്ക്കാണ് കസിന് കിഷോണ്‍ നിസ്മിത്ത് (26)ന്റെ വെടിയേറ്റത്.
കഴുത്തില്‍ പരിക്കേറ്റ പാസ്റ്റര്‍ ജിമ്മിയെ ശസ്ത്രക്രീയയ്ക്ക് വിധേയനാക്കി. സംഭവത്തില്‍ പോലീസ് നിസ്മിത്തിനെ അറസ്റ്റു ചെയ്തു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: ഇരുവരുടെയും ഒരു ബന്ധുവിന്റെ ശവസംസ്ക്കാര ശുശ്രൂഷയില്‍ സ്വര്‍ഗ്ഗത്തെക്കുറിച്ചും നരകത്തെക്കുറിച്ചും പ്രസംഗിച്ചിരുന്നു. സംസ്ക്കാര ശുശ്രൂഷയ്ക്കു ശേഷം ഉച്ചയ്ക്ക് 2.30-ന് എല്ലാവരും ഒരു ഭവനത്തില്‍ ഒത്തുകൂടി.
ദൈവത്തില്‍ വിശ്വാസമില്ലാത്ത നിസ്മിത്ത് സംസ്ക്കാര ശുശ്രൂഷയില്‍ സ്വര്‍ഗ്ഗത്തെക്കുറിച്ചു നരകത്തെക്കുറിച്ചും എതിരു പറഞ്ഞു. പാസ്റ്റര്‍ ജിമ്മി ഇതിനെ എതിര്‍ക്കുകയും നിസ്മിത്തിനെ ദൈവവചനത്തിലൂടെ പറഞ്ഞു മനസ്സിലാക്കാനും ശ്രമിച്ചു.
ഇരുവരും തര്‍ക്കത്തിലായി. ചൂടേറിയ വാഗ്വാദത്തിനിടയില്‍ രോക്ഷാകുലനായി പുറത്തുപോയ നിസ്മിത്ത് ഒരു തോക്കുമായി വന്നു പാസ്റ്റര്‍ ജിമ്മിയ്ക്കു നേരെ നിറയൊഴിക്കുകയായിരുന്നു. ഈ സമയം മറ്റു ബന്ധുക്കള്‍ തടയാന്‍ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല.
കഴുത്തില്‍ സാരമായി പരിക്കേറ്റ പാസ്റ്റര്‍ ജിമ്മി താഴെ വീണു. ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തിര ശസ്ത്രക്രീയ നടത്തിയതിനാല്‍ ജീവന് നഷ്ടമായില്ല.
സംഭവത്തെത്തുടര്‍ന്ന് ബന്ധുക്കള്‍ നിസ്മിത്തിനെ തടഞ്ഞുവെയ്ക്കുകയും പോലീസിനെ വരുത്തി ഏല്‍പ്പിക്കുകയുമായിരുന്നു. പ്രതിയ്ക്കെതിരെ വധശ്രമത്തിനു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

